കിച്ചൻ
തുലാമഴ തകർത്തു പെയ്യുകയാണ്... മഴയും ഇടിയും മിന്നലും ഇരുട്ടുമെല്ലാം ആദ്യമായി ഭയപ്പെടുത്തുന്നത് പോലെ ....
ഞാൻ മരിച്ചിട്ടേ നീ പോകാവൂ അമ്മിണി..... എപ്പോഴുമുള്ള എന്റെ വാക്കുകൾ വക വക്കാതെ അവൾ യാത്രയായി....ഇനിയിപ്പോൾ ഈ വലിയ തറവാട്ടിൽ ഞാനും കിച്ചനും മാത്രം...
അധ്യാപകൻ കൂടി ആയതിനാലാകും താൻ മക്കൾക്ക് കർക്കശക്കാരനായ അച്ഛൻ ആയത്.... അതുകൊണ്ട് തന്നെ മക്കൾക്ക് അടുപ്പം അമ്മയോടായിരുന്നു... രണ്ടു മക്കളും പുറം നാടുകളിൽ കുടുംബവുമായി ജീവിക്കുന്നു...
വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തിയാലും ഈ തറവാട്ടിൽ ഞങ്ങൾക്കൊപ്പം താമസിക്കാൻ മക്കൾ താല്പര്യം കാണിക്കാറില്ല... അവർ സ്വന്തമായി ഉണ്ടാക്കിയ വീടുകളിൽ താമസത്തിനു ക്ഷണിക്കുമെന്ന് ആദ്യമൊക്കെ ആഗ്രഹിക്കുമായിരുന്നു .... ഒരിക്കൽ പോലും അവർ വിളിച്ചില്ല....മക്കളോടൊപ്പം നിൽക്കുവാനുള്ള ആഗ്രഹം കാരണം അമ്മിണി ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം പോയി നിൽക്കുമായിരുന്നു ... പിന്നീട് പോയി കാണാറുമില്ല.....
മക്കൾക്ക് ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുവാനോ കൂടെ രണ്ടു ദിവസം താമസിക്കുവാനോ സമയമില്ല എങ്കിലും കിച്ചനെ രാഘവൻ മാഷ് ഞങ്ങൾക്ക് ഒരു കൂട്ടിനായി നൽകിയത് മക്കൾക്ക് ഇഷ്ടം ആയില്ല.... വയസ്സാംകാലത്ത് അച്ഛന്റെ ഓരോരോ വട്ടുകൾ... മക്കളുടെ പരാതികൾ അമ്മയുടെ അടുത്തായിരുന്നു...
അടുത്ത വരവിനു സ്വത്തുക്കൾ ഭാഗം വച്ചു വാങ്ങി മക്കൾ.... തറവാട് ഒഴികെ താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കണക്ക് പറഞ്ഞു കീറി മുറിക്കപ്പെട്ടു.... തറവാട് കിച്ചന് ആയിരിക്കുമല്ലേ അമ്മേ ? മൂത്ത മകന്റെ പരിഹാസം....
കിച്ചന്റെ സ്നേഹം എനിക്കും അമ്മിണിക്കും കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത്... അവന് പരാതികളില്ല ചീത്ത പറഞ്ഞാൽ പിണക്കമില്ല.... ആരോരുമില്ലാത്ത അവന് അഭയം നൽകിയതിന്റെ സ്നേഹം ആണെങ്കിൽ ആവോളമുണ്ട്...
പെട്ടെന്നുണ്ടായ നെഞ്ചുവേദന അമ്മിണിയെ എന്നിൽ നിന്നും അകറ്റി.... കർമ്മങ്ങൾ കഴിഞ്ഞതോടെ മക്കൾ തിരിച്ചു പോകുവാനുള്ള തയ്യറെടുപ്പുകൾ തുടങ്ങി... അച്ഛനെയിനി തനിച്ചു നിർത്താൻ പറ്റില്ല... ഞങ്ങൾ നല്ലൊരു വൃദ്ധസദനം കണ്ടു വച്ചിട്ടുണ്ട്... നാളെ അങ്ങോടു പോകാം.... മൂത്ത മകന്റെ ശാസന....
എന്റെ കാര്യം ഓർത്തു മക്കൾ ആവലാതിപ്പെടേണ്ട... ഞാൻ ഈ തറവാട് വീട് വിട്ടു എങ്ങോട്ടുമില്ല.... എനിക്ക് കൂട്ടിനു കിച്ചനുണ്ടല്ലോ... നിങ്ങൾ സമാധാനമായി തിരികെ പൊക്കൊളു....
കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് മക്കൾ പിറ്റേ ദിവസം തന്നെ യാത്രയായി...
ഉമ്മറത്തെ ഈ കസേരയിൽ തകർത്ത് പെയ്യുന്ന മഴ കണ്ടു കൊണ്ട് ഞാനും എന്റെ കാലിന്റെ അടുത്ത് ചൂട് പറ്റി കിച്ചനും... അല്ലെങ്കിലും കൊടുത്ത ചോറിനു നന്ദി കാണിക്കുവാൻ നായയോളം മാനസിക വലുപ്പം മനുഷ്യനില്ല അല്ലെ??
സിന്ധു ബിജു
Story No.: 34
നന്നായിട്ടുണ്ട്. 👍👏👏
ReplyDelete👌👍
ReplyDelete