മുംബൈ
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. രാജ്യത്തിന്റെ പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം. പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ... മുംബൈ നഗരത്തിലെ ഐ ടി കമ്പനിയിലെ ജോലിക്കുള്ള അറിയിപ്പ് ലഭിച്ചപ്പോൾ വാസ്തവത്തിൽ തുള്ളിച്ചാടുകയായിരുന്നു. കൂടെ നീതയും ഉണ്ടെന്ന് അറിഞ്ഞതോടെ ആഹ്‌ളാദം നൂറിരട്ടി ആയി. ഓർമ്മ വച്ച നാൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ്... സ്കൂൾ കോളേജ്... ഇപ്പോൾ ഒരുമിച്ചു ജോലിയും... ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന വരുണിന്റെ വിവാഹാലോചന വന്നതോടെ വീട്ടുകാർ കാലുമാറി. എനിക്കിപ്പോൾ കല്യാണം വേണ്ട അമ്മേ രണ്ടു വർഷം കഴിയട്ടെ എന്ന എന്റെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. നിന്റെ താഴെ രണ്ടു പേരുണ്ടെന്ന കാര്യം നീ മറക്കരുത്... മുമ്പിൽ വന്ന മഹാലക്ഷ്മി യെ കാൽ കൊണ്ടു തട്ടി തെറിപ്പിക്കരുത് തുടങ്ങിയ സെന്റിമെന്റൽ ബ്ലാക്ക് മെയിലിംഗ് വേറെയും... പെണ്ണുകാണൽ ചടങ്ങ്, എല്ലാവർക്കും ഇഷ്ടമാകൽ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു.. അടുത്ത വർഷം ലീവിന് വരുമ്പോൾ കല്യാണം എന്ന തീരുമാനം എനിക്ക് ആശ്വാസം നൽകി... കല്യാണം ഉറപ്പിച്ചതോടെ വരുണിന്റെ ഫോൺ...