സ്വർഗം

എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നു പോയത്... അമ്മുക്കുട്ടിയുടെ വിവാഹം ആണ് നടക്കാൻ പോകുന്നത്.... അവൾ പോയി കഴിഞ്ഞാൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും??

അനിതയുടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉണ്ടാകാൻ പോകുന്ന ഭൂകമ്പം നല്ല നിശ്ചയം ഉണ്ടായിരുന്നു എനിക്ക്.... തറവാടിന്റെ പേരും പ്രശസ്തിയും പറഞ്ഞു അനിതക്കു കിട്ടിയിട്ടുള്ള മാനസിക പീഢനങ്ങൾ ചില്ലറയല്ല.... പക്ഷെ ഇല്ലാത്ത സ്വർണ്ണ മോഷണക്കുറ്റം ചുമത്തി അനിതയെ തല്ലി ചതക്കുന്നത് കണ്ടതോടെ തറവാട്ടിൽ നിന്നും പടിയിറങ്ങി...

എറണാകുളത്ത് നിന്നും  വയനാട്ടിലേക്ക് ട്രാസ്‌ഫെർ വാങ്ങി ഞങ്ങളുടെ ലോകം കെട്ടിപ്പെടുത്തു... അനിതയും ജോലിക്ക് കയറി...ആരോരുമില്ലാത്ത അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്തി.... നാട്ടിലുള്ള വളരെ അടുത്ത സുഹൃത്തുക്കൾ വഴി രണ്ടു വീടുകളിലെയും വിശേഷങ്ങൾ ഒരു പരിധി വരെ അറിഞ്ഞിരുന്നു....

കല്യാണം കഴിഞ്ഞു രണ്ടു വർഷം ആയിട്ടും കുഞ്ഞുങ്ങൾ ആകാതിരുന്നപ്പോഴാണ് ഞങ്ങൾ ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്... ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ  കയ്യൊഴിഞ്ഞു...... പല ആശുപത്രികൾ... ആയുർവ്വേദം... അലോപ്പൊതി... ഹോമിയോ.... കാണാത്ത ഡോക്ടർമാർ ഇല്ലാ.... കയറാത്ത അമ്പലങ്ങളും പള്ളികളുമില്ല...

പത്തു വർഷത്തെ നീണ്ട ചികിത്സകളും വഴിപാടുകൾക്കും ഫലം കാണാതായപ്പോൾ ദത്തെടുക്കൽ എന്ന അഭിപ്രായം അനിതയാണ് മുന്നോട്ടു വച്ചത്...

ഞങ്ങൾ രണ്ടു പേരും ഒരുപാട് നേരം അതിനെക്കുറിച്ച് സംസാരിച്ചു... പിറ്റേ ദിവസം തന്നെ ഞങ്ങൾ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു... അതിനുശേഷം 30 ദിവസത്തിനുള്ളില്‍ രേഖകള്‍ അപ്ലോഡ് ചെയ്തു.... വിവരങ്ങള്‍ പരിശോധിച്ച ശേഷം ഞങ്ങളെ  പ്രീ അഡോപ്ഷന്‍ കൗണ്‍സലിങ്ങിന് രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങള്‍ ക്ഷണിച്ചു . പിന്നീട് ഉദ്യോഗസ്ഥര്‍ ഭവനസന്ദര്‍ശനം നടത്തി...

ഞങ്ങളുടെ രണ്ടു പേരും യോജിച്ചെടുത്ത തീരുമാനം ആയിരുന്നു പത്തു വയസ്സുള്ള പെൺകുട്ടി എന്നത്..... പ്രായം കൂടുതൽ ഉള്ള കുട്ടികൾക്ക് ആവശ്യക്കാർ കുറവായതിനാൽ ഞങ്ങളുടെ കാര്യങ്ങൾ വേഗത്തിൽ നടന്നു..... ഒരുപാടു നൂലാമാലകൾക്കൊടുവിൽ അവൾ ഞങ്ങളുടെ ജീവിതലേക്കു കടന്നു വന്നു.... ഞങ്ങളുടെ അമ്മുക്കുട്ടി...

വളരെ പെട്ടെന്നു അവൾ ഞങ്ങളുടെ പൊന്നോമന മകളായി... ആരുമില്ലാത്ത അവസ്ഥയിൽ നിന്നും അച്ഛനെയും അമ്മയെയും കിട്ടിയ സന്തോഷം ആയിരുന്നു അമ്മുവിന്.... പിന്നീടങ്ങോടു ഞങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ അവളുടെ കൈകളിൽ ആയി... പഠിക്കാൻ മിടു മിടുക്കി... അവൾ മൂലം ഞങ്ങൾ ഒരിക്കലും സങ്കടപ്പെടാൻ  ഇട വന്നിട്ടില്ല...

വർഷങ്ങൾ വളരെ വേഗം കടന്നു പോയി.... അമ്മു ജോലിയിൽ പ്രവേശിച്ചു.... കല്യാണക്കാര്യം പറഞ്ഞപ്പോൾ അമ്മു ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു... അവളുടെ പോലെ ഉള്ള ഒരാളെ ആലോചിക്കൂ അച്ഛാ എന്ന്....

എല്ലാം ഒത്തിണങ്ങി ഒരു ആലോചന വന്നു... പെണ്ണുകാണൽ, നിശ്ചയം എല്ലാം പെട്ടെന്നു കഴിഞ്ഞു .... നാളെ അവൾ പോകുകയാണ്... മറ്റൊരു വീട്ടിലേക്ക്....അവിടുത്തെ മകളായി....

അച്ഛാ.... അമ്മുവിന്റെ വിളി.... മതി ആലോചിച്ചു കൂട്ടിയത്.... എന്റെ കൂട്ടുകാർ വന്നിട്ടുണ്ട്... അച്ഛൻ വന്നേ..... വരാൻ പോകുന്നത് വരുന്നിടത്തു വച്ചു കാണാം എന്നുറപ്പിച്ചു മോളുടെ കല്യാണത്തിരക്കിലേക്ക് നീങ്ങി...

കല്യാണം പ്രതീക്ഷിച്ചതിലും ഭംഗി ആയി നടന്നു... കിരണിന്റെ കയ്യും പിടിച്ചു കളിച്ചു ചിരിച്ചു അമ്മു പോകുമ്പോൾ ഞാനും അനിതയും കൈകൾ ഇറുക്കി പിടിച്ചു കരച്ചിൽ അടക്കാൻ പാടുപെട്ടു...

വർഷങ്ങൾക്കു ശേഷം വീട് ഉറങ്ങിപ്പോയ പോലെ... ആകെ മൂകത.... കല്യാണ തിരക്കുകൾ എല്ലാം അവസാനിച്ചു.... ഞാനും അനിതയും മാത്രം......

കാർ മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ രാവിലെ എണീറ്റത്... വാതിൽ തുറന്നു നോക്കുമ്പോൾ അമ്മു, കിരൺ, കിരണിന്റെ മാതാപിതാക്കൾ.... സംസാരിച്ചത് കിരൺ ആണ്.... ആരുമില്ലാതെ ഏതോ അനാഥാലയങ്ങളിൽ ജീവിച്ചിരുന്ന ഞങ്ങളെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് നിങ്ങൾ നാലു പേരുമാണ്..... നമ്മൾ എല്ലാവരും ഒരുമിച്ച് ഒരു വീട്ടിൽ നിൽക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം.... ഞാനും അമ്മുവും അതിനായി ഒരു വീട് കണ്ടെത്തിയിട്ടുണ്ട്.... നമുക്കവിടെ നമ്മളുടെ ലോകം  നെയ്തെടുക്കാം.......

മക്കളുടെ വില മനസ്സിലാക്കാതെ അവരെ വലിച്ചെറിയുന്ന നാട്ടിൽ.... അച്ഛനമ്മമാരെ വഴിവക്കിൽ ഉപേക്ഷിക്കുന്ന നാട്ടിൽ....ഞങ്ങൾ നാലു പേരും മക്കൾ തീർത്ത  സ്വർഗത്തിലേക്ക് യാത്ര തിരിച്ചു.....

സിന്ധു ബിജു

Story No.: 29



Comments

  1. സ്വർഗം നമ്മളിലൂടെ മാത്രമേ ലഭ്യമാകൂ എന്ന സത്യം എല്ലാവരിലേക്കും എത്തട്ടെ.
    ഉപരിപ്ലവമായ വിമർശനം എല്ലാവര്ക്കും സാധിക്കുമെങ്കിലും, പ്രവർത്തികളിലൂടെ ചരിത്രം തിരുത്തുവാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയൂ. നല്ല വരികൾ. അഭിനന്ദനങ്ങൾ സിന്ധൂ.

    ReplyDelete

Post a Comment

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക