ജീവിതനൗക

വൈകുന്നേരങ്ങളിൽ അച്ചുവിനെയും കൊണ്ട് റെസിഡൻഷ്യൽ അസോസിയേഷൻ ഒരുക്കിയിട്ടുള്ള മിനി പാർക്കിൽ നടക്കാൻ പോകുന്നത് പതിവ് കലാപരിപാടി ആണ്.

കളിച്ചും തിമിർത്തും അച്ചു അവിടെ ഉള്ള എല്ലാവരോടും വലിയ കൂട്ടാണ്.  അവളുടെ ഏറ്റവും വലിയ കൂട്ട് ഒരു മുത്തച്ഛനും മുത്തശ്ശിയും ആണ്.

ഏറ്റവും കുറഞ്ഞത് എണ്പത് വയസ്സെങ്കിലും ഉണ്ട്... രണ്ടു പേരും വൈകിട്ട് ഞങ്ങളുടെ റോഡിൽ തന്നെയുള്ള അമ്പലത്തിൽ പോകും... തിരിച്ചു വരുന്ന  വഴി പാർക്കിൽ ഇരിക്കും... എപ്പോഴും ചിരിച്ച ഐശ്വര്യം തുളുമ്പുന്ന മുഖം. 

ഞങ്ങൾ പാർക്കിൽ നിന്നു പോന്നാലും അവർ അവിടെ ഇരിക്കുന്നുണ്ടാകും.  അവരുടെ അടുത്ത് നിന്നു പോരുവാൻ അച്ചുവിന് വലിയ മടി ആണ്...

രണ്ടു ദിവസങ്ങളായി അവരെ കാണുന്നില്ല.. നഗരവാസികൾ ആയതിനാലും എല്ലാവരും തിരക്കിട്ടു ഓടി നടക്കുന്നവരായതിനാലും രണ്ടു മൂന്നു  വീടുകൾക്കപ്പുറം ഉള്ള  ആളുകളെ പോലും ആർക്കും അറിയില്ല...

അച്ചു ആണേൽ മുത്തച്ഛനേയും മുത്തശ്ശിയേയും കുറിച്ച് ചോദിച്ചു കൊണ്ടേ ഇരിക്കുന്നു. അഞ്ചു വയസ്സ് മാത്രമുള്ള അവൾ അനിലേട്ടന്റെ അടുത്ത് ഇതേക്കുറിച്ചു വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അവരെ വീണ്ടും കണ്ടു മുട്ടിയത്.  അച്ചുവിന്റെ സന്തോഷവും കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലും എന്റെ കണ്ണ് നനയിച്ചു കളഞ്ഞു.

ഞാൻ പതുക്കെ അവരുടെ അടുത്ത് ചെന്നിരുന്നു. മൂന്നാല് ദിവസമായി കാണാറില്ലലോ എന്ന് ചോദിച്ചു... നല്ലൊരു ചിരി സമ്മാനിച്ചു കൊണ്ട് മുത്തച്ഛൻ പറഞ്ഞു... ഈ ഞായറാഴ്ച എന്റെ സപ്തതി ആണ്. അച്ചുമോളെയും കൂട്ടി നിങ്ങൾ വരണം എന്ന്..

അനിലേട്ടനു നൂറ് സമ്മതം ആയിരുന്നു... ഞാനും മോളും പറഞ്ഞു കേട്ടു അവരെ അനിലേട്ടന് കാണാപ്പാഠം ആയിരുന്നു

മുത്തച്ചന് ഒരു സമ്മാനം ഒക്കെ ആയി ഞങ്ങൾ ഞായറാഴ്ച അവരുടെ വീട്ടിലെത്തി.. ഒരുപാടു ആൾക്കാരെ പ്രതീക്ഷിച്ചു ചെന്ന ഞങ്ങൾക്ക് അവരെ രണ്ടു പേരെ മാത്രമേ കാണുവാൻ സാധിച്ചുള്ളൂ.

തൊട്ടപ്പുറത്തെ വീട്ടിലെ ഹരിച്ചേട്ടൻ കുറച്ചു കഴിഞ്ഞപ്പോൾ വന്നു. വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം സഹായത്തിനു ഹരിച്ചേട്ടനെ വിളിക്കുമത്രേ.  ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു സദ്യ കഴിച്ചു... തമാശയും ചിരിയും കളിയുമായി കുറച്ചു നേരം...

അവരെ കുറിച്ച് കൂടുതൽ അറിയണമെന്നായി ഞങ്ങൾക്ക്.. യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ വീട്ടിൽ ഒന്ന് കയറിയിട്ട് പോകാമെന്ന് പറഞ്ഞ ഹരിച്ചേട്ടന്റെ വാക്കുകൾ ഞങ്ങൾ സ്നേഹത്തോടെ സ്വീകരിച്ചു.

വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹം... ഒരേ സ്ഥാപനത്തിലെ ജീവനക്കാർ...  കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞതോടെ അവരുടെ സ്നേഹത്തിനുമുന്നിൽ വീട്ടുകാർ മുട്ട് മടക്കി..

കല്യാണം കഴിഞ്ഞു രണ്ടു വർഷമായിട്ടും കുട്ടികൾ ആകാത്തതിനെ തുടർന്നു ചികിത്സകൾ വഴിപാടുകൾ... പോകാത്ത ആശുപത്രികൾ ഇല്ല... അമ്പലങ്ങളും പള്ളികളും ഇല്ല... ഞങ്ങൾക്കെങ്ങാനും ഒരു കുഞ്ഞുണ്ടായെങ്കിൽ അവൻ വലുതായാലും ചോറൂണും അമ്പലങ്ങളിലെയും പള്ളികളിലെയും നേർച്ചകളും  കഴിയില്ലായിരുന്നു എന്ന് അവർ എപ്പോഴും തമാശക്ക് പറയുമത്രെ..

ഡോക്ടർമാരും ദൈവങ്ങളും കയ്യൊഴിഞ്ഞതോടെ അവർ കുഞ്ഞെന്ന ആഗ്രഹം അവസാനിപ്പിച്ചു... കിട്ടാത്തതിനെ കുറിച്ച് ഓർത്തു സങ്കടപ്പെട്ടു ജീവിതം കളയാൻ അവർ തയ്യാറല്ലായിരുന്നു..

അവർ കാണാത്ത സ്ഥലങ്ങൾ ഇല്ല.... ആസ്വദിക്കാത്ത ഭക്ഷണങ്ങൾ ഇല്ല... യാത്രകളെ  അവർ ജീവവായു പോലെ സ്നേഹിച്ചു... തങ്ങളെ കൊണ്ട് ആകുന്ന വിധത്തിൽ മറ്റുള്ളവരെ  സഹായിച്ചു.. അനാഥാലയങ്ങളിലെയും വൃദ്ധസദങ്ങളിലെയും നിത്യ സന്ദർശകർ...

ജോലിയിൽ നിന്നു വിരമിച്ചു കിട്ടിയ തുകയിൽ നിന്നും ഒരു ഭാഗം അവർ എപ്പോഴും പോകുന്ന വൃദ്ധസദനത്തിൽ രണ്ട് കിടക്കകൾ ബുക്ക്‌ ചെയ്യുന്നതിനായി ചിലവഴിച്ചു.. ആവശ്യം വരുമ്പോൾ മാത്രം അറിയിക്കാം... ഞങ്ങളെ അങ്ങോട്ടു  ആക്കിത്തരണേ ഹരി.. എന്ന് സമ്മതിപ്പിച്ചു വച്ചിരിക്കുകയാണ്....

കഴിഞ്ഞ ദിവസം അച്ഛന് ചെറിയ ഒരു നെഞ്ച് വേദന വന്നു... ആശുപത്രിയിൽ കാണിച്ചപ്പോൾ കുറച്ചു ടെസ്റ്റുകൾ പറഞ്ഞു... തൽക്കാലത്തേക്ക് മരുന്നൊക്കെ വാങ്ങി വാശി പിടിച്ചു വീട്ടിലേക്കു പോന്നു.

വരുന്ന ഞായറാഴ്ച വൃദ്ധ സദനത്തിലേക്ക് മാറുകയാണ് ഹരി... രാവിലെ പത്തുമണിയാകുമ്പോൾ ഒരു ഡ്രൈവറെ ഏർപ്പാടാക്കി തരണം.. നീ വരേണ്ട എന്നും അറിയിച്ചു.  ശനിയാഴ്ച വൈകിട്ടു വരണമെന്ന് നമ്മളോടുപറഞ്ഞത് യാത്ര പറയാൻ ആണെന്നും പറഞ്ഞു ഹരിച്ചേട്ടൻ ഒരു ദീർഘ നിശ്വാസത്തോടെ നിർത്തി.

വ്യക്തമായ പ്ലാനിങ് ആണു അനിൽ... നമുക്ക് പറഞ്ഞു പിന്തിരിപ്പിക്കാൻ ആവില്ല അവരെ... ഞങ്ങൾ എന്തെങ്കിലും  പറയുന്നതിനു മുന്നെ തന്നെ ഹരിച്ചേട്ടന്റെ വാക്കുകൾ.

ശനിയാഴ്ച വൈകിട്ടു ഞങ്ങൾ അവിടെത്തി.  ഞങ്ങളെ കണ്ടതും ഹരിച്ചേട്ടനും വന്നു.   രണ്ടു പേരുടെയും മുഖത്തു വാട്ടം ഉണ്ടെങ്കിലും പതിവു ചിരി അതുപോലെ ഉണ്ട്.  അച്ചുവിനെ അടുത്ത് വിളിച്ചു ഒരു കവർ ഏൽപ്പിച്ചു.. കുറച്ചു പൈസ ആണ്... കുട്ടിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കണം..  ഹരിച്ചേട്ടന്റെ കയ്യിൽ കുറച്ചു രേഖകളും... വീടും പറമ്പും ഹരിച്ചേട്ടന്റെ പേർക്ക് ഇഷ്ടദാനം തീറാക്കിയതിന്റെ... രാത്രി വരെ ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കലും കഴിക്കലും... വളരെ വൈകി വീട്ടിലേക്കു ഇറങ്ങുമ്പോൾ അച്ഛന്റെ വാക്കുകൾ.... ഇനിയിപ്പോ ആരും രാവിലെ വരണ്ട കേട്ടോ... ഞങ്ങൾ പത്തു മണിക്ക് പോകും...


രാത്രി ഒരു വിധം വെളുപ്പിച്ചു... ഒന്നിനും പറ്റുന്നില്ല... കയ്യും കാലിനും തളർച്ച ബാധിച്ച പോലെ... മനസ്സിന് വലിയ പാറക്കല്ല് കയറ്റു വച്ചപോലത്തെ ഭാരം... ഹരിച്ചേട്ടന്റെ ഫോൺ വന്നതും അനിലേട്ടൻ എന്നെയും മോളെയും കൂട്ടി ഓടി...

നിറഞ്ഞുനിൽക്കുന്ന ആൾക്കൂട്ടം കണ്ടപ്പോഴേ കാര്യങ്ങൾ വ്യക്തമായി... ആരാണാവോ.. അതായിരുന്നു മനസ്സിൽ... വിറയ്ക്കുന്ന കാലുകളോടെ അകത്തേക്ക്... റൂമിൽ നിന്നും ഇറക്കിയിട്ടില്ല..


കൈകൾ കോർത്തു വർത്താനം പറഞ്ഞു കിടക്കുന്ന പോലെ..
മരണത്തിനുപോലും തങ്ങളെ പിരിക്കാനാവില്ല എന്നുറപ്പിച്ചു ജീവിതനൗകയിലെ അടുത്ത യാത്രക്ക് തയ്യാറായി...

സിന്ധു ബിജു
Story No. 11

Comments

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം