പ്രവാസി
ദുബായ്... ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണേണ്ട മായാനഗരം... എവിടെ തിരിഞ്ഞാലും നമ്മുടെ സ്വന്തം മലയാളം കേൾക്കാൻ പറ്റുന്ന നാട്.
നാൽപ്പത് നിലകളുള്ള ഫ്ലാറ്റിന്റെ ഇരുപത്തിഒന്നാം നിലയിലെ തന്റെ
ഫ്ലാറ്റിന്റെ ബാൽക്കണി യിൽ നിന്നു പുറകോട്ടൊന്നു ഓർമ്മകളെ കൊണ്ട്
പോകുമ്പോൾ.....
എന്തിനാണ് താൻ ഈ
നഗരത്തിലേക്ക് എത്തിയത്?? ഡിഗ്രി പഠനം കഴിഞ്ഞു CA പഠനം തുടങ്ങിയതെ
അച്ഛന്റെ സുഹൃത്ത് വഴി ഒരു ജോലി... നല്ല ശമ്പളം... നല്ല കമ്പനി. അച്ഛനും
അമ്മയും കേൾക്കാൻ കാത്തിരുന്നു. തന്നെ നിർബന്ധിച്ചു ദുബായ് ലേക്ക് വിടാൻ.
CA പഠനം പൂർത്തിയാക്കി നല്ലൊരു ചാർട്ടേർഡ് അക്കൗണ്ടന്റ് കമ്പനി തുടങ്ങാൻ
സ്വപ്നം കണ്ടു നടന്ന തന്റെ ആഗ്രഹങ്ങൾക്ക് വിട പറഞ്ഞു ജോലിയിൽ പ്രവേശിച്ചു
നിനക്ക് അവിടെ ജോലി ചെയ്തും പഠിക്കാം. കുറച്ചു നാൾ ജോലി ചെയ്തു നിറയെ
കാശു ണ്ടാക്കി നാട്ടിൽ നീ ആഗ്രഹിച്ച പോലെ കമ്പനി തുടങ്ങാം. ഇതൊക്കെ
പറഞ്ഞാണ് അച്ഛൻ തന്നെ പറഞ്ഞു വിട്ടത്. ഒരുപാടു പറഞ്ഞിട്ടും സമ്മതിക്കാതെ
അച്ഛനമ്മമാരുടെ പതിവ് സെന്റിമെന്റൽ ബ്ലാക്‌മെയ്‌ലിംഗ് കൂടി ആയപ്പോൾ തനിക്ക്
പോകാതെ വേറെ മാർഗമില്ലാതെ ആയിപ്പോയി.
പിന്നെ അങ്ങോടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വീട് പണി, അനിയന് ബിസിനസ്, ചിറ്റേടെ മകളുടെ കല്യാണം, വലിയച്ഛന്റെ ആശുപത്രി ചെലവ്..... ലിസ്റ്റുകൾ ഓരോ മാസവും വ്യത്യാസം ആണെന്ന് മാത്രം.
അതിനിടയിൽ അച്ഛനും അമ്മയും കണ്ടു തീരുമാനിച്ച പെൺകുട്ടിയെ വിവാഹവും കഴിച്ചു കൊണ്ട് വന്നു. പിള്ളേരുമായി. ഇനിയിപ്പോ പിള്ളേരുടെ കാര്യങ്ങൾ നല്ല പോലെ ആക്കാതെ എങ്ങനെ വരും??
കാശുണ്ടാക്കി മതിയായില്ലേ ഇനിയെങ്കിലും നാട്ടിൽ വന്നു സ്ഥിരതാമസം ആക്കിക്കൂടെ. ചോദ്യങ്ങൾ പലതരത്തിൽ വരുന്നുണ്ട്. നിർബന്ധിച്ചു ഗൾഫിലേക്ക് പറഞ്ഞു വിട്ട അച്ഛനും അമ്മയും തന്നെ എന്നും ഇത് ചോദിച്ചത് കേൾക്കുമ്പോഴാണ് ഏറ്റവും നീറ്റൽ
ഇപ്പോഴും മാസം തോറും വരുന്ന വീട്ടിലെ ആവശ്യങ്ങൾ, വീട്ടുകാരും നാട്ടുകാരും ചാരിറ്റി എന്ന് പറഞ്ഞയക്കുന്ന ആവശ്യങ്ങൾ. അയച്ചത് കുറഞ്ഞു പോയാൽ കേൾക്കുന്ന പരിഹാസങ്ങൾ. വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരുമ്പോൾ ഒരു മാസത്തെ ശമ്പളം വേണം വീട്ടിലുള്ളവരുടേം കൂട്ടുകാരുടേം ലിസ്റ്റിൽ ഉള്ള സാധനങ്ങൾ വാങ്ങാൻ. എന്നാലും മുഖങ്ങൾ പൂർണതയോടെ സന്തോഷത്തിൽ കണ്ടിട്ടില്ല എന്നത് പരമമായ സത്യം
ഇതെല്ലാം ഒറ്റപെട്ട സംഭവങ്ങൾ അല്ല. നാടും വീടും ഉപേക്ഷിച്ചു യന്ത്രം പോലെ അന്യനാട്ടിൽ കിടന്നു ജോലി ചെയ്യുന്ന തന്നെ പോലുള്ള ഓരോ പ്രവാസിയുടെയും അനുഭവമാണ്.
കൊറോണ വന്നതോടെ ഇന്ന് ജോലി പോയ അറിയിപ്പ് കിട്ടി ഈ ബാൽക്കണി യിൽ നിൽക്കുമ്പോൾ ഉള്ളിൽ അങ്കലാപ്പാണ്. നാട്ടിൽ ചെന്ന് എന്ത് ചെയ്യാൻ ആണ്. ജീവിതം മുന്നോട്ടു കൊണ്ട് പോയല്ലേ പറ്റു... വരുന്നിടത്തു വച്ചു കാണാം..
സിന്ധു ബിജു
Story No. 05
ഇത് എന്റെ ഭൂതകാലവുമായി വളരെ സാമ്യം ഉള്ള കഥ.
ReplyDeleteഅഭിനന്ദനങ്ങൾ സിന്ധു!