അസ്തമയം
സൂര്യൻ കടലിന്റെ ആഴങ്ങളിലേക്ക് അസ്തമനത്തിനു തയ്യാറെടുക്കുകയാണ്. ആഴിയുടെ കണ്ണെത്താ ദൂരത്തേക്ക് നോക്കിയിരിക്കുമ്പോൾ ആദ്യമായി കടലിനു മീനു പറയാറുള്ളതിലും സൗന്ദര്യം ഉണ്ടെന്നു തോന്നി പോകുന്നു. ദൂരെ നിന്നു കരയോട് ചേരുന്ന ഓരോ തിരകൾക്കും തന്നോട് എന്തൊക്കെയോ പറയാനുള്ളത് പോലെ....
മിക്കവാറും ദിവസങ്ങളിൽ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്ന സ്ഥലം ആണ്. കടലിൽ കുളിക്കലും കാൽപ്പന്തു കളിയുമൊക്കെ ഞങ്ങൾ കൊച്ചി ക്കാരുടെ സ്ഥിരം നേരമ്പോക്കുകൾ മാത്രം.
പതിവുപോലെ കടപ്പുറത്തു കളിയും ചിരിയും അല്പസ്വല്പം വായിൽനോട്ടവുമായി ഇരിക്കുമ്പോഴാണ് കുറച്ചു പെൺകുട്ടികൾ കടലിൽ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിലൊരാൾ തിരകൾക്കൊപ്പം മതി മറന്നു നിൽക്കുക ആണ്. തന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന തിരകളെ നോക്കി അവൾ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.. വട്ടായിരിക്കുമോ ദൈവമേ എന്ന് മനസ്സിൽ ആലോചിച്ചു എങ്കിലും അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല. ബാക്കി ഉള്ളവർ അസ്തമനം മൊബൈലിൽ പകർത്തുവാനും സെൽഫി എടുക്കുവാനും തിരക്കു കൂട്ടുമ്പോൾ അവൾ എത്ര മനോഹരം ആയി ആണ് അസ്തമനം ആസ്വദിക്കുന്നത്. അല്ലെങ്കിലും ഈ അസ്തമനത്തിനൊക്കെ ഇത്രയും ഭംഗി ഉണ്ടോ?? കലാബോധം പരിസരത്ത് കൂടി പോകാത്ത എനിക്ക് അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതം ഉണ്ടാകു?? ഈ ചിന്തകളിൽ മുഴുകുമ്പോഴും അവളും കൂട്ടുകാരും തിടുക്കത്തിൽ യാത്ര ആകുന്നതാണ് കണ്ടത്.
കുറച്ചു ദിവങ്ങൾക്കു ശേഷം വീണ്ടും കണ്ടു മുട്ടുമ്പോൾ അവൾ തനിച്ചായിരുന്നു. ആദ്യം കണ്ടതിൽ നിന്നും വിപരീതം ആയി അവൾ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. അടുത്ത് പോയിരുന്നതൊന്നും അവൾ അറിഞ്ഞിട്ടു പോലുമില്ല. ഇങ്ങനെ നോക്കി ഇരിക്കാൻ മാത്രം അവിടെ എന്താണുള്ളത്.... കടലിന്റെ വിദൂരതയിൽ നോക്കി ഇരിക്കുന്ന അവൾ കേൾക്കാൻ എന്ന പോലെ ഞാൻ പുലമ്പി. തല വെട്ടിച്ചു എന്നെ ഒന്ന് നോക്കി അവൾ വീണ്ടും അസ്തമന സൂര്യനെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവളെ കുറിച്ച് അറിയണം എന്ന ആഗ്രഹം ആയി എനിക്ക്. പക്ഷെ അസ്തമയം കഴിഞ്ഞതേ അവൾ തിടുക്കത്തിൽ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ സ്കൂട്ടറും എടുത്തു പോയി.
കൂട്ടുകാരുടെ കൂടെ മാത്രം കടലിന്റെ പരിസരത്ത് പോയിരുന്ന ഞാൻ തനിയെ പോയി തുടങ്ങി. ഒരു പാട് ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു പിന്നീട് അവളെ ഒന്ന് കാണാൻ. എന്നെ കണ്ടതെ അവൾ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ബെഞ്ചിൽ രണ്ടറ്റത്തുമായി സ്ഥാനം ഉറപ്പിച്ചു. ഞാൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു തുടങ്ങി.
അവൾ മീനു... എറണാകുളം ലോ കോളേജ് വിദ്യാർത്ഥിനി. ഹോസ്റ്റലിൽ താമസം. കോട്ടയം സ്വദേശി. വീട്ടിൽ അച്ഛനും അമ്മയും സഹോദരനും.
പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറി... എന്റെ മനസ്സിൽ പ്രണയവും..
തന്റെ മനസ്സിലെ പ്രണയം തുറന്നു പറയാൻ തീരുമാനിച്ച ദിവസം... ഞാൻ കടൽത്തീരത്ത് ചെല്ലുമ്പോൾ അവൾ തിരകളുമായി സല്ലാപത്തിൽ ആയിരുന്നു.. ഞാനും അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് ഞാൻ കണ്ടു.. എന്നെ കണ്ടതും കണ്ണുകൾ തുടച്ചു...
തന്റെ ഹൃദയവാൽവിന് തകരാറുണ്ടെന്നും അധിക നാളുകൾ തനിക്കിനി ഇല്ല എന്നും ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു തീർത്തു... പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു തിരിച്ചു നാട്ടിലേക്ക് മടങ്ങുകയാണെന്നും..
പിന്നീട് അവളെ ഞാൻ കണ്ടിട്ടില്ല.. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു പ്രതികരണം. കുറച്ചു മാസങ്ങൾക്കു ശേഷം അവളുടെ കൂട്ടുകാരിൽ നിന്നും വേദനിപ്പിക്കുന്ന ആ സത്യവും അറിഞ്ഞു...
തിരകൾ എന്റെ കാലിൽ തഴുകി മടങ്ങുമ്പോൾ... അസ്തമയം കാണുമ്പോൾ... അവൾ പോയതിനു ശേഷമാണ് ആഴിയുടെ യഥാർത്ഥ സൗന്ദര്യം ഞാൻ അറിഞ്ഞു തുടങ്ങിയത്... എത്ര മനോഹരി ആണ് ആഴി... കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല ....
സിന്ധു ബിജു
Story No. 08
Comments
Post a Comment