മായക്കാഴ്ചകൾ
നഗരത്തിലെ പ്രധാന ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ മനുവിന് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് പഠിച്ചതിന്റെയും അധ്വാനത്തിന്റെ ഫലമായി നല്ല ശമ്പളത്തോടെ ഉള്ള ജോലി കിട്ടിയതിന്റെയും അഭിമാനവും അതിലേറെ അഹങ്കാരവും ഉണ്ട്. ആ അഹങ്കാരത്തെ തന്റെ ഒരു അലങ്കാരമായി അവൻ പ്രതിഫലിപ്പിക്കാറുമുണ്ട്.
വളരെ കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കണമെന്ന് അവനു കൃത്യമായ ധാരണയുണ്ട്. പഠിച്ചിറങ്ങിയ ഉടനെ നല്ല ജോലിയിൽ പ്രവേശിച്ച മനു തന്റെ കടമകൾ ഉത്തരവാദിത്വത്തോടെ മുന്നോട്ടു കൊണ്ട് പോകുന്നു. പുതിയ വീട് അനിയത്തിയുടെ കല്യാണം തുടങ്ങിയ കലാപരിപാടികളൊക്കെ ബാങ്ക് ലോണിന്റെ അകമ്പടിയോടെ ഭംഗി ആയി നടത്തി. എല്ലാത്തിനും വ്യക്തമായ പ്ലാനിങ്. ഫ്രണ്ട്‌സ് ന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നല്ല അടിപൊളി ഇമേജ്
തന്റെ അഭിപ്രായങ്ങൾ അച്ഛനെയും അമ്മയെയും അനിയത്തിയേയും കൂട്ടുകാരെയും ഒക്കെ പറഞ്ഞു മനസ്സിലാക്കി അവർക്ക് ഇഷ്ടപെടാത്ത കാര്യങ്ങൾ ആണേലും അവരെ കൊണ്ട് അംഗീകരിപ്പിക്കുക... അല്ല എങ്കിൽ തർക്കിച്ചു ദേഷ്യപ്പെട്ടു സമ്മതിപ്പിക്കുക ഇതെല്ലാം അവന്റെ സ്ഥിരം പരിപാടി ആണ്
മനുവിന്റെ കല്യാണ ആലോചന എത്തിയതോടെ കാര്യങ്ങൾ ഏതാണ്ട് വ്യക്തമായി. സ്ത്രീധനം ഒന്നും വേണ്ട എന്ന് പറയുന്ന മനുവിനു ഇഷ്ടപെടണ ആലോചനകൾ പുളിങ്കൊമ്പിലെ ആണ്
അങ്ങനെ കല്യാണവും തീരുമാനിച്ചു. ഇതിനിടയിലാണ് തന്റെ കയ്യിൽ ഒരുചെറിയ തടിപ്പ് അവന്റെ ശ്രദ്ധയിൽ പെട്ടത്. അതുമായി അവൻ തന്റെ പ്രിയസ്നേഹിതനും പ്രസിദ്ധനായ ഡോക്ടറുമായ രാജന്റെ അടുത്തേക്ക് ഓടി. താൻ കാര്യം പറഞ്ഞു കൈ കാണിച്ചതെ രാജന്റെമുഖം മാറിയത് മനു കണ്ടു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ടെസ്റ്റുകൾ ബയോപ്സി എല്ലാം പെട്ടെന്ന് വന്നു. തനിക്ക് കാൻസർ ആണെന്നും ഇനി അധിക നാളുകൾ തനിക്കില്ല എന്നും രാജനിൽ നിന്നും അവൻ അറിഞ്ഞു. എന്ത് ചെയ്യണമെന്ന് അവനു ഒരു നിശ്ചയവും ഇല്ല . പെട്ടെന്ന് അവന്റെ മനസ്സിലൂടെ പല കാര്യങ്ങളും മിന്നി മറഞ്ഞു. വീടിന്റെ ലോൺ കാറിന്റെ ലോൺ അനിയത്തിയുടെ വിവാഹത്തിനെടുത്ത പേർസണൽ ലോൺ ഇതെല്ലാം ഇനി എന്ത് ചെയ്യുമെന്ന് ഓർത്തു മനുവിന്റെ തല കറങ്ങി. തന്നെ കൊണ്ട് എന്തും ചെയ്യാൻ പറ്റുമെന്ന അഹങ്കാരം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് അവൻ അറിഞ്ഞു. രാജന്റെ മുന്നിൽ മുഖം പൊത്തി കരയുമ്പോൾ അവൻ അറിയാതെ കൊച്ചു കുട്ടി ആയി.
മനു എന്ന സ്നേഹത്തോടെ ഉള്ള വിളി കേട്ടു മനു കണ്ണ് തുറന്നു തല ഉയർത്തി നോക്കി. അമ്മ. എന്താ മോനെ ഉച്ചക്ക് ഇങ്ങനെ കിടന്നുറങ്ങുന്നത്. എണീക്കു... തനിക്കിപ്പോ അഹങ്കാരത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ ഒരു കണിക പോലുമില്ലെന്ന് മനു അറിഞ്ഞു....
ചില സ്വപ്‌നങ്ങൾ
അങ്ങനാണ്... ഒരു വകതിരിവും ഉണ്ടാകില്ല... ചിലതാകട്ടെ നല്ല തിരിച്ചറിവുകൾ നൽകുകയും ചെയ്യും...
സിന്ധു ബിജു
Story No. 04
Comments
Post a Comment