നിഴൽ

വെള്ളിയാഴ്ച്ചയിലെ തിരക്കേറിയ ക്ലാസ്സുകൾ തീർത്ത് ഫ്ലാറ്റിലെത്തി ..... മനസ്സ് കാർമേഘം വന്നു മൂടിയ പോലെ... നെഞ്ച് ക്രമാതീതമായി  മിടിക്കുന്നു..

ഗണിതത്തിൽ ബിരുദാനന്തര ബിരുദം എടുത്ത് അധ്യാപനം തിരഞ്ഞെടുത്തത് അത് ഇഷ്ടമേഘല ആയത് കൊണ്ടാണോ??  എറണാകുളത്തെ കോളേജുകളിലൊന്നും ജോലി കിട്ടാഞ്ഞത് കൊണ്ടാണോ തിരുവനന്തനപുരം തിരഞ്ഞെടുത്തത്??  അച്ചന്റെയും അമ്മയുടെയും മരണ ശേഷം കൊച്ചിയിലേക്കുള്ള യാത്ര പോലും വേണ്ടാന്ന് വച്ചു ഈ അജ്ഞാതവാസം  തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..

ഇന്ന് രാവിലെ ആണ് കീർത്തിയുടെ ഫോൺ വിളി വന്നത്... പി ജി ഗെറ്റ് ടുഗെതർ... അവളുടെ വിശേഷങ്ങളും ആർക്കും പിടി കൊടുക്കാതെ നടക്കുന്ന എന്നോടുള്ള പരിഭവങ്ങളും......അവൾക്ക് ഒരു മാറ്റവും ഇല്ല.... ഞായറാഴ്ച നീ വന്നേ പറ്റു എന്നും പറഞ്ഞു അവൾ ഫോൺ വച്ചു...

ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിനങ്ങൾ... കോളേജ് കാലഘട്ടത്തിലെ വെറും ഒരു പ്രണയം ആയിരുന്നില്ല ഞാനും ജെറിയും തമ്മിൽ... സംഗീതം ആയിരുന്നു ഞങ്ങളെ ഒരുമിപ്പിച്ചത്.. കോളേജിലെ ഏതു പരിപാടിക്കും ഞങ്ങൾ പാടി തകർക്കുമായിരുന്നു... ഞങ്ങളുടെ പ്രണയസല്ലാപങ്ങൾ ഭൂരിഭാഗവും സംഗീതത്താൽ നിറഞ്ഞു നിന്നിരുന്നു...

പി ജി അവസാന വർഷ പരീക്ഷ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും പിരിയാനുള്ള തയ്യാറെടുപ്പിലാണ്... എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... താനൊന്ന് വന്നേ... പതിവില്ലാത്ത ഗൗരവം ജെറിയുടെ വാക്കുകളിൽ...

നമ്മുടെ കുടുംബസാഹചര്യം ഒത്തു പോകാൻ അനുവദിക്കില്ല... വീട്ടുകാർക്ക് ഒരിക്കലും നമ്മുടെ ബന്ധം അംഗീകരിക്കാനാകില്ല...  അവരെ ധിക്കരിച്ചു കൊണ്ട് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ എനിക്കാകില്ല... നമുക്കിത് ഇവിടെ വച്ചു നിർത്താം... ജെറിയുടെ വാക്കുകൾ നൽകിയ ഞെട്ടലിൽ എനിക്ക് യാതൊന്നും സംസാരിക്കാനായില്ല... അഞ്ച് വർഷം ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ എല്ലാം കാറ്റിൽ പറത്തി അവൻ നടന്നു നീങ്ങി...

പിന്നീട് അവനെ കാണാനും സംസാരിക്കാനും ഞാൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു... കീർത്തിയാണ് അവൻ അമേരിക്കയിലേക്ക് പോയ വിവരം പറഞ്ഞത്.. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഈ ഇരുപത് വർഷങ്ങൾക്ക് ശേഷവും എനിക്ക് മനസ്സിലായിട്ടില്ല..

അന്ന് ജെറി നടന്നു നീങ്ങിയത് എന്റെ സകല സന്തോഷവും തട്ടിത്തെറിപ്പിച്ചാണ് എന്ന് പതിയെ ഞാൻ മനസ്സിലാക്കി... സമനില തെറ്റിയ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഒരു വർഷം നീണ്ട ചികിത്സ വേണ്ടി വന്നു...

ഒരു മാറ്റം എനിക്ക് അനിവാര്യം ആണെന്ന് തോന്നിയത് കൊണ്ടാകാം തിരുവനന്തപുരത്തു ലഭിച്ച ജോലിക്ക് അച്ഛൻ അനുവാദം നൽകിയത്... വലിയ പാട്ടുകാരി ആകുക എന്ന മോഹത്തിൽ കവിഞ്ഞു മറ്റൊരു ലക്ഷ്യവും ഇല്ലാതിരുന്ന ഞാൻ അങ്ങനെ ഒരു അധ്യാപിക ആയി... ജെറി പോയതിൽ പിന്നെ പാട്ടു കേട്ടിട്ടില്ല... മൂളിയിട്ടു പോലുമില്ല..  

ഞായറാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ടു... പതുക്കെ ഡ്രൈവ് ചെയ്തു പോകാം.. കൊച്ചിയിലെ ബോൾഗാട്ടി റിസോർട്ടിൽ കാർ നിർത്തുമ്പോൾ പന്ത്രണ്ട് മണിയായി... നീണ്ട ഡ്രൈവിംഗ് കുറച്ചൊന്നു ക്ഷീണിപ്പിച്ചു... എന്നെ കണ്ടതും കീർത്തി ഓടിയെത്തി...

പതിനാറു പേരും എത്തിയല്ലോ എന്ന കീർത്തിയുടെ വാക്കുകൾ .. കണ്ണുകൾ ആരെയാണ് തിരയുന്നത്??  കോളേജിൽ പഠിക്കുന്ന സമയത്തും ഇങ്ങനെ ആണ്... ജെറി എങ്ങാനും വരാൻ വൈകിയാൽ കണ്ണുകൾ അവനെ തിരഞ്ഞു കൊണ്ടേ ഇരിക്കും... അവൻ ഒഴികെ എല്ലാവരും ഉണ്ട്... അവനെ നോക്കി കണ്ണു കഴച്ചു.. കീർത്തി ആണ് ജെറി ബോട്ട് ജെട്ടിയുടെ അടുത്ത് നിൽപ്പുണ്ട് എന്ന് പറഞ്ഞത്..

അവന്റെ അടുത്തേക്ക് ചെല്ലുമ്പോൾ കയ്യും കാലുമൊക്കെ വിറയ്ക്കുന്ന പോലെ... ചങ്കിടിപ്പ് കൂടുന്നു... കണ്ണുകൾ അകാരണമായി നിറയുന്നു...  

അവൻ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ ആയിരുന്നു...പരസ്പരം മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിന്നു... അവൻ ഒന്നും സംസാരിക്കുന്നില്ല... എന്താ പരിപാടി??  അമേരിക്കയിൽ തന്നെ ആണോ??   ഭാര്യയും പിള്ളേരും ഒക്കെ സുഖായി ഇരിക്കുന്നോ??  എന്റെ ചോദ്യങ്ങൾക്ക് അവന്റെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു...

ഞങ്ങളുടെ അരികിലേക്ക് വന്ന കീർത്തി ആണ് പിന്നീട് സംസാരിച്ചത്...  വോക്കൽ കോഡിന്  സംഭവിച്ച ഗുരുതരമായ അസുഖം ചികിത്സിക്കുവാനാണ് ജെറിയുടെ അങ്കിൾ അമേരിക്കയിലേക്ക് അവനെ കൊണ്ടു പോയത്... ചികിത്സ ഫലം കണ്ടില്ല... അവന്റെ സംസാരശേഷി നഷ്ടപ്പെട്ടു..

ഇരുപത് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ജെറി ആണ് എല്ലാവരെയും കണ്ടെത്തി ഇങ്ങനൊരു ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചത്...

കൈകൾ കോർത്തു പിടിച്ചു കൊച്ചി കായലിന്റെ മനോഹാരിത ആസ്വദിക്കുമ്പോൾ ഞങ്ങൾ പഴയ കാമുകനും കാമുകിയുമായി... ഞങ്ങളുടെ സ്നേഹത്തിന്റെ ആഴത്തിന് കായലിന്റെ ആഴത്തിനേക്കാളും വ്യാപ്തിയും പരപ്പുമുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി... പരസ്പരം നിഴലായി ജീവിക്കുവാൻ തീരുമാനിച്ചു തിരിച്ചു കൂട്ടുകാരുടെ അരികിലേക്ക്...

സിന്ധു ബിജു

Story No.: 28

 



Comments

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം