പ്രണയമഴ
മീര... ഡോക്ടർ മീര നായർ. കൊച്ചി നഗരത്തിലെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ പ്രസിദ്ധ ആയ ശിശു രോഗ ഡോക്ടർ...
തന്റെ മുന്നിൽ ഇന്ന് കുഞ്ഞിനെ കാണിക്കാൻ വന്നവരെ കണ്ടപ്പോൾ മുതൽ ആകെ മൂഡ് ഓഫാണ്. ഒരു വിധത്തിൽ ഒ പി തീർത്ത ശേഷം ഫ്ലാറ്റിലെത്തി. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതും എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും ഇനി കാണരുത് എന്ന് ആഗ്രഹിക്കുകയും ചെയ്ത ആളാണ് തനിക്ക് മുന്നിൽ ഇന്നെത്തിയത്.
പ്രീഡിഗ്രി ക്കു പഠിക്കുന്ന കാലം മുതലാണ് അവൻ തന്റെ മനസ്സിന്റെ വർണ്ണങ്ങളിൽ കയറി കൂടിയത്. കോളേജിൽ പോകുമ്പോൾ വരുമ്പോൾ അമ്പലത്തിൽ പോകുമ്പോൾ ഒക്കെ ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. അവനോട് മിണ്ടാൻ ഞാനോ എന്നോട് മിണ്ടാൻ അവനോ ഒരിക്കലും ശ്രമിച്ചില്ല. ഓരോ ദിവസം കഴിയുന്തോറും അവൻ എന്ന വികാരം മനസ്സിൽ തറച്ചു പോയിക്കൊണ്ടിരുന്നു. മെഡിസിനു അഡ്മിഷൻ കിട്ടിയപ്പോൾ പഠന സൗകര്യത്തിനായി ഹോസ്റ്റലിൽ നിൽക്കണോ എന്ന ചോദ്യത്തിന് വേണ്ട എന്ന ഉത്തരം പറയാൻ എനിക്ക് ആലോചനയുടെ ആവശ്യം പോലുമില്ലായിരുന്നു. കാലങ്ങൾ വളരെ വേഗം കടന്നു പോയി... അവനോടുള്ള എന്റെ സ്നേഹം മാത്രം മാറിയില്ല. ഹൗസർജൻസി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ്..... കുറച്ചു ദിവസങ്ങളായി അവനെ കാണുന്നെ ഇല്ല... ആരോടാണ് അന്വേഷിക്കേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല... കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആരോ പറഞ്ഞറിഞ്ഞു അവൻ അമേരിക്കയിലേക്ക് ജോലി കിട്ടി പോയി എന്ന്. അവൻ എന്നെങ്കിലും മനസ്സ് തുറന്നു തന്നോട് ഇഷ്ടം പറയുമെന്ന് വിചാരിച്ചു കാത്തിരുന്ന താൻ ഒരു വിഡ്ഢി മാത്രം ആണെന്ന് മനസ്സിലായി എങ്കിലും... കല്യാണ ആലോചനയുമായി വരുമെന്നെ പ്രതീക്ഷ ആയി പിന്നീട്.
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അടങ്ങുന്ന സന്തുഷ്ട കുടുംബത്തിൽ സകല സ്വാതന്ത്ര്യവും നൽകിയാണ് ഞങ്ങൾ വളർന്നത്. എന്തിനും സ്വന്തമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും.. അത് കൊണ്ട് തന്നെയാണ് കല്യാണത്തിന്റെ കാര്യം എത്തിയപ്പോൾ എനിക്കിപ്പോ വേണ്ട ഞാൻ പഠിക്കട്ടെ എന്ന് പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ അവർ തയ്യാറായതും.
പോസ്റ്റ് ഗ്രാജ്‌വെഷനു പഠിക്കുന്ന സമയത്തു ഹോസ്റ്റലിൽ നിന്നു വീട്ടിലെത്തിയ ഒരു ദിവസം... ഫ്രിഡ്ജിന്റെ മുകളിൽ ഇരിക്കുന്ന കല്യാണക്കുറിയിൽ കണ്ണൊന്നു ഉടക്കി... തനിക്ക് പരിചയമുള്ള പേര്.. ഇൻവിറ്റേഷൻ തുറന്നതും ഭൂമി താഴോട്ട് ഇടിഞ്ഞു വീഴുന്നത് പോലെ തോന്നി... മനസ്സിൽ വർഷങ്ങൾ ഏറെ ആയി മെനഞ്ഞെടുത്ത സ്വപ്‌നങ്ങൾ എല്ലാം കുപ്പിവള ഉടയുന്നതു പോലെ തകർന്നു വീണു.. ഞാനും വരുന്നുണ്ടെന്നു പറഞ്ഞു അമ്മയുടെ കൂടെ ആ കല്യാണം കൂടാൻ പോയത് ഇനി അവനെ മറന്നേക്കൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നു.
കുറച്ചു നാളത്തേയ്ക്ക് സമനില തെറ്റിയ അവസ്ഥ ആയിരുന്നു. പതുക്കെ പഠനവും ജോലിയും ഒക്കെ ആയി പൊരുത്തപ്പെടാൻ തുടങ്ങി. പക്ഷെ കല്യാണം എന്ന വീട്ടുകാരുടെ ആവശ്യം മാത്രം അംഗീകരിക്കാൻ മനസ്സ് പാകപ്പെട്ടില്ല. സ്വപ്നം കാണാൻ തുടങ്ങിയ കാലം മുതൽ അവനായിരുന്നു മനസ്സിൽ. തന്റെ എല്ലാ സ്വപ്നങ്ങളുടെയും നിറങ്ങളിൽ അവനുണ്ടായിരുന്നു... ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരാൻ ഉള്ള പക്വത തനിക്കില്ല എന്ന് അവൾ മനസ്സിലാക്കി.
കാലങ്ങൾ കടന്നു പോയി ... അവനെ ആലോചിക്കാത്ത ദിവസങ്ങൾ ഇപ്പോഴും ഇല്ല... അത് ദിനചര്യയുടെ ഒരു ഭാഗം പോലെ അങ്ങനെ നടക്കുന്നു.. പിന്നെ അവനെ കാണുന്നത് ഇന്നാണ്.. അവന്റെ കുഞ്ഞിനെ കാണിക്കാൻ ആണ് വന്നത്. നമ്മുടെ അയൽവാസി ആണെന്ന് പറഞ്ഞു ഭാര്യയെ പരിചയപ്പെടുത്തി മരുന്നും വാങ്ങി അവൻ പോയി.
അവനോടു മിണ്ടണമെന്നോ കാണണമെന്നോ പിന്നീടൊരിക്കലും തോന്നാതിരുന്ന എനിക്ക് അവനോടു ഒരിക്കലെങ്കിലും സംസാരിക്കണം എന്ന് തോന്നി... വാട്സ് ആപ്പിലോ ഫേസ്ബുക്കിലോ ഒരിക്കലും ആക്റ്റീവ് അല്ലാത്ത ഞാൻ ആദ്യമായി അവന്റെ ഫേസ്ബുക് പ്രൊഫൈൽ കണ്ടു പിടിച്ചു ഫ്രണ്ട് റിക്വസ്റ്റ് ചെയ്തു. വളരെ പെട്ടന്നു ഞങ്ങൾ ഫ്രണ്ട്‌സ് ആയി മാറി.. ദിവസത്തിൽ ഒരിക്കലെങ്കിലും ചാറ്റ് ചെയ്യാനും... കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ ഞാൻ പ്രതീക്ഷിക്കുന്ന ചോദ്യം എത്തി... നീ എന്താ കല്യാണം കഴിക്കാത്തത് എന്ന്... അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതിനു മുന്നെ ഒന്ന് കാണാം... അപ്പോൾ പറയാം എന്ന മറുപടി നൽകി.
തിരിച്ചു പോകുന്നതിന്റെ തലേ ദിവസം അവൻ തന്നെ കാണാൻ ഫ്ലാറ്റിലെത്തി. അൻപതാം വയസ്സിൽ മനസ്സ് തുറക്കുന്നതിനു എന്ത് കുഴപ്പം അല്ലെ... മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ഞാൻ പൊട്ടി കരയുക ആയിരുന്നു... യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൻ ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല എന്ന് ഞാൻ അറിഞ്ഞു.
ഫേസ്ബുക് വാട്സ്ആപ്പ് ഒക്കെ കളഞ്ഞു വീണ്ടും ആതുര സേവനത്തിലേക്കു... പ്രണയം... മനസ്സ് കൊണ്ടെങ്കിലും പ്രണയിക്കാത്തവർ ഉണ്ടാകില്ല.... ചിലർ പ്രണയത്തെ വിവാഹത്തിൽ ബന്ധിച്ചിടും..... മറ്റു ചിലരാകട്ടെ പ്രണയത്തിന്റെ മായാവലയത്തിലൂടെ അങ്ങനെ നീന്തി പോയ്കൊണ്ടിരിക്കും... വെളിപ്പെടുത്താതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയത്തിന് വല്ലാത്ത ആഴമാണ്.... പ്രണയത്തെ തമാശ ആയും പുച്ഛത്തോടെയും കാണുന്നവർക്ക് മനസ്സിലാക്കാൻ പറ്റാത്ത അത്രയും ആഴം....
സിന്ധു ബിജു
Story No. 06
Super
ReplyDelete