കൈസർ

അച്ഛന്റെ പതിവ് നടത്തവും കടയിലേക്കുള്ള പോക്കും കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ ഒരു കയ്യിൽ പച്ചക്കറിയും മറ്റേ കയ്യിന്റെ ഉള്ളിൽ ഒരു അതിഥി കൂടി ഉണ്ടായിരുന്നു. അഞ്ചോ ആറോ മാസം മാത്രം പ്രായം ഉള്ള ഒരു കുഞ്ഞു പട്ടിക്കുട്ടി. പച്ചക്കറി സഞ്ചി അമ്മയുടെ കയ്യിൽ കൊടുത്തു അച്ഛൻ എന്നേം കൂട്ടി നേരെ പൈപ്പ് ന്റെ ചുവട്ടിൽ കൊണ്ട് വന്നു. അവനെ താഴെ വച്ചു. പാവം ... വലതു കൈ ആരോ തല്ലി ഒടിച്ചിരിക്കുന്നു. അച്ഛൻ നല്ല പോലെ കുളിപ്പിച്ച് തുടപ്പിച്ചു... കയ്യിന്റെ മുറിവിൽ മരുന്ന് വച്ചു തുണി വച്ചു കെട്ടി.. പാൽ ഒരു പാത്രത്തിൽ ഒഴിച്ച് കൊടുത്തു... ആക്രാന്തത്തോടെ അത് നക്കി കുടിച്ചു... ദയനീയമായി വാലാട്ടി അത് അച്ഛനെ നോക്കി നിൽക്കണത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.... എന്ത് പേരാണ് ഇടേണ്ടത് എന്ന് ചോദിച്ചപ്പോൾ എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല... കൈസർ... അങ്ങനെ അവൻ പെട്ടെന്ന് തന്നെ ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട അംഗമായി മാറി...

എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനും... സ്കൂളിൽ പോയി തിരിച്ചു വരണത് നോക്കി അവൻ ഗേറ്റിൽ തന്നെ ഉണ്ടാകും... എന്നെ കാണുമ്പോഴേക്കും ചാടി മെത്തേക്കു കയറിയുള്ള അവന്റെ സ്നേഹപ്രകടനം ഒന്ന് കാണേണ്ടത് തന്നെ ആണ്.

അച്ഛന്റെ മറ്റു ചില സ്നേഹിതരായ ഉച്ച സമയത്തു മതിലിൽ ഇട്ടു കൊടുക്കുന്ന ചോറ് കഴിക്കാൻ വരുന്ന അണ്ണാൻ , കാക്കകൾ, മാടത്ത, പ്രാവുകൾ.... എല്ലാവരും ആയി അവനും ചങ്ങാത്തത്തിലായി. ഉച്ച സമയത്തുള്ള അവരുടെ സ്നേഹ സംഭാഷണം അച്ഛൻ പറഞ്ഞു തരണതു കേൾക്കാൻ നല്ല രസം ആണ്.... അച്ഛന്റേതായ ഭാവനയിൽ അവരുടെ വർത്തമാനങ്ങൾ ഞാനും ചേച്ചിയും അമ്മയും കൗതുകത്തോടെ കേട്ടിരിക്കും. അച്ഛൻ പറയണത് അവർക്കും അവർ പറയണത് അച്ഛനും മനസ്സിലാകന്നുണ്ട് എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്

വർഷങ്ങൾ കഴിയുന്തോറും അച്ഛന്റെ ശ്വാസ സംബന്ധമായ അസുഖങ്ങളും കൈസറിന്റെ കാലിലെ മുറിവും കൂടി വന്നു. ഏതു പാതി രാത്രിക്ക് ലൈറ്റ് ഇട്ടാലും ജനലിലൂടെ നോക്കിയാൽ കൈസറിനെ കാണാം... ജനലിലെ വെളിച്ചത്തിലേക്ക് നോക്കി വാലാട്ടി നിൽക്കുന്നുണ്ടാകും..

കൈസറിന്റെ കാലിലെ മുറിവ് കൂടി വരുന്നതോടെ അച്ഛൻ എപ്പോഴും മൃഗ ഡോക്ടറെ കൂട്ടീട്ടു വരാൻ ചേച്ചിയോട് പറയും... ഡോക്ടർ വന്നു അവന്റെ കാലിൽ മുറിവിന്റെ മരുന്ന് വയ്ക്കുമ്പോൾ വേദന കൊണ്ട് പുളയുന്ന അവന്റെ ശബ്ദത്തിൽ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാകും..

പതിയെ പതിയെ അച്ഛന്റെയും കൈസറിന്റെയും അവസ്ഥ വഷളായി തുടങ്ങി. എനിക്കും കൈസറിനും വയ്യാതായി എന്നുള്ള അച്ഛന്റെ പതിവ് പല്ലവികൾ ഞങ്ങളെ വല്ലാതെ സങ്കടപ്പെടുത്തി... അസുഖം വല്ലാതെ കൂടിയ ഒരു രാത്രിയിൽ ആംബുലൻസിൽ അച്ഛനെ കയറ്റി കൊണ്ട് പോകുമ്പോൾ ഗേറ്റിൽ നോക്കി നിൽക്കുകയായിരുന്നു അവൻ. ജീവനില്ലാത്ത അച്ഛനെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ.... അച്ഛനോടൊപ്പം പോകാൻ തയ്യാറായി അവനും കിടപ്പുണ്ടായിരുന്നു... ഞങ്ങൾ പോകുമ്പോൾ കണ്ട അതെ സ്ഥലത്ത്...

സിന്ധു ബിജു

Story No. 03

Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ