ഏട്ടൻ

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളായി ജനിച്ചു വീണ എനിക്ക് അതിന്റെ കുറവുകൾ ഒരിക്കലും തോന്നാത്ത വിധത്തിലായിരുന്നു കുട്ടിക്കാലം കടന്നു പോയത്.. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെ മക്കൾ ഒരുപാടുണ്ടായിരുന്നു. കാലങ്ങൾ കഴിയുന്തോറും പലരും പല സ്ഥലങ്ങ ളിലായി.. അമ്മയുടെ ചേച്ചിടെ മകൻ മാത്രം കുഞ്ഞിലേ തൊട്ടുള്ള ബന്ധം അത് പോലെ നില നിർത്തി..

എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടൻ സ്വന്തം മകനെ പോലെ തന്നെ... എനിക്ക് എന്റെ കൂടെ പിറപ്പിനേപ്പോലെയും. എന്റെ മുഖമൊന്നു വാടിയാൽ എത്ര ഒളിപ്പിക്കാൻ നോക്കിയാലും ഏട്ടൻ അത് മനസ്സിലാക്കും. അവനെ ഇന്ന് കണ്ടില്ലലോ എന്ന് അച്ഛനോ അമ്മയോ പറഞ്ഞു നാവെടുക്കുന്നതിനു മുന്നെ ഏട്ടൻ മുന്നിലെത്തിയിട്ടുണ്ടാകും. വല്ലാത്ത ഒരു ആത്മ ബന്ധം ആണ് ഏട്ടനുമായി.

പഠനം ജോലി ഒന്നും ഏട്ടന് ഞങ്ങളോടുള്ള കരുതലിനോ സ്നേഹത്തിനോ ഒരു കുറവും വരുത്തിയില്ല.
ഏട്ടന് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം കഴിച്ചു കുടുംബജീവിതം ആരംഭിച്ചു കഴിഞ്ഞപ്പോഴും ഇത്തിരി സമയം കിട്ടിയാൽ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തും ഏട്ടൻ. പ്രാരാബ്ധങ്ങൾ ഏറിയതോടെ ഏട്ടന്റെ വരവ് കുറഞ്ഞു. വല്ലപ്പോഴും ഇത്തിരി മദ്യം കഴിച്ചിരുന്ന ഏട്ടൻ സ്ഥിര മദ്യപാനി ആയി മാറി.

ഞാനും അച്ഛനും അമ്മയുമൊക്കെ കരഞ്ഞു പറഞ്ഞു ഉപദേശിച്ചു വിടുമ്പോൾ ഞങ്ങളുടെ തലയിൽ തൊട്ടു സത്യം ചെയ്തു ഇനി കുടിക്കില്ല എന്ന് പറഞ്ഞു കള്ളച്ചിരി യുമായി ഏട്ടൻ പോകും. ജോലി കൂടി നഷ്ടമായതോടെ ഏട്ടന്റെ അവസ്ഥ ഏറെ മോശം ആയി.

ഗൾഫിൽ ജോലിക്ക് പോകുക എന്നത് കൊല്ലണത്തിനു തുല്യ മാണെന്ന് എപ്പോഴും പറയുമായിരുന്ന ഏട്ടന് മറ്റു മാർഗങ്ങൾ ഒന്നുമില്ലാതായപ്പോൾ പോകേണ്ടി വന്നു. വിശേഷ ദിവസങ്ങളിൽ ആദ്യത്തെ ആശംസ എപ്പോഴും ഏട്ടന്റെ ഫോൺ വിളി ആയിരിക്കും... നല്ല ജോലി നല്ല ശമ്പളം... ഏട്ടൻ രക്ഷപെട്ടു എന്ന സമാധാനം ആയിരുന്നു ഞങ്ങൾക്ക്. ലീവിന് നാട്ടിലെത്തിയാൽ ആദ്യം ഓടിയെത്തും ഞങ്ങളെ കാണാൻ. ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കൊതി പറഞ്ഞു ഉണ്ടാക്കിച്ചു കഴിക്കും. മനസ്സില്ലാ മനസ്സോടെ ലീവ് കഴിഞ്ഞു പോകുന്ന ഏട്ടനെ കാണുക എന്നത് നെഞ്ച് പിടയുന്ന അവസ്ഥ ആണ്.

പതിവില്ലാതെ വന്ന എട്ടന്റെ ഭാര്യയുടെ ഫോൺ വിളി.... ഏട്ടൻ ദുബായിലെ ഒരു ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ്... ചേച്ചിയുടെ കരച്ചിൽ കേട്ടു തല കറങ്ങണ പോലെ തോന്നി എനിക്ക്.

മദ്യത്തിന്റെ അമിത ഉപയോഗം ഏട്ടന്റെ കരൾ കവർന്നെടുത്തിരുന്നു. പ്രതീക്ഷക്കു യാതൊരു വകയുമില്ല എന്ന ഡോക്ടറുടെ അറിയിപ്പും കിട്ടി അത്രേ... തുടർന്ന് മരണവും നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളും... വാർത്തകൾ ഓരോന്നായി കേൾക്കുന്നുണ്ടായിരുന്നു... വെള്ളയിൽ പൊതിഞ്ഞു എന്റെ ഏട്ടനെ വീട്ടിൽ കൊണ്ട് വന്നു വയ്ക്കുമ്പോൾ ആരൊക്കെയോ പറയണത് കേട്ടു... അര മണിക്കൂർ പോലും ഇങ്ങനെ കിടത്താൻ പറ്റില്ല... വേഗം കാര്യങ്ങൾ ആയിക്കോട്ടെ എന്ന്... ആരൊക്കെയോ പിടിച്ചു ഏട്ടന്റെ അടുത്ത് കൊണ്ട് വന്നതുമാത്രം ഓർമ്മയുണ്ട്...

ഓരോ ദിവസം കഴിയുന്തോറും ഏട്ടനില്ലായ്മയിൽ എല്ലാവരും പൊരുത്ത പ്പെടുന്നത് ഞാൻ കണ്ടു... തനിക്കു മാത്രം അത് അങ്ങോടു അംഗീകരിക്കാൻ പറ്റുന്നില്ല എന്നും... എട്ടനിഷ്ടപ്പെട്ട കറികൾ ഉണ്ടാക്കുമ്പോഴും ഏട്ടനുമായി ബന്ധപ്പെട്ട ആരെ കാണുമ്പോഴും അറിയാതെ കണ്ണ് നനയുന്നത് എനിക്ക് മാത്രം ആണോ.... നീ എന്താ മോളെ അവനു വേണ്ടി ആണ്ടുബലി ഇടാത്തത് എന്ന അമ്മയുടെ ചോദ്യത്തിന് എന്റെകൂടെ എപ്പോഴുമുള്ള എന്റെ ഏട്ടന് ഞാൻ എങ്ങനാമ്മേ ബലി ഇടുന്നത് എന്ന മറുപടി മൗനം കൊണ്ട് നൽകി.

മരിച്ചു പത്തുവർഷം തികയുന്ന ഇന്നും ഏട്ടന്റെ ഓർമ്മകൾക്ക് തിളക്കം ഏറുന്നതെ ഉള്ളു... അല്ലെങ്കിലും കൂടപ്പിറപ്പ് ഇല്ലാത്തവർക്കല്ലേ അതിന്റെ വില നല്ലപോലെ അറിയാൻ കഴിയു ...

സിന്ധു ബിജു

Story No. 07

Comments

Post a Comment

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ