വാകമരത്തണലിൽ
"ശാലു കാളിങ് "... ബാങ്കിലെ തിരക്കുകൾക്കിടയിൽ വന്ന ഫോൺ വിളി തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്..... ഒരു കാലത്ത് ഫോണിൽ ഏറ്റവും അധികം പ്രാവശ്യം വന്നിരുന്ന കാൾ ആണ്.., അന്നും ഇന്നും അത്രയും പ്രാവശ്യം വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടാകില്ല..
മുന്നിൽ ആളുകൾ ഇരിക്കുന്നതിനാൽ കാൾ എടുക്കാൻ സാധിച്ചില്ല.... തിരക്കൊന്ന് ഒഴിയാൻ കാത്തിരുന്നു... പക്ഷെ അതിനു മുന്നെ വീണ്ടും വിളി എത്തി....
ഈ പ്രാവശ്യം കാൾ എടുത്തു... കിച്ചു... ഞാൻ ശാലു ആണ്..... മനസ്സിലായോ?? ഒന്ന് മൂളാൻ അല്ലാതെ വേറെ ഒന്നും വരുന്നില്ല... എനിക്കൊന്ന് തന്നെ കാണണം... നമ്മുടെ പഴയ സ്ഥലം തന്നെ മതി....അധികം ഞാൻ ബുദ്ധിമുട്ടിക്കില്ല.... ഒരു അര മണിക്കൂർ.... നാളെ വൈകിട്ട് അഞ്ച് മണിയോടെ ഞാൻ അവിടെ ഉണ്ടാകും..... ബാങ്കിൽ നിന്നും താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു ഇറങ്ങു.... ഫോൺ കട്ടായി... ഞാൻ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ശാലുവിന് എങ്ങനെ അറിയാം?? ഒന്നും മനസ്സിലാകുന്നില്ല..
ജോലിയിൽ ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല.,.. ബാങ്കിൽ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ സുഖമില്ല എന്ന കാരണം മാനേജറെ ധരിപ്പിച്ചു പുറത്തു ചാടി..... ചുമ്മാ ഒരു ഡ്രൈവ്..... അതാകും നല്ലത്... മനസ്സ് മന്ത്രിച്ചു...
കാറും എടുത്ത് എങ്ങോട്ടെന്നില്ലാതെ...... മനസ്സ് മുഴുവൻ ശാലു ആണ്... കോളേജ് പഠന കാലത്തെ വെറുമൊരു പ്രണയം മാത്രം ആയിരുന്നോ ഞങ്ങൾ തമ്മിൽ?? അല്ല... എത്ര മനോഹരം ആയിരുന്നു ഞങ്ങളുടെ പ്രണയം...
വളരെയേറെ സ്നേഹവും കൊച്ചു പിണക്കങ്ങളും.... എല്ലാം പരസ്പരം പങ്കു വച്ചു ഒളിവും മറവും ഇല്ലാത്ത ആത്മാർത്ഥ സ്നേഹം.... ഒന്നിനും അമിത പരാതികൾ ഇല്ല.... നിയന്ത്രണങ്ങൾ ഇല്ല.... ജോലി കിട്ടിയാൽ വിവാഹം കൊണ്ടു ബന്ധിപ്പിക്കാൻ ഞങ്ങൾ ഒരുങ്ങി ഇരിക്കുകയായിരുന്നു...
അഞ്ച് വർഷത്തെ കോളേജ് ജീവിതം കഴിഞ്ഞ് ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി... കൂട്ടത്തിൽ ബാങ്ക് കോച്ചിങ്ങിനും ചേർന്നു.... ശാലു BEd നും.... എപ്പോഴും കാണൽ ഇല്ലെങ്കിലും ഫോണിൽ കൂടി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു.... അപ്പോൾ മുതൽ ആണ് ശാലുവിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയത്.... അകാരണമായി ദേഷ്യപ്പെട്ടു ഫോൺ വക്കുക, ഒച്ചപ്പാട് ഉണ്ടാക്കുക... പലപ്പോഴും എന്തിനാണ് ദേഷ്യപ്പെടുന്നത് എന്ന് പോലും എനിക്ക് മനസ്സിലാകാറുണ്ടായിരുന്നില്ല.... ആദ്യം ഒക്കെ ഒരു ദിവസം കൊണ്ട് മാറിയിരുന്ന വഴക്കുകൾ പിന്നീട് ആഴ്ചകൾ നീണ്ടു.... ആദ്യമൊക്കെ ഒന്ന് കണ്ടു കഴിഞ്ഞാൽ തീരുമായിരുന്ന ഒച്ചപ്പാടുകൾ പിന്നീട് കാണുമ്പോൾ മാറാതായി.... മനസ്സ് കൊണ്ടു രണ്ടു പേർക്കും പൊരുത്തപ്പെടാൻ പറ്റാതായി...
നമുക്ക് പിരിയാം..... ശാലുവിന്റെ വാക്കുകൾ തെല്ലൊന്നുമല്ല എന്നെ ഞെട്ടിച്ചത്.... പക്ഷെ ശാലു തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലായിരുന്നു.... എത്ര മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ശാലു അടുക്കുന്നില്ലായിരുന്നു..... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രണ്ടു പേരും രണ്ടു വഴിക്ക് നീങ്ങി.....
എത്ര ശ്രമിച്ചിട്ടും അവളെ മറക്കാൻ സാധിക്കുന്നില്ല..... ഒരുപാട് തവണ ഫോണിലേക്ക് വിളിച്ചു.... ആദ്യം ഒക്കെ റിങ് ചെയ്യുന്നുണ്ടായിരുന്നു.... പിന്നീട് എന്റെ നമ്പർ ബ്ലോക്ക് ചെയ്തു എന്ന് തോന്നി..... കണ്ടു സംസാരിക്കാം എന്ന് കരുതി അവളുടെ വീട്ടിലേക്ക് ചെന്നു... വാടക വീടൊഴിഞ്ഞു അവർ പോയിട്ട് ഒരു മാസം ആയി എന്ന് അടുത്ത വീട്ടുകാർ പറഞ്ഞു...
ഇപ്പോൾ അഞ്ച് വർഷം കഴിയുന്നു..... വീട്ടുകാരുടെ ഇഷ്ട പ്രകാരം വിവാഹം കഴിച്ചു.... ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലിയും ലഭിച്ചു.....
കുറച്ചു വൈകി വീടെത്തിയപ്പോൾ..... ശാലു വിളിച്ച കാര്യവും കാണണം എന്ന് പറഞ്ഞതും കെട്യോളോട് ഒളിച്ചു വക്കുവാൻ തോന്നിയില്ല.... എല്ലാം തുറന്നു പറഞ്ഞുള്ള വിവാഹത്തിൽ ഈ കാര്യം ഒളിച്ചു വക്കേണ്ടതയി തോന്നിയതും ഇല്ല.... നിങ്ങൾ നാളെ പോയി കാണു ഏട്ടാ... അവളുടെ അനുവാദവും കിട്ടി...
രാത്രി വെളുപ്പിക്കുവാനും ബാങ്കിൽ ജോലി ചെയ്യുവാനും വൈകിട്ടു നാലര ആക്കുവാനും ചില്ലറ പാടല്ല പെട്ടത്....
മറൈൻ ഡ്രൈവിലെ വാകമരതണലിലെ ഈ ബെഞ്ചിൽ എത്ര ഇരുന്നാലും മതി വരില്ലായിരുന്നു എനിക്കും ശാലുവിനും .... ചുവന്ന പരവതാനി വിരിച്ച പോലെ വാകപ്പൂക്കൾ... ഈ പാർക്കും സായാഹ്നങ്ങളും ഒരുപാട് നാളുകൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ...
കിച്ചു.... വിളി കേട്ട ഭാഗത്തേക്ക് നോക്കി... ശാലു ആളാകെ മാറിയിരിക്കുന്നു.... തലമുടി ഒക്കെ ക്രോപ് ചെയ്തു തനി മോഡേൺ..... പണ്ട് എന്റെ കയ്യും തൂങ്ങി നടന്നിരുന്ന നാടൻ പെൺകുട്ടിയെ അല്ല....
എന്താ കിച്ചു..... എന്നെ ആദ്യമായി കാണുകയാണോ?? ശാലുവിന്റെ ചോദ്യം..... ചിരിച്ചു കൊണ്ട് അവൾ അടുത്ത് വന്നിരുന്നു....
ഞാനൊന്നും മിണ്ടുന്നില്ല എന്ന് തോന്നിയത് കൊണ്ടാകും ശാലു തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി.... BEd ന് പഠിക്കുന്ന സമയത്ത് കോളേജിൽ വച്ചു തല കറങ്ങി വീണതും ടെസ്റ്റുകളിൽ ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടു പിടിച്ചതും കാരണം ഉണ്ടാക്കി എന്നോടു വഴക്കുണ്ടാക്കി പിരിഞ്ഞതും ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു തീർത്തു..... നീണ്ട ചികിത്സകൾ....
മാറി എന്ന് കരുതിയ രോഗം വീണ്ടും കൂട്ടിനായി എത്തിയിട്ടുണ്ടെന്നും ജീവിതത്തിലേക്ക് ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ല എന്ന് തോന്നിയത് കൊണ്ടാണ് കിച്ചുവിനെ കാണണം എന്ന് പറഞ്ഞത് എന്നും പറഞ്ഞു തീർക്കുമ്പോൾ അവൾ പൊട്ടി കരഞ്ഞു പോയി....
വളരെ പെട്ടെന്ന് സമനില വീണ്ടെടുത്ത ശാലു എനിക്കൊന്ന് സംസാരിക്കാൻ അവസരം നൽകാതെ നടന്നു നീങ്ങി... അവൾ നടന്നകലുമ്പോൾ വാകമരപ്പൂക്കളുടെ ചുവപ്പ് നിറം ഒന്ന് കൂടി കൂടുന്നത് പോലെ.....
സിന്ധു ബിജു
Story No.: 33
Comments
Post a Comment