കാർമേഘകടൽ


കാലവർഷം വീണ്ടും തകർത്തു പെയ്യാനുള്ള ഒരുക്കത്തിലാണ്. ഇരുണ്ടു മൂടിയ ആകാശവും ഇരുട്ടുമെല്ലാം തന്നെ ഭയപ്പെടുത്തി തുടങ്ങിയത് അവൾ മനസ്സില്ല മനസ്സോടെ അംഗീകരിച്ചു തുടങ്ങിരിക്കുന്നു.   പ്രായം അറുപതു  കഴിഞ്ഞു പക്ഷെ  മനസ്സിൽ സപ്തതി കഴിഞ്ഞ പ്രതീതി ആണ്. 
മനസ്സ് പതിവില്ലാതെ പഴയ കാലത്തേക്ക് പോകുന്നത് അവൾ അറിഞ്ഞു.
ജനിച്ചപ്പോൾ മാതാപിതാക്കൾക്ക് വേണ്ടാത്തവളായി തോന്നിയത് കൊണ്ടാവാം കാരുണ്യലയത്തിന്റെ തൊട്ടിലിൽ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചത്. ജനിച്ചതേ തോൽവി ആയതു കൊണ്ടാകാം പിന്നീടൊരിക്കലും ജീവിതത്തിൽ തോൽക്കില്ല എന്ന് ഓർമ്മ വച്ച കാലം മുതൽ അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത്.  അവൾ അവിടെ എല്ലാവരുടെയും കണ്ണിൽ ഉണ്ണിയായി വളർന്നു.  പഠനത്തിൽ മിടുക്കി,  സംഗീതം അഭ്യസിക്കാതെ മനോഹരമായി പാടുന്നവൾ. അവളുടെ മുഖം വാടി ആരും കണ്ടിട്ടുണ്ടാകില്ല. പഠിച്ച കലാലയത്തിൽ തന്നെ തനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപകവൃത്തിക്ക് കയറുമ്പോൾ ജീവിതത്തെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ച ആത്മ സംതൃപ്തി അവളിൽ പ്രകടം ആയിരുന്നു.
സഹാധ്യാപകന് തന്നോട് തോന്നിയ ആകർഷണം മനസ്സിലാക്കിയിട്ടും അവൾ പിടി കൊടുക്കാതെ നടന്നു.  ഇനി ഒരു തോൽവി വേണ്ട എന്നുള്ളത് കൊണ്ടാകാം.  പക്ഷെ അറിഞ്ഞോ അറിയാതെയോ അവളുടെ മനസ്സും പ്രണയാർദ്രമാകുന്നത് അവൾ അറിഞ്ഞു. കണ്ണ് കൊണ്ടും പുഞ്ചിരി കൊണ്ടും അവരുടെ പ്രണയം തളിർക്കുന്നതു കണ്ടു മനസ്സ് തുള്ളിച്ചാടുന്നത് അവൾ അറിഞ്ഞു. വീട്ടിലേക്ക് പെണ്ണ് ചോദിക്കാൻ വരാം വിലാസം തരു എന്നതായിരുന്നു ഞങ്ങളുടെ ആദ്യ സംഭാഷണം.... അവസാനത്തെയും.  കാരുണ്യലയത്തിന്റെ വിലാസം എഴുതിയ കടലാസ്സുമായി അവൻ നടന്നു നീങ്ങുന്നത് ഇനി ഒരിക്കലും കാണാതിരിക്കാൻ ആണെന്ന സത്യം അവൾ പതിയെ മനസ്സിലാക്കി. പിന്നീടൊരിക്കലും ചിരിക്കാനോ പാടാനോ കഴിയുന്നില്ല എന്ന യാഥാർഥ്യം അവൾ അറിഞ്ഞു.
ജോലിയിൽ നിന്ന് വിരമിച്ചു അവൾ വീണ്ടും കരുണാലയത്തിന്റെ മുറ്റത്തേക്ക്.... തന്റെ നിയോഗം എന്താണെന്നു അവൾക്കിപ്പോ നല്ല ബോധ്യം ഉണ്ട്..... എന്നാലും....

Sindhu Biju
Story No. 01

Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ