തീരങ്ങൾ

 ഈ കടൽത്തീരത്ത് ഇത്രയും നെഞ്ചിടിപ്പോടെ നിൽക്കുന്നത് ആദ്യമായിട്ടാണ്....ഒരു നിമിഷം കൊണ്ടു ജീവിതം തന്നെ മാറി മറിഞ്ഞ അവസ്ഥ....

അച്ഛനും അമ്മയും പ്രിയേച്ചിയും ഞാനും...... ഞങ്ങളുടെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞു കുടുംബം.... കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റ്.... ഞങ്ങളുടെ സ്വർഗ്ഗ സമാനമായ വീട്....

അച്ചന്റെയും അമ്മയുടെയും നാട് കണ്ണൂർ ആണെന്ന് മാത്രമേ ഞങ്ങൾക്കറിയൂ... സ്നേഹിച്ചു കല്യാണം കഴിച്ചതിന്റെ പേരിൽ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവരാണ് അച്ചനും അമ്മയും....അതുകൊണ്ട് തന്നെ ബന്ധുക്കൾ ഇല്ലാത്തവർ...

അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥർ... പ്രിയേച്ചിയും ഞാനും തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്..... അമ്മ, ചേച്ചി എല്ലാത്തിലും ഉപരി എന്റെ ഏറ്റവും നല്ല സുഹൃത്ത്‌..... എന്നെ സംബന്ധിച്ച് പ്രിയേച്ചി കൈകാര്യം ചെയ്യുന്ന റോളുകൾ പലതാണ്..

ഇന്ന് പ്രിയേച്ചിയെ പെണ്ണ് കാണാൻ വന്നവർ ആണു ഞങ്ങളുടെ അല്ല എന്റെ മാനസികാവസ്ഥ തന്നെ മാറ്റി മറിച്ചത്... ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മകൻ അല്ലത്രേ... അവർ എടുത്ത് വളർത്തിയത് ആണത്രേ....

കേട്ട കാര്യം സത്യമോ നുണയോ ഒന്നും അറിയില്ല.... ബൈക്കും എടുത്ത് ഇറങ്ങി അപ്പോൾ തന്നെ... ഞങ്ങളുടെ ഇഷ്ട സ്ഥലം ആണ് ഈ കടൽ തീരം.... എപ്പോൾ സമയം കിട്ടിയാലും ഞങ്ങൾ നാലു പേരും ഇവിടെ വന്നിരിക്കും... അസ്തമയം കാണും.....പക്ഷെ ഇന്ന്.... പെട്ടെന്ന് തനിച്ചായി പോയത് പോലെ..... തലയൊക്കെ പെരുക്കുന്നു.... തിരകൾ  കാലുകളെ മാടി വിളിക്കുന്ന പോലെ..... കടലിനെക്കാളും പ്രക്ഷുബ്ദം ആണ് മനസ്സ്....

ഞാൻ അനാഥൻ ആണെന്നോ?? എത്ര ഭംഗി ആയി ആണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്??  പ്രിയേച്ചിയെക്കളാളും അവർക്ക്  എന്നോടാണ് സ്നേഹം എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.... എന്റെ ഏത് ആഗ്രഹവും സാധിച്ചു തന്നാണ് അവർ എന്നെ വളർത്തിയത്... പ്രിയേച്ചി.... എന്റെ എന്ത് തല്ലു കൊള്ളിത്തരവും വാശികളും ക്ഷമിച്ചു എന്നെ പോന്നു പോലെ അല്ലേ നോക്കുന്നത്?? എങ്ങനെ ആണു അവർക്ക് എന്നെ ഇങ്ങനെ സ്നേഹിക്കാൻ ആയത്?? ഒരായിരം ചോദ്യങ്ങൾ മനസ്സിൽ... ഒന്നിനും ഉത്തരമില്ല....

ഉണ്ണിക്കുട്ടാ.... തോളത്തു പ്രിയേച്ചിയുടെ കൈകൾ....  ചേച്ചിയും ഞാനും സ്ഥിരം ഞങ്ങൾ ഇരിക്കാറുള്ള ബെഞ്ചിൽ പോയിരുന്നു.... വാ തോരാതെ സംസാരിക്കാറുള്ള ഞങ്ങൾക്ക് ഒന്നും മിണ്ടുവാൻ വരുന്നില്ല....

ഉണ്ണിക്കുട്ടാ.... എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ആണ് നീ ഞങ്ങൾക്ക് സ്വന്തം ആയത്... ഇതേ കടൽ തീരത്ത് നിന്നാണ് ആരോ ഉപേക്ഷിച്ച രീതിയിൽ നിന്നെ കിട്ടിയത്... ജനിച്ച് ദിവസങ്ങൾ മാത്രം ആയിട്ടുള്ള നിന്നെ ഞാൻ ആണു ഈ കടൽ തീരത്ത് നിന്നും നിന്നെ കോരി എടുത്തത്..... ഒരുപാട് ദിവസങ്ങൾ ആശുപത്രിയിൽ..... അച്ഛന്റെ സുഹൃത്തിന്റെ ആശുപത്രി ആയിരുന്നു...കേസിനും ഒന്നിനും പോകണ്ട... നമുക്ക് വളർത്താം എന്ന തീരുമാനം എടുത്ത് അച്ഛനും അമ്മയും ഈ നാട്ടിൽ നിന്നും നിർബന്ധിത സ്ഥലം മാറ്റം വാങ്ങി തിരുവനന്തപുരത്തെത്തി.... കൊച്ചിയിൽ ഞങ്ങളുടെ വീടിനു തൊട്ടടുത്തെ വീട്ടിലെ അങ്കിൾ മാത്രമേ ഈ വിവരം അറിഞ്ഞുള്ളു.... ആ അങ്കിൾ ആണ് മകന് പെണ്ണ് കാണാൻ ഇന്ന് വീട്ടിലെത്തിയത്....

എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല..... പ്രിയേച്ചി നീട്ടിയ കൈകൾക്കുള്ളിലേക്ക് ഒരു കുഞ്ഞുവാവയെന്നോണം ഞാൻ വീണു....

ഉണ്ണിക്കുട്ടാ.... നീ വീട്ടിൽ നിന്നും ഇറങ്ങി പോന്നപ്പോൾ  അച്ഛനും അമ്മയും എത്ര മാത്രം സങ്കടപ്പെട്ടു കാണും?? നിന്റെ ഇരുപത്തിരണ്ടു വയസ്സിനുള്ളിൽ ഞങ്ങളുടെ സ്വന്തം അല്ലാത്തതായി നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?? ചില ബന്ധങ്ങൾ അങ്ങനെ ആണ് ഉണ്ണിക്കുട്ടാ... അത് നിശ്ചയിക്കുന്നത് ഈശ്വരൻ ആണ്.., അത് തിരുത്താൻ നമുക്കാകില്ല.... ഒരു കാര്യം നീ ഉറപ്പിച്ചോളു മോനെ.... നീ ഇല്ലാ എങ്കിൽ ഞങ്ങളും ഇനി ഉണ്ടാകില്ല.....

പ്രിയേച്ചിയുടെ കയ്യും പിടിച്ചു വീണ്ടും  ജീവിതത്തിലേക്ക്..... അല്ലെങ്കിലും അച്ചന്റെയും അമ്മയുടെയും പ്രിയേച്ചിയുടെയും സ്നേഹം തട്ടിത്തെറിപ്പ് ഞാൻ എവിടെ പോകാൻ..... ജനിപ്പിച്ചവർക്ക് വേണ്ടാതെ കടലിൽ വലിച്ചെറിഞ്ഞപ്പോൾ ജീവൻ തിരിച്ചു നൽകിയ ഈ സ്നേഹം അല്ലേ യഥാർത്ഥ സ്നേഹം.... അവർക്ക് വേണ്ടി അല്ലേ ഞാൻ ഇനി ജീവിക്കേണ്ടത്.….

സിന്ധു ബിജു

Story No.: 31



Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ