മുംബൈ

 ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. രാജ്യത്തിന്റെ പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം. പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ...

മുംബൈ നഗരത്തിലെ ഐ ടി കമ്പനിയിലെ ജോലിക്കുള്ള അറിയിപ്പ് ലഭിച്ചപ്പോൾ വാസ്തവത്തിൽ തുള്ളിച്ചാടുകയായിരുന്നു.

കൂടെ നീതയും ഉണ്ടെന്ന് അറിഞ്ഞതോടെ ആഹ്‌ളാദം നൂറിരട്ടി ആയി. ഓർമ്മ വച്ച നാൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ്... സ്കൂൾ കോളേജ്... ഇപ്പോൾ ഒരുമിച്ചു ജോലിയും...

ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന വരുണിന്റെ വിവാഹാലോചന വന്നതോടെ വീട്ടുകാർ കാലുമാറി. എനിക്കിപ്പോൾ കല്യാണം വേണ്ട അമ്മേ രണ്ടു വർഷം കഴിയട്ടെ എന്ന എന്റെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. നിന്റെ താഴെ രണ്ടു പേരുണ്ടെന്ന കാര്യം നീ മറക്കരുത്... മുമ്പിൽ വന്ന മഹാലക്ഷ്മി യെ കാൽ കൊണ്ടു തട്ടി തെറിപ്പിക്കരുത് തുടങ്ങിയ സെന്റിമെന്റൽ ബ്ലാക്ക് മെയിലിംഗ് വേറെയും...

പെണ്ണുകാണൽ ചടങ്ങ്, എല്ലാവർക്കും ഇഷ്ടമാകൽ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു.. അടുത്ത വർഷം ലീവിന് വരുമ്പോൾ കല്യാണം എന്ന തീരുമാനം എനിക്ക് ആശ്വാസം നൽകി...

കല്യാണം ഉറപ്പിച്ചതോടെ വരുണിന്റെ ഫോൺ കാളുകൾ എത്തി തുടങ്ങി... ആർക്കും ഇഷ്ടമാകുന്ന സ്വഭാവം.. ഞങ്ങൾ വളരെ പെട്ടെന്ന് അടുത്തു. തിരിച്ചു പോകുന്നതിനു മുന്നെ ഒരു വർഷം വെറുതെ ഇരിക്കുന്നത് എന്തിനാണ്... അവൾ ജോലിക്ക് പൊയ്ക്കോട്ടേ എന്ന സമ്മതം വരുൺ എന്റെ വീട്ടുകാരിൽ നിന്നും വാങ്ങി തന്നു

മുംബൈ മുഴുവൻ ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ... ജോലിക്ക് കയറി.... ഒരുപാടു പുതിയ സൗഹൃദങ്ങൾ....

ഞങ്ങളുടെ സൗഹൃദ കൂട്ടായ്മ ആദ്യമായി കാണുവാൻ തിരഞ്ഞെടുത്ത സ്ഥലം ഗേറ്റ് വേ ഓഫ് ഇന്ത്യ ആണ്. ജോലിക്ക് കയറിയതിനു ശേഷമുള്ള ആദ്യ ശനിയാഴ്ച ഞങ്ങൾ അവിടേക്ക് പുറപ്പെട്ടു.

കേട്ടു പരിചയം മാത്രമുള്ള താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യ പരിസരവും ജനസമുദ്രം ആയിരുന്നു.. കടലിനു സമീപത്തു കൂടിയുള്ള വാക് വെയിലൂടെ ഞങ്ങൾ നടന്നു..

അവിടെ നിന്നു ഞങ്ങൾ കടലിലൂടെ മോട്ടോർ ബോട്ടിൽ പത്തു കിലോമീറ്റർ അകലെ ഉള്ള എലഫന്റാ കേവ്സ് കാണാനായി പുറപ്പെട്ടു... കടലിലൂടെയുള്ള യാത്ര പേടിയുള്ളതാണെങ്കിലും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി... പാറകളിൽ കൊത്തി എടുത്ത ഗുഹകളുടെയും അമ്പലങ്ങളുടെയും പാരമ്പര്യ തനിമയുടെയും മാഹാത്മ്യം വിളിച്ചോതുന്ന വർണ്ണനകൾക്കതീതമായ കാഴ്ചകളാണ് അവിടെ ഞങ്ങളെ വരവേറ്റത്

വെറുതെ അല്ല UNESCO യുടെ ലോക പൈതൃകപട്ടികയിൽ എലഫന്റാ കേവ്സ് ഇടം പിടിച്ചത്... ക്യാമറയിൽ ചിത്രങ്ങൾ പകർത്തി മുക്കും മൂലയും ഞങ്ങൾ ആസ്വദിച്ചു നടന്നു.. തിരിച്ചുള്ള യാത്ര കഠിനം ആയിരുന്നു... കടൽ പ്രക്ഷുബ്ദം ആയിരുന്നു... ബോട്ട് കാറ്റിൽ ആടുകയായിരുന്നു... കടൽച്ചൊരുക്കു മൂലം ശർദ്ദി, തലവേദന... തിരിച്ചു ഫ്ലാറ്റിൽ വന്നത് ക്ഷീണിച്ചു അവശത ആയി... പക്ഷെ മനസ്സ് ആഹ്ളാദത്താൽ മതി മറന്നു.. അന്നത്തെ വിശേഷങ്ങൾ മുഴുവൻ വരുണിനു മെസേജ് ചെയ്തു കിടന്നു.. നാളത്തെ യാത്ര സ്വപ്നം കണ്ടുകൊണ്ട് ....

ധാരാവി..  520ഏക്കറോളം പരന്നു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ലോകത്തിലെ തന്നെ വലിയ ചേരി... മുംബൈയിലെ രണ്ട് പ്രധാന സബർബൻ റെയിൽവെ ലൈനുകൾക്കിടയിലായി പരന്നു കിടക്കുന്ന അതി വിശാലമായ ഏരിയാണ് ധാരാവി. കണക്കുകൾ പ്രകാരം ആണെങ്കിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ നാലു ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖല... ധാരാവിയുടെ ഒരറ്റത്തുനിന്ന് ഉള്ളിലേക്ക്‌ കടക്കാൻ ശ്രമിച്ചാൽ നാം കാണുന്നത്‌ മുഴുവൻ ഇടുങ്ങിയ ഫാക്റ്ററികൾ ആണ്..
തൊട്ടടുത്ത്‌ തന്നെയാണ്‌ ധാരാവിക്കാർ തിങ്ങിത്താമസിക്കുന്നത്.. മുസ്ലീങ്ങൾ താമസിക്കുന്നവയാണ്‌ ധാരാവിയിലെ ഏറ്റവും ഇടുങ്ങിയ ഗല്ലികൾ..  മുസ്ലിം ഗല്ലികളുടെ ഭാഗമായി തുകൽ വ്യവസായം തഴച്ചുവളർന്നിരിക്കുന്നു... ഹിന്ദു ഗല്ലികൾ താരതമ്യേന കൂടുതൽ വിശാലമാണ്‌. പപ്പട നിർമ്മാണവും കളിമൺ പാത്രവ്യവസായവുമാണ്‌ പ്രധാന ഉപജീവനോപാധികൾ. വൃത്തി ഹീനമായ അന്തരീക്ഷം, ദാരിദ്ര്യം.... കണ്ണുകളെ ഈറനണിയിക്കുന്ന ആ കാഴ്ചകൾകാണേണ്ടി ഇരുന്നില്ല എന്ന് തോന്നിപ്പോയി.... മൂന്നു മണിയോടെ അവിടെ നിന്നു ഇറങ്ങി എങ്കിലും വേറെ എവിടെയും പോകാനുള്ള മാനസിക അവസ്ഥ ഇല്ലാത്തതിനാൽ റൂമിലേക്ക് തിരികെ പോന്നു

പിന്നീടങ്ങുള്ള ഓരോ അവധി ദിനങ്ങളും ഞങ്ങൾ മുംബൈ നഗരം അരച്ച് കലക്കി കുടിക്കുക ആയിരുന്നു...

മുംബൈയിൽ ഇരുന്ന് വിശാലമായി സ്വപ്നം കാണാനും പകൽക്കിനാവുകളിലൂടെ നടക്കുവാനും പറ്റിയ ഒരിടമുണ്ട്. മനോഹരമായ വ്യൂ പോയിന്റുകളും നടപ്പാതകളും ഒക്കെയായി ആരെയും ഒന്നിരുത്തുന്ന മുംബൈ മറൈൻ ഡ്രൈവ്. മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു കടലോര വീഥിയാണ് മറൈൻ ഡ്രൈവ്. നരിമാൻ പോയിന്റ് മുതൽ മലബാർ ഹിൽ  വരെ 'C' ആകൃതിയിൽ കടലിന്റെ അരികു ചേർന്ന് ഈ റോഡ് വളഞ്ഞു കിടക്കുന്നു.... ഞങ്ങൾ ഏറ്റവും അധികം പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലം.. ഏറ്റവും അധികം പ്രാവശ്യം പോയ സ്ഥലവും... റോഡിനരികിലായി വീതിയേറിയ ഒരു നടപ്പാതയുണ്ട്. അരികിൽ വരിയായി നട്ടു വളർത്തിയ പനമരങ്ങളും ഈ വീഥിക്ക് മോടികൂട്ടുന്നു. മറൈൻ ഡ്രൈവിന്റെ വടക്കേ അറ്റത്തായാണ് ഗിർഗാവ് ചൗപ്പാട്ടി എന്നറിയപ്പെടുന്ന തിരക്കേറിയ ബീച്ച്..

ആകാശം തൊട്ടുനിൽക്കുന്ന മുകേഷ് അംബാനിയുടെ ആഡംബര വസതി, തൊട്ടപ്പുറത്തു ലതാജിയുടെയും ആശാജിയുടെയും വീട്, മന്നത്ത് – ഷാരൂഖ് ഖാന്റെ വീട്, 1917 മുതൽ 1934 വരെ മഹാത്മാ ഗാന്ധിയുടെ മുംബൈയിലെ വസതിയായിരുന്നു മണി ഭവൻ,ദോബീഘട്ട് അലക്കുകാരുടെ കേന്ദ്രം..

ഷോപ്പിങ് കാഴ്ചകൾ... വസ്ത്രങ്ങളാണ് ഫാഷൻ സ്ട്രീറ്റിന്റെ ഹൈലൈറ്റ്... റോഡരികിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരനിരയായി കടകൾ.. ഡി.എൻ റോഡിലെ നടപ്പാതകളും കച്ചവടകേന്ദ്രമാണ്. ബാഗുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ടീഷർട്ടുകൾ, ആഭരണങ്ങൾ... തെരുവ് കച്ചവടക്കാരുടെയും മൊത്തക്കച്ചവടക്കാരുടെയും ആസ്ഥാനമാണ് ക്രഫോർഡ്. ഒരു വശത്ത് കളിപ്പാട്ടങ്ങൾക്ക് മാത്രം. അടുത്ത സ്ട്രീറ്റിൽ ലെതർ ഉത്പന്നങ്ങൾ. അടുത്തതിൽ ഇലക്ട്രോണിക്സ്. ബാഗുകൾ, ഷാളുകൾ, ചെരുപ്പുകൾ...അങ്ങനെ വൈവിധ്യങ്ങളുടെ ഒരു മായാലോകം. 

മുംബൈയിലെ ഏറ്റവും വലിയ പാർക്കായ ശിവജി പാർക്ക്‌.. വാരാന്തങ്ങളിൽ, അതിന്റെ അറ്റഭാഗത്തും ചുറ്റുമുള്ള ബെഞ്ചിൽ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്താൻ പ്രയാസമാണ്..


സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്... ഇന്ത്യയിലെ ഒരു നഗരത്തിന്റെ പരിധിയിലുള്ള ഏക സംരക്ഷിത വനമാണ്.

പോവായ് തടാകം ... നിരവധി തരം പക്ഷികളും, മുതലകളുമുൾപ്പെടെയുള്ള ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഈ തടാകം..

എത്ര വേഗത്തിൽ ആണ് സമയം കടന്നു പോയത്... തിരിച്ചു നാട്ടിലേക്ക് പുറപ്പെടുകയാണ് .. ഒരിക്കലും മുംബൈ നഗരം കണ്ടു തീർക്കാനാവില്ല എന്ന നോവോടെ ...

മുംബൈ നഗരത്തെക്കുറിച്ചുള്ള ഒരു വാചകമുണ്ട് – ‘നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനായേക്കും. പക്ഷേ ഒരിക്കലും അയാളുടെ ഉള്ളിൽ നിന്ന് ഈ നഗരത്തെ പുറത്തെടുക്കാനാവില്ല’. ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂെട സഞ്ചരിക്കുമ്പോൾ ഏതൊരു സഞ്ചാരിയും അറിയാതെ പറയും – ശരിയാണ്. ഒരിക്കലറിഞ്ഞു കഴിഞ്ഞാൽ, പിന്നീടൊരിക്കലും ഈ നഗരത്തെ മറന്നുകളയാനാവില്ല. ഉള്ളിൽ നിന്ന് പറിച്ചെടുക്കാനാവില്ല.

സിന്ധു ബിജു
STORY No.: 13


Comments

  1. കഥക്കൊപ്പം വായനക്കാരെയും ഒപ്പം നടത്തിയ കഥാകാരിക്ക് അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം