വീണാനാദം
ബാങ്കിലെ തിരക്കേറിയ ജോലി കഴിഞ്ഞു ഫ്‌ളാറ്റിലെത്തിയാൽ ബാൽക്കണിയിൽ നിന്ന് കായലിലേക്ക് നോക്കി നിൽക്കാൻ തിടുക്കം ആണ്.. ഒരു കപ്പ് ചായയുമായി അവിടെ നിന്നു കാഴ്ചകൾ കാണുക എന്നത് മനസ്സിന് ഒരു കുളിർമ്മ നൽകും... അല്ലെങ്കിലും ഈ കുളിർമ മാത്രം ആണല്ലോ തന്റെ സന്തോഷം... ഇന്ന് ബാങ്കിൽ നിന്നും വിരമിച്ച് പതിവുപോലെ ഇവിടെ നിൽക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗത കുറച്ചു കൂടുതൽ ആണെന്ന് ഞാനറിയുന്നു.
തൊട്ടടുത്തു താമസിക്കുന്ന റൂമിൽ ഉള്ളവർ പോലും ആരാണെന്നു അറിയാതെ ഒരു അജ്ഞാതവാസം.... അല്ലെങ്കിലും നഗരത്തിലെ തിരക്കിനിടയിൽ അയൽപക്കത്തുള്ളവർ ആരാണെന്നു അറിയുവാൻ ആർക്കാണ് താല്പര്യം. ഫ്ലാറ്റിൽ താമസം തുടങ്ങിട്ട് അഞ്ചു വർഷം തികയുന്നു. ആരും അന്വേഷിച്ചു വരാനുമില്ല തനിക്ക് എവിടെയും പോകാനുമില്ല. ഏകാന്തത ആണ് തന്റെ ഏറ്റവും വലിയ ചങ്ങാതി..
വീട്ടിലെ പ്രാരാബ്ദം മൂലം വയസ്സിനു ഇരുപതു വർഷം മൂത്ത അച്ഛൻ അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നതും എന്റെ ഐശ്വര്യപൂർണ്ണമായ ജനനത്തോടെ അമ്മ സ്വർഗം പൂണ്ടതും തനിക്ക് ഒരു വയസ്സ് മാത്രം ഉള്ളപ്പോൾ അച്ഛനെയും മരണം തോൽപ്പിച്ചതും ജനിച്ചതെ അച്ഛനെയും അമ്മയെയും കൊന്നവൾ എന്ന പേര് തനിക്ക് ചാർത്തി തന്നു.
ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കാരുണ്യത്തിൽ അവരുടെ മക്കളുടെ കൂടെ ബാല്യം... വീട്ടുജോലിക്കാരിയുടെ റോൾ ഭംഗിയായി ചെയ്തിരുന്നത് കൊണ്ടാകാം സർക്കാർ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ അവർ തയ്യാറായത്. ഡിഗ്രി പഠനം വരെ തനിക്ക് വേണ്ടി ഒരു പൈസ പോലും അവർക്ക് ചിലവാക്കേണ്ടി വന്നിട്ടില്ല. ഡിഗ്രി അവസാന വർഷപരീക്ഷ കഴിഞ്ഞു ഞാൻ വീടെത്തുമ്പോൾ അവിടെ എന്റെ പെണ്ണ് കാണൽ ചടങ്ങു നടക്കുക ആയിരുന്നു.
ചെറിയച്ഛൻ പറഞ്ഞ ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിടിച്ചു കല്യാണം നടത്തുമ്പോൾ തലയിൽ നിന്നു വലിയ ഒരു ഭാരം ഇറക്കി വയ്ക്കുന്ന ചെറിയച്ഛന്റെ മുഖത്ത ഭാവം... കല്യാണച്ചിലവിന്റെ പത്തിരട്ടി ലാഭം കിട്ടിയ ചെറിയമ്മയുടെ മുഖത്തെ സന്തോഷം .... മൗനം ആയുധമാക്കിയ തനിക്ക് അതൊന്നും പ്രശ്നമേ അല്ലായിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥനായ ആൾ കല്യാണം കഴിച്ചത് തനിക്കടിച്ച ഏറ്റവും വലിയ ലോട്ടറി ആണെന്ന് ആളുകൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു . വിവാഹം കഴിഞ്ഞ് ഒരു മാസമെത്തും മുമ്പേ ഹൃദയാഘാതം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോൾ ഭാഗ്യദോഷി എന്ന തൻ്റെ പേര് ഉറപ്പിക്കപ്പെടുകയായിരുന്നു . ഭർതൃ വീട്ടിൽ തീർത്തും അധികപ്പറ്റായി മാറിയ തനിക്ക് ഒരു കച്ചിത്തുരുമ്പായി അദ്ദേഹത്തിന്റെ ജോലി കിട്ടുന്നു . ആ ഒറ്റ കാരണം കൊണ്ട് തന്നെ അവിടുന്ന് ഇറക്കി വിടുക എന്ന തീരുമാനത്തിൽ നിന്നും അമ്മായി അമ്മയും അനിയനും മാറി ചിന്തിച്ചു .
ബാങ്കിൽ പോകുക ജോലി ചെയ്യുക ശമ്പളം അമ്മായിയമ്മയെ ഏൽപ്പിക്കുക.. ഇതിനിടക്ക് അനിയന്റെ കല്യാണവും.. സ്നേഹത്തോടെ ഒരു നോട്ടമോ കരുതലോ ആരിൽ നിന്നും ഉണ്ടായില്ല... ഞാൻ ഒട്ടു പ്രതീക്ഷിക്കാറുമില്ല. ബാങ്കിൽ പോലും തനിക്ക് സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല... തികച്ചും അന്തർമുഖി ആയ തന്നോട് അടുപ്പം കാണിക്കാൻ ആർക്കും തോന്നണുണ്ടാകില്ല... ഞാൻ അതിന് ശ്രമിക്കാറുമില്ല.
അമ്മായിയമ്മയുടെ അസുഖങ്ങൾ കൂടിയതോടെ അനിയന് സ്വത്തു ഭാഗം വക്കാനുള്ള തിടുക്കം ആയി. തനിക്ക് ഭാഗം തരാതിരിക്കാനുള്ള അനിയന്റെ തന്ത്രം അമ്മായിഅമ്മ തടഞ്ഞത് എന്തിനാണെന്ന് മാത്രം എനിക്ക് അന്നും ഇന്നും മനസ്സിലായിട്ടില്ല . അവരുടെ മരണത്തോടെ ഇനി ആ വീട്ടിൽ നിൽക്കേണ്ട എന്ന തീരുമാനം എടുത്തു. ജീവിതത്തിൽ ആദ്യമായി സ്വന്തമായി എടുത്ത തീരുമാനം. എനിക്ക് കിട്ടിയ സ്വത്ത് വിൽക്കുവാനായി ബ്രോക്കറെ ഏർപ്പാടാക്കി. അങ്ങനെ കിട്ടിയ പൈസ കൊണ്ട് വാങ്ങിയതാണീ ഫ്ലാറ്റ്..
കാളിങ് ബെൽ അടിക്കുന്ന ശബ്ദം ആണ് പഴയ ഓർമ്മകളിൽ നിന്നും എന്നെ ഉണർത്തിയത്. വാതിൽ തുറക്കുമ്പോൾ ചിരിച്ചു കൊണ്ട് ഒരു സുന്ദരി പെൺകുട്ടി. കയ്യിൽ ഒരു പാത്രത്തിൽ പായസം. തൊട്ടു എതിരെ ഉള്ള ഫ്ലാറ്റിൽ താമസത്തിനു വന്നതാണത്രേ. പറയാതെ തന്നെ അവൾ അകത്തേക്ക് കയറി.
പിന്നീടങ്ങോടു ജീവിതത്തിന്റെ വർണ്ണങ്ങൾ മാറുകയായിരുന്നു. ചെറിയ പ്രായത്തിലെ ഒരു റോഡപകടത്തിൽ അച്ഛനും അമ്മയും നഷ്ടപെട്ട് അനാഥ ആയവൾ... തോൽക്കാൻ അവൾ തയ്യാറല്ലായിരുന്നു. എണ്ണിയാൽ തീരാത്ത സ്വത്ത്. ഹോസ്റ്റലിൽ നിന്നു പഠനം. ഇപ്പോൾ ഐടി സ്ഥാപനത്തിൽ ഉദ്യോഗസ്ഥ. എപ്പോഴും സന്തോഷം നിറഞ്ഞ മുഖം. പൊട്ടിച്ചിരിയും കുട്ടിക്കളികളികളും. പരസ്പരം ഭൂതകാലങ്ങളൊക്കെ പറഞ്ഞു വല്ലാത്ത ഒരു ആത്മബന്ധത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. സിനിമ, പാർക്ക്, മാളുകൾ അവൾ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.
ഒരു ഞായർ ദിവസം... രാവിലെ അവൾ വന്നു തയ്യാറാകാൻ പറഞ്ഞു... നമുക്ക് ഒരിടം വരെ പോകാം... എവിടേക്കാണെന്നു ഞാൻ ഒരിക്കലും അവളോട് ചോദിക്കാറില്ല... അല്ലെങ്കിലും അവൾ എനിക്ക് സന്തോഷം മാത്രമല്ലെ തരാറുള്ളു.... കയ്യിൽ നിറയെ എന്തൊക്കെയോ സാധങ്ങൾ ഉണ്ട്. എന്നെയും കൂട്ടി കാറിൽ ഞങ്ങൾ പുറപ്പെട്ടു.
കാർ ചെന്ന് നിന്നത് ഒരു വലിയ റിസോർട്ട് പോലെ തോന്നിക്കുന്ന സ്ഥലത്താണ്. നാലുകെട്ടിന്റെ മാതൃകയിൽ തീർത്ത അതിമനോഹരമായ വീട്. പൂന്തോട്ടത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തികച്ചും ശാന്തമായ അന്തരീക്ഷം. അവൾ എന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. ഒരുപാടു അമ്മമാരുടെ ഇടയിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. അവളെ കണ്ടതും ആ അമ്മമാരുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു. അന്ന് മുഴുവൻ ഞങ്ങൾ അവിടെ ചിലവഴിച്ചു.
അവിടെ നിന്നു ഇറങ്ങുമ്പോൾ അവളോടുള്ള സ്നേഹവും ബഹുമാനവും നൂറിരട്ടി ആയി മാറുന്നത് ഞാനറിഞ്ഞു.... ഈ ചെറുപ്രായത്തിൽ അവൾ കാണിക്കുന്ന ജീവിതത്തോടുള്ള കാഴ്ചപ്പാട് എന്നെ അത്ഭുതപ്പെടുത്തി. ജീവിതം കരഞ്ഞോ സങ്കടപ്പെട്ടോ തീർക്കാനുള്ളതല്ല എന്ന് അവൾ എന്നെ പഠിപ്പിച്ചു.
തികച്ചും ഏകാന്തമായ തന്റെ ജീവിതം ഒരു വീണാനാദം പോലെ മനോഹരമാകുന്നത് ഞാനറിഞ്ഞു.... ഒന്നും ചെയ്യാനില്ല എന്ന ഇടുങ്ങിയ മനസ്ഥിതി മാറ്റി... രാവിലെ അവൾ ജോലിക്ക് പോകുമ്പോൾ എന്നെ ആ അമ്മമാരുടെ അടുത്തിറക്കും... അവിടെ ഒരു നിയോഗം പോലെ ചെയ്യാൻ ഒരുപാടു കാര്യങ്ങൾ... അവരുടെ കണ്ണുകളിലെ സ്നേഹവും കരുതലും മതിയല്ലോ ഇനി ഒരു നൂറു ജന്മത്തിലേക്കുള്ള പുണ്യത്തിന്...
സിന്ധു ബിജു
Story No. 09
Comments
Post a Comment