സന്ദേശങ്ങൾ

കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ ഓണ പരീക്ഷാകാലം... പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്നെ പരീക്ഷക്കിടയിൽ നിന്നും പ്രിൻസിപ്പൽ റൂമിലേക്ക്‌ വിളിപ്പിച്ചു. കൊച്ചച്ഛനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഓടിച്ചെന്ന എന്നെ തിടുക്കത്തിൽ വീട്ടിലേക്കു കൊണ്ടു പോയി. എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായെങ്കിലും അവിടെ കാത്തിരിക്കുന്നത് അച്ഛന്റെ മരണ വിവരം ആണെന്ന് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.

രാവിലെ  സ്കൂളിൽ കൊണ്ടു വിട്ടു നല്ല പോലെ പരീക്ഷ എഴുതണം മോളെ എന്നും പറഞ്ഞു ടാറ്റയും നൽകി സ്കൂട്ടറിൽ ജോലിക്ക് പോയ അച്ഛൻ ആണ് ഈ കിടക്കുന്നത്.. പാഞ്ഞു വന്ന ലോറി തട്ടിത്തെറിപ്പിച്ചത് അച്ഛന്റെ ജീവൻ മാത്രം ആയിരുന്നില്ല... അച്ഛന്റെ നിഴലിൽ കരുതലിൽ  ജീവിച്ചിരുന്ന എന്റെയും അമ്മയുടെയും ഏട്ടന്റെയും മാനസികനില കൂടി ആണ്..

അച്ഛന്റെ സ്നേഹക്കരുതലിൽ കെട്ടിപ്പെടുടുത്തി എടുത്ത കൊച്ചു വീടാണ് ഞങ്ങളുടേത്.. അച്ഛൻ അമ്മ ഏട്ടൻ ഞാൻ... അച്ഛൻ  വില്ലേജ് ഓഫീസിൽ ക്ലാർക്ക്... പഠനം കഴിഞ്ഞ് ഏട്ടൻ ചെന്നൈയിലെ ഓഫീസിൽ ജോലിക്ക് കയറിയിട്ട് നാല് മാസമേ ആയിട്ടുള്ളു... അമ്മയെക്കാളും എനിക്ക് ആത്മബന്ധം അച്ഛനോടാണ്.. പഠനത്തിലുള്ള എന്റെ സംശയങ്ങൾ തീർത്തു തരുന്നതും ജീവിതത്തിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പറഞ്ഞു തരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപദേശങ്ങൾ നൽകുന്നതും എല്ലാം അച്ഛനാണ്....  പുസ്തകത്തിൽ വൃത്തിയും വെടിപ്പും ആയി എഴുതി വച്ചപോലെ ആയിരുന്നു അച്ഛന്റെ കണക്കു കൂട്ടലുകൾ... ഒരു നിമിഷം കൊണ്ടു അതെല്ലാം മാറി മറഞ്ഞു...

അച്ഛന്റെ മരണാനന്തര ആവശ്യങ്ങൾ കഴിഞ്ഞു.... വീട്ടിൽ ആളുകളൊഴിഞ്ഞു... അമ്മയും ഏട്ടനും ഞാനും.... വീട് ശ്മശാനം പോലെ മൂകമായി... അച്ഛന്റെ ജോലി ഏട്ടന് ലഭിക്കാനുള്ള എഴുത്തുകുത്തുകൾ അച്ഛന്റെ സുഹൃത്തുക്കൾ വന്നു ചെയ്യുന്നുണ്ട്... ഏട്ടന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഉയർന്ന പോസ്റ്റില്ലേക്ക്‌ ജോലിയും ലഭിക്കുമത്രേ...

ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി... അധ്യാപകരും കൂട്ടുകാരും സ്നേഹവും കരുതലുമായി കൂടെ ഉണ്ട്... പക്ഷെ എനിക്ക് അതെല്ലാം വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.. എന്നും ക്ലാസ്സിൽ ഒന്നാമതായിരുന്ന ഞാൻ അടുത്ത പരീക്ഷക്ക്‌ താഴേക്കു കൂപ്പു കുത്തി...

സ്കൂൾ വിട്ടു വീടെത്തിയ ഒരു ദിവസം.... മേശപ്പുറത്തു പൊട്ടിച്ചു വായിച്ചു വച്ചിരിക്കുന്ന  ഒരു  കത്ത്... ഞാൻ കത്ത് തുറന്നു വായിച്ചു.... നല്ല വടിവൊത്ത അക്ഷരത്തിൽ അച്ഛൻ പറയുന്നതു പോലെയുള്ള വാക്കുകൾ... പഠനത്തിൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ആണ് കത്തിൽ മുഴുവനും... കൂടെ അമ്മക്ക് ധൈര്യം പകരേണ്ടതിന്റെയും എട്ടന് കരുതൽ കൊടുക്കേണ്ടതിന്റെയും കാര്യങ്ങളും ഉണ്ട്... കണ്ണുകൾ നിറഞ്ഞൊഴുകി... കത്തുമായി അമ്മയുടെയും ഏട്ടന്റെയും അടുത്തെത്തി... എന്റെ അതെ അത്ഭുതം ആണ് അവരുടെ കണ്ണുകളിലും...

പിന്നീടങ്ങോടു ഇടയ്ക്കിടയ്ക്ക് കത്തുകൾ വരുവാൻ തുടങ്ങി...  ആരാണ് അയക്കുന്നത് എന്നറിയാൻ ഞാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.. ആദ്യമൊക്കെ അത് വലിയ നിരാശ നൽകി എങ്കിലും കത്തിലെ ഉള്ളടക്കങ്ങൾ നൽകിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു... പ്രത്യേകിച്ച് നിഷ്ഠ ഒന്നുമില്ലാതെ വന്നിരുന്ന ആ കത്തുകൾ.... ചിലപ്പോൾ ആഴ്ചയിൽ ഒരിക്കൽ... ചിലപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ.... അല്ലെങ്കിൽ മാസത്തിലൊരിക്കൽ..... എന്റെ അടുപ്പത്തിലുള്ള ആരുടേയും കയ്യെഴുത്തുമായി ഒരു ബന്ധവും ഇല്ലാത്തതിനാലും ആളെ കണ്ടു പിടിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലും കത്തെഴുതുന്ന ആളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ പതിയെ ഞാൻ ഉപേക്ഷിച്ചു...

ജീവിതത്തിലെ പ്രധാന ദിവസങ്ങളിൽ.... നിർണ്ണായകഘട്ടങ്ങളിൽ.... തളർന്നുപോകുന്ന സമയങ്ങളിൽ.... കാലങ്ങൾ കടന്നു പോയെങ്കിലും കത്തിന്റെ വരവ് തുടർന്നു.  നാളെ അച്ഛന്റെ ഓർമ്മ ദിനം ആണ്... ഡോക്ടറാകുക എന്ന അച്ഛന്റെ ആഗ്രഹം നിറവേറുന്ന ദിവസവും... ഞങ്ങളുടെ അടുത്ത് തന്നെ ഉള്ള ഹോസ്പിറ്റലിൽ ഡോക്ടറായി ചുമതല ഏൽക്കുന്ന ദിനമാണ്... അമ്മയും ഏട്ടനും ഏടത്തിയും ഏട്ടന്റെ മക്കളും ഞാനുമെല്ലാം അമിത ആഹ്ലാദത്തിലാണ്... ഊണ് കഴിഞ്ഞു എല്ലാവരും ഉമ്മറത്തിരുന്നു വർത്തമാനത്തിലാണ്.... പോസ്റ്റുമാൻ വരുന്നത് കണ്ടതേ ഞാൻ ഓടി... അതൊരു നീണ്ട സന്ദേശം ആയിരുന്നു..... അച്ഛൻ മരിച്ചത് മുതൽ ഇന്ന് വരെ ഞാൻ കടന്നു പോയ വഴികളും ഞാൻ നേടിയ നേട്ടങ്ങളും എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടായിരുന്നു... കത്ത് അവസാനിപ്പിക്കുമ്പോൾ ഇനി ഒരു സന്ദേശം നിനക്ക് ആവശ്യം ഇല്ല എന്നും അച്ഛന്റെ ആഗ്രഹപ്രകാരം ഉയർന്ന നിലയിൽ എത്തിയതിനു അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട്  നിർത്തുന്നു എന്നും പറഞ്ഞിരുന്നു.

ആ കത്തുകൾ ആരാണ് എഴുതിയത് എന്ന് എനിക്കറിയില്ല... യാതൊരു ലാഭേച്ഛയും ഇല്ലാതെ എന്റെ നന്മ മാത്രം ഉദ്ദേശിച്ചുള്ള ആ കത്തുകൾക്ക് എന്റെ അച്ഛനോളം മൂല്യം ഉണ്ട്... ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ സന്ദേശങ്ങൾ ജീവിതത്തിലുടനീളം എനിക്ക് ഊർജ്ജം പകരുമെന്നതിൽ സംശയം ഇല്ല....

സിന്ധു ബിജു
Story No.: 12


Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ