മേളധ്വനി
ഉത്സവങ്ങളുടെയും പാരമ്പര്യ തനിമകളുടേയും നാടായ തൃപ്പൂണിത്തുറ..... എന്നും വെളുപ്പിനെ പൂർണ്ണത്രയീശനെ കുളിച്ചു തൊഴുതു ഉത്സവങ്ങളും മേളപ്പെരുമയും ഒരു നിമിഷം പോലും കളയാതെ ആസ്വദിച്ചും ഏതൊരു ശരാശരി തൃപ്പൂണിത്തുറക്കാരനെയും പോലെ തന്നെ ആയിരുന്നു അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന ഞങ്ങളുടെയും കുടുംബം. ഞാൻ അച്ചു എന്ന അശ്വതി.... മൂന്നു മക്കളിൽ മൂത്തവൾ.... താഴെ ഒരു അനിയനും അനുജത്തിയും. അച്ഛൻ ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛന്റെ കഷ്ടപ്പാടുകൾ ജനിച്ച നാളുകൾ മുതൽ കേട്ടിട്ടുണ്ടെങ്കിലും വളരെ സന്തുഷ്ട കുടുംബം ആയിരുന്നു ഞങ്ങളുടേത്.
മിടുക്കിയായി പഠിച്ചു ഗവണ്മെന്റ് ജോലി വാങ്ങണം... അച്ഛനെ സഹായിക്കണം.... എന്നുള്ള പതിവ് പല്ലവികൾ വീട്ടുകാരുടെയും നാട്ടുകാരുടെയും നാവിൽ നിന്ന് കേട്ടുകൊണ്ടാണ് എന്റെ ബാല്യം മുന്നോട്ട് പോയത് . ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ ഗവണ്മെന്റ് ജോലിക്കുള്ള അപേക്ഷകൾ അയക്കാൻ തുടങ്ങി. ആദ്യമായി എഴുതിയ പരീക്ഷയിൽ തന്നെ വിജയിച്ചു കേന്ദ്ര സെർവിസിൽ ഡൽഹിയിലെ ഓഫീസിൽ പ്രവേശിക്കാനുള്ള അനുമതി ഒപ്പിട്ടു വാങ്ങുമ്പോൾ കയ്യും മെയ്യും വിറക്കുന്നതു അവളറിഞ്ഞു. എനിക്ക് നാട് വിട്ടുള്ള ജോലിയൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ നാട്ടുകാരും കൂട്ടുകാരും വളഞ്ഞിട്ട് ചോദ്യശരങ്ങളുമായി ആക്രമിച്ചു... മിടുക്കി , ഉത്തരവാദിത്വം പ്രായത്തിലും കവിഞ്ഞു കാണിക്കുന്നവാൾ എന്നൊക്കെ പറഞ്ഞിരുന്ന നാവുകൾ എത്ര പെട്ടെന്നാണ് അഹങ്കാരി എന്ന പേര് തനിക്ക് ചാർത്തി തന്നത്. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം പോയ മതി മോളെ എന്ന അച്ഛന്റെ വാക്കുകളിലെ നിസ്സഹായത ആണ് ജോലിയിൽ പ്രവേശിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചത്.
തന്റെ ഇരുപത്തിഒന്നാം വയസ്സിൽ നാടും വീടും വിട്ടു മറ്റൊരു നാട്ടിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ മനസ്സ് തീർത്തും മരവിച്ച അവസ്ഥയിൽ ആയിരുന്നു. അതൊരു ശ്രമകരമായ ദൗത്യം ആയിരുന്നു അവൾക്ക്... തന്റെ നാടും വീടും എല്ലാം വളരെ ദൂരത്താണ് എന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ...
വീട് പുതുക്കി പണിയൽ അനിയൻ അനിയത്തി പഠനം അങ്ങനെ പ്രാരാബ്ധത്തിന്റെ ലിസ്റ്റുകൾ നീണ്ടു വന്നു. ഡൽഹിയിൽ തന്നെ ജോലി ഉള്ള ആളെ കണ്ടു പിടിച്ചു വിവാഹവും നടന്നു കഴിഞ്ഞപ്പോൾ ഭാഗ്യദേവത കടാക്ഷിച്ചവൾ എന്ന പേര് എനിക്ക് ഒന്നൂടെ ഊട്ടി ഉറപ്പിക്കപ്പെട്ടു. വളരെ സന്തോഷകരമായ ജീവിതം... മനസ്സുകൾ പരസ്പരം കൈമാറുമ്പോൾ പറഞ്ഞ ഒരേ ഒരു ആഗ്രഹം നമ്മുടെ നാട്ടിൽ ഭഗവാന്റെ തൊട്ടടുത്തു ഒരു കുഞ്ഞു വീട് എന്നത് മാത്രം ആയിരുന്നു.
ജീവിതം വളരെ വേഗത്തിൽ മുന്നോട്ടു പോകുമ്പോഴും നാടിനെ കുറിച്ചുള്ള ഓർമ്മകൾ ഒരു നൊമ്പരം ആയി മനസ്സിൽ നിറഞ്ഞു നിന്നു . സ്വന്തമായി ഒരു ഫ്ലാറ്റ്, മകളും അവളുടെ പഠനം... നാട്ടിലേക്കുള്ള വരവ് അപൂർവ്വങ്ങളിൽ അപൂർവ്വമായി.
വാട്സ്ആപ്പ് ഫേസ്ബുക് വന്നതോടെ ഉത്സവങ്ങളും മേളങ്ങളും കഷ്ണങ്ങളായി എത്താൻ തുടങ്ങി... അതുകാണുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നു... നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നു.... അറിയാതെ കൈകൾ താളം പിടിക്കുന്നു.... നാട്ടിൽ ഒരു കുഞ്ഞു വീടെന്ന ദൃഢ നിശ്ചയം കരുത്തുറ്റതാക്കിയത് പൂർണത്രയീശന്റെ മുന്നിലെ നമ്മുടെ സ്വന്തം പെരുവനത്തിന്റ മേളപ്പെരുമ കാണുമ്പോളാണ് .. ഒരുപാടു കാത്തിരുന്നു ആ സ്വപ്ന സാക്ഷാത്കാരത്തിനായി.... അനിയനെ അതിനായി ചുമതലപ്പെടുത്തി.... ഇന്ന് താക്കോൽ കിട്ടി ചേച്ചി എന്ന വിളിക്ക് കോടി ലോട്ടറി അടിച്ചു എന്ന് കേൾക്കുന്നതിനേക്കാൾ സുഖം ആയിരുന്നു മനസ്സിൽ..
മകളുടെ പഠനം
വിവാഹം.. പ്രാരാബ്ധങ്ങളുടെ കെട്ടുപാടുകൾ എല്ലാം ശമിച്ചു.... ജോലിയിൽ നിന്നു
നിർബന്ധിത അവധി എടുത്തു ഞങ്ങൾ യാത്ര തിരിച്ചു ... ഞങ്ങളുടെ സ്വന്തം
നാട്ടിലേക്കു... പൂരണ്ണത്രയീശന്റെ മണ്ണിലേക്ക്... ജീവച്ഛവം പോലെ ഇരുപത്തി
ഒന്നാം വയസ്സിൽ ട്രൈനിൽകയറുമ്പോൾ ഉള്ള മനസ്സിലെ ആശങ്ക ഇപ്പോളില്ല എന്നവൾ
അറിഞ്ഞു ... മനസ്സിന് അതിലും ചെറുപ്പം... നെഞ്ചിൽ സന്തോഷത്തിന്റെ പെരുമ്പറ
മേളം....
ഇൻവെസ്റ്റ് മെന്റിനു ഡൽഹിയിൽ തന്നെ നല്ലൊരു വില്ല നോക്കാതെ
നാട്ടിലേക്ക് പോകുന്ന എന്നെ നോക്കി നിനക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ
കൂട്ടുകാർക്കു സ്നേഹത്തിൽ പൊതിഞ്ഞ ചിരി സമ്മാനിച്ചു ഞാൻ പറഞ്ഞു .... ഞങ്ങൾ
തൃപ്പൂണിത്തുറക്കാർ ഇങ്ങനാണ് .... ഭഗവാനെ കുളിച്ചു തൊഴുതു... ഉത്സവങ്ങളിൽ
മതി മറന്നു നിന്ന്... മേളകൊഴുപ്പിൽ ആടി... അതൊരു തരം ഭ്രാന്ത് തന്നെ
ആണ്...
സിന്ധു ബിജു
Story No. 02
Comments
Post a Comment