തൃക്കാർത്തിക

ചോറ്റാനിക്കര അമ്പലത്തിൽ വൈകിട്ട് ആറു മണിക്ക് തന്നെ എത്തണം.. ചുറ്റു വിളക്ക്‌ കൊളുത്തണം... ദീപ്തിയുടെ മനം തുടിക്കുകയാണ്... എത്ര കാലമായി ദേവിയുടെ നടയിൽ എത്തിയിട്ട്...

അമ്പലത്തിന്റെ തൊട്ടടുത്തു താമസിക്കുന്ന ഞങ്ങൾക്ക് അമ്പലവും ചോറ്റാനിക്കര അമ്മയും കഴിഞ്ഞേ എന്തും ഉള്ളു... രാവിലെ എണീറ്റു കുളിച്ചു അച്ഛമ്മയുടെ കൂടെ അമ്മയെ തൊഴുതു വരുന്നതോടെ ആണ് ഞങ്ങളുടെ ദിവസം തുടങ്ങുന്നത്. വിശേഷ ദിവസങ്ങളിൽ വൈകിട്ട് ചുറ്റു വിളക്ക് കത്തിക്കുവാൻ ഞാനും അമ്മയും ചേച്ചിയും അച്ഛമ്മയും പോകും.

കുഞ്ഞിലേ അച്ഛൻ നഷ്ടപെട്ട എനിക്ക് ആ കുറവുകൾ ഒന്നും അറിയാതെ ആണ് ബാല്യം കടന്നു പോയത് . പരീക്ഷ ആയിക്കോട്ടെ കലാമത്സരങ്ങൾ ആയിക്കോട്ടെ... വിജയം എപ്പോഴും ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്ന ചിന്ത കുഞ്ഞുന്നാള് മുതലേ മനസ്സിൽ കുടിയേറിപ്പോയിരുന്നു. അതുകൊണ്ടുതന്നെ ആവാം വിജയിച്ചാൽ ഓടിച്ചെന്നു നന്ദി പറയുവാനും ഇല്ലെങ്കിൽ സങ്കടപ്പെട്ടു പരിഭവം പറയാനും അമ്പലനടയിലേക്കു ഞാൻ ഓടിയിരുന്നത്.

വളരുന്തോറും അമ്മയോടുള്ള ഭക്തിയും ഏറി വന്നു. സ്ഥിരം അമ്പലത്തിൽ പോയി കുറി തൊട്ടു കോളേജിൽ ചെന്നിരുന്ന എനിക്ക് അമ്പലവാസി എന്ന പേര് വന്നതിൽ അത്ഭുതം ഉണ്ടാകില്ലാലോ??

പഠനം ഒക്കെ കഴിഞ്ഞു ജോലിക്ക് കയറിയതോടെ കല്യാണ ആലോചനയുടെ ബഹളം ആയി. കുടുംബ മഹിമ സാമ്പത്തികം ജോലി എല്ലാം നോക്കി അരുണിന്റെ ആലോചന നിശ്ചയിക്കപ്പെട്ടു. മുംബൈ നഗരത്തിലെ ഫ്ലാറ്റിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടു. ദൈവത്തിൽ തീരെ വിശ്വാസം ഇല്ലാത്ത തനി ഇടതു പക്ഷ വിശ്വാസി ആണ് അരുൺ എന്നത് ഞെട്ടലോടെ അംഗീകരിക്കേണ്ടി വന്നു. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ അന്തരീക്ഷത്തിൽ ദൈവത്തിന് മാത്രം സ്ഥാനം ഇല്ല. നിനക്ക് വിശ്വസിക്കണേൽ ആയിക്കോളു.. എന്നെ ഒന്നിനും നിർബന്ധിക്കരുത് എന്ന അരുണിന്റെ വാക്കുകൾ...

വർഷത്തിലൊരിക്കലോ വളരെ അത്യാവശ്യം വരുമ്പോൾ മാത്രമോ നാട്ടിൽ എത്തിയിരുന്ന എനിക്ക് അമ്പലവും ദേവിയും എല്ലാം അന്യം ആയിത്തീർന്നു. മനസ്സിൽ നിന്നു അമ്മയോടുള്ള ഭക്തിയും വിശ്വാസവും പറിച്ചു കളയാൻ മാത്രം ആർക്കും ആകില്ലാലോ..

അമ്മു ഞങ്ങളുടെ മകൾ അമ്പലം കണ്ടിട്ടേ ഇല്ല.. ജീവിതം വളരെ ശാന്തമായി പോകുന്നതിനിടയിൽ ആണ് ജോലി കഴിഞ്ഞു വരണ വഴി അരുണിന് ഒരു ആക്‌സിഡന്റ് സംഭവിക്കുന്നത്. ഒന്ന് എണീറ്റു നടക്കണമെങ്കിലോ സാധാരണ നിലയിലേക്ക് എത്തണമെങ്കിലോ കുറഞ്ഞത് ഒരു വർഷം എങ്കിലും എടുക്കും എന്ന ഡോക്ടറുടെ വാക്കുകൾ അരുണിനെ തളർത്തി കളഞ്ഞു. അത്യാവശ്യ ചികിത്സകൾ കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും ഫ്ലാറ്റിലേക്ക് കൊണ്ട് വന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ അരുൺ തീർത്തും വിഷാദ രോഗി ആയിപ്പോകുമോ എന്ന് ഞാൻ ഭയന്നു.

നമുക്ക് ചോറ്റാനിക്കരയിലുള്ള എന്റെ വീട്ടിലേക്കു പോയാലോ?? പോകാമെന്ന അരുണിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ചേച്ചിയുടെ ഭർത്താവും മകനും വന്നു ഞങ്ങളെ നാട്ടിലേക്കു കൊണ്ട് പോയി.

കല്യാണം കഴിഞ്ഞു ഒരു രാത്രി പോലും നിൽക്കാത്ത വീട്ടിലെ എല്ലാ കാര്യങ്ങളും അരുണിനും അമ്മുവിനും പുതുമ ആയിരുന്നു. അരുണിന്റെ മനസ്സൊന്നു ശരി ആകും വരെ ചേച്ചിയും കുടുംബവും വീട്ടിലേക്കു താമസം മാറ്റാമെന്ന് തീരുമാനിച്ചു.

അതിരാവിലെ മുതൽ അമ്പലത്തിൽ നിന്നു കേൾക്കുന്ന നാമജപങ്ങൾ ഒക്കെ അരുണിന് അസ്വസ്ഥത ഉണ്ടാക്കുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി. അമ്മ രാവിലെ അമ്പലത്തിൽപോയി വരുമ്പോൾ തൊടീക്കുന്ന മഞ്ഞൾപ്രസാദം, വഴിപാട് പായസം... എല്ലാം ഒരു മടിയും കൂടാതെ സ്വീകരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഇന്ന് തൃക്കാർത്തിക ആണ് മോനെ.. മോന്റെ പേരിൽ അമ്മ വഴിപാടൊക്കെ ചെയ്തിട്ടുണ്ട്... എല്ലാം വേഗം നേരെ ആകുംട്ടോ.. അമ്മയുടെ വാക്കുകൾ ഒരു കുഞ്ഞു കുട്ടി കേൾക്കുന്ന പോലെ കേട്ടിരിക്കുന്ന അരുണിനെ കണ്ണും മിഴിച്ചു നോക്കി ഇരിക്കാനേ കഴിയുന്നുള്ളു എനിക്ക്. ഉച്ച ഊണ് കഴിഞ്ഞപ്പോൾ വൈകിട്ട് ചുറ്റമ്പലത്തിൽ വിളക്ക് കൊളുത്താൻ പോകുന്ന കാര്യവും അമ്പലം ദീപങ്ങളാൽ മുഖരിതമാകുന്ന വിശേഷങ്ങളും കേട്ടപ്പോൾ അരുണിന്റെ മുഖം തിളങ്ങി...

എനിക്ക് പോകാൻ പറ്റില്ലല്ലോ.... അരുണിന്റെ വാക്കുകൾ ദേവിയുടെ കദിന വെടിയേക്കാൾ ശബ്ദത്തിൽ ഞങ്ങളെ ഞെട്ടിച്ചു.

വീൽ ചെയറിൽ അരുണുമായി ഞങ്ങൾ ദേവിയുടെ നടയിൽ എത്തി. നാമജപത്താൽ മുഖരിതമായ അന്തരീക്ഷം.. വർഷങ്ങൾക്ക് ശേഷം ദേവിയെ കാണാൻ പോകുന്ന എന്റെ കയ്യും മെയ്യും വിറക്കുകയാണ്... കണ്ണുകൾ അനാവശ്യമായി നിറഞ്ഞൊഴുകുന്നു.. ചുറ്റമ്പലം പുരുഷാരത്താൽ നിറഞ്ഞിരിക്കുന്നു. ദീപാരാധന സമയം ആയതോടെ അമ്പലം ദീപക്കാഴ്ചകളാൽ വർണ്ണാഭമായി...

അമ്മയുടെയും ചേച്ചിയുടെയും കൂടെ വിളക്ക് കൊളുത്താൻ അമ്മുവും പോയി... എനിക്കിങ്ങനെ ഒക്കെ സംഭവിച്ചത് ദേവിയുടെ മുന്നിൽ എന്നെ എത്തിക്കാൻ ആയിരിക്കും അല്ലെ ദീപ്തി ??? അരുണിന്റെ ചോദ്യത്തിനു എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ എന്റെ ഉള്ളിലെ ഇരുട്ടകന്നു... അമ്മയുടെ ഭക്തരെ എങ്ങനെ ആ മായാവലയത്തിലേക്കു കൊണ്ട് വരണം എന്ന് അമ്മക്കറിയാമല്ലോ..... മനം സന്തോഷവും ഭക്തിയാലും നിറഞ്ഞു തുളുമ്പുകയാണ്... അരുണിന്റെ ശബ്ദം ഒരു അശരീരി പോലെ വ്യക്തമായി എനിക്ക് കേൾക്കാം.... അമ്മേ നാരായണ.... ദേവി നാരായണ.... ലക്ഷ്മി നാരായണ.... ഭദ്രേ നാരായണ....

സിന്ധു ബിജു
Story No. 10

Comments

Post a Comment

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ