വീണ
ഹായ് റിഷി..... ഓഫീസിലെ വളരെ പ്രധാനപ്പെട്ട മീറ്റിംഗിനിടയിൽ ആണ് മെസ്സഞ്ചറിലെ മെസേജ് നോട്ടിഫിക്കേഷൻ കണ്ടത്.... അയച്ച ആളുടെ പേര് കണ്ടതോടെ അത് തുറന്ന് നോക്കണമെന്ന് തോന്നി എങ്കിലും സാധിച്ചില്ല...
പക്ഷെ അതോടെ മനസ്സ് അസ്വസ്ഥം ആയ പോലെ... ഒരു വിധത്തിൽ ഓഫീസിലെ തിരക്കേറിയ കാര്യങ്ങൾ തീർത്ത് ഇറങ്ങുമ്പോൾ സമയം രാത്രി പത്തുമണി...
പാർക്കിങ്ങിൽ എത്തി കാറിൽ കയറിയിരുന്നു... ദുബായിൽ എത്തിയിട്ട് ഇരുപത് വർഷം കഴിഞ്ഞിരിക്കുന്നു... യന്ത്രം പോലെ ജീവിക്കാൻ തുടങ്ങിട്ട് എന്ന് മറ്റൊരു ഭാഷയിൽ പറയാം...
വീണ... നാട്ടിൽ വീടിനടുത്താണ് അവളുടെ വീട്.... കോളേജിൽ പഠിക്കുന്ന കാലം മുതൽ അവൾ ഒരു കുളിരായി മനസ്സിലുണ്ടായിരുന്നു... പക്ഷെ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു... അവളുടെ നോട്ടത്തിലും ഭാവത്തിലും എന്നോടുള്ള പ്രണയം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ പഠനം, ജോലി... വലിയ സ്വപ്നങ്ങൾ എന്നെ സ്വാർത്ഥൻ ആക്കി.... ദുബായിൽ ജോലി ലഭിച്ചു പോരുമ്പോൾ ഉയർന്ന നിലയിൽ എത്തുക എന്നത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു..
ഉയർന്ന ജോലി, ജീവിതസാഹചര്യങ്ങൾ..... എല്ലാം മാറി മറിഞ്ഞു... ലഭിക്കുന്തോറൂം വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാനുള്ള ആവേശം വർധിച്ചു...
ജോലിയിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് പോകുന്തോറും നാട്ടിലേക്കുള്ള വരവിന്റെ ദൈർഘ്യം കുറഞ്ഞുവന്നു... അതിനിടയിൽ കല്യാണം കുട്ടികൾ...
വീണയുടെ മെസ്സേജിനു ഹലോ എന്ന് മറുപടി കൊടുത്തു... പിന്നീടങ്ങോട് ഞങ്ങൾ ഒരുപാട് അടുത്തു... നല്ല സുഹൃത്തുക്കൾ ആയി... വീണ കല്യാണം കഴിച്ചിട്ടില്ല എന്നത് എന്റെ മനസ്സിൽ ഒരു വിങ്ങലായി തീർന്നു... കാരണം ചോദിച്ചിട്ട് വീണ പറഞ്ഞതുമില്ല... അതെന്നെ വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചു..
ദിനങ്ങൾ കഴിയുന്തോറും വീണയോടുള്ള അടുപ്പം കൂടി വന്നു... അവളുടെ മെസ്സേജ് വരാൻ വൈകിയാൽ എന്റെ ചങ്കിടിപ്പ് കൂടുവാൻ തുടങ്ങി... ഒരു സുഹൃത്തെന്ന പരിധി വിടാതിരിക്കാൻ അവൾ എപ്പോഴും ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നി... പക്ഷെ മനസ്സ് കൊണ്ട് ഞാൻ പരിധി വിടുകയാണെന്ന് എനിക്ക് മനസ്സിലായി... അതെന്നെ വല്ലാതെ ഭയപ്പെടുത്തി.
വീണ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് എന്നെ നഷ്ടപ്പെടുമെന്ന് മനസ്സിലായപ്പോൾ ഞാൻ സ്വയം നിയന്ത്രിക്കാൻ തീരുമാനിച്ചു... ഒരു മാസത്തോളമായി മനസ്സിന് ഏറ്റവും സന്തോഷം നൽകിയിരുന്ന അവളോടുള്ള സൗഹൃദം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു... അല്ല എങ്കിൽ കുടുംബ ജീവിതത്തിന്റെ താളം തെറ്റുമെന്ന് എനിക്കുറപ്പായിരുന്നു..
വീണയോട് ഒരുവാക്ക് പോലും പറയാതെ ഞാൻ ആ സൗഹൃദം കണ്ടില്ല എന്ന് നടിച്ചു... അവളുടെ മെസേജുകൾ ഞാൻ അവഗണിച്ചു... ഫേസ്ബുക്കിലും വാട്സാപ്പിലും വീണയെ ബ്ലോക്ക് ചെയ്തു....
ജോലി തിരക്കുകളിലേക്ക് മനപ്പൂർവം ആഴ്ന്നിറങ്ങി ഞാൻ മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു.... ഒരു പരിധി വരെ ഞാൻ വിജയിച്ചു എന്ന് പറയാം...
ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴാണ് വീണയെ അൺബ്ലോക്ക് ചെയ്യാൻ ശ്രമിച്ചത്... പക്ഷെ വാട്സാപ്പ് കോൺടാക്റ്റിൽ വീണയുടെ നമ്പർ കാണാനില്ലായിരുന്നു... ഫേസ്ബുക് അക്കൗണ്ടിലും.. വീണയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി... ഓഫ് ആയിരുന്നു. പിന്നീടാങ്ങോടുള്ള ദിവസങ്ങളിൽ എല്ലാം ഞാൻ വിളിച്ചു നോക്കി... പക്ഷെ ഫോൺ ഓഫ്.. എനിക്ക് വട്ട് പിടിക്കുന്നതു പോലെ തോന്നി...
ആരോടാണ് വീണയെക്കുറിച്ച് അന്വേഷിക്കേണ്ടത്... ഒരു എത്തും പിടിയും കിട്ടിയില്ല... എന്റെ സ്വാർത്ഥത മൂലം മാത്രം ലഭിച്ച സമാധാനക്കേടിന് ഒരു പരിഹാരവും ഉണ്ടായില്ല... ഞാൻ എന്നെ ക്കുറിച്ച് മാത്രമല്ലേ ആലോചിച്ചിട്ടുള്ളു?? എന്റെ ജോലി എന്റെ സാമ്പത്തിക ഭദ്രത എന്റെ വീട് എന്റെ സമാധാനം... എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും തോന്നി...
ഓരോ ദിവസം ചെല്ലുന്തോറും മാനസികമായി ഡിപ്രെഷനിലേക്ക് ഞാൻ എത്തിച്ചേർന്നു... ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഓഫീസിലെ അഡ്രസ്സിലേക്ക് എനിക്കൊരു പാർസൽ വന്നത്... നാട്ടിൽ നിന്നാണ്... അയച്ച ആളുടെ പേരോ മേൽവിലാസമോ എനിക്ക് പരിചയമില്ലാത്തതും...
അതൊരു വലിയ ഡയറി പോലെ തോന്നിക്കുന്ന ബുക്ക് ആയിരുന്നു... ഓരോ പേജുകൾ മറിക്കുന്തോറും ചങ്കിടിപ്പിന്റെ വേഗവും കൂടി... അത് വീണയുടെ ഡയറികുറിപ്പുകൾ ആയിരുന്നു... എന്നോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും അതിൽ വ്യക്തമായിരുന്നു... എന്നോട് ആദ്യമായി പ്രണയം തോന്നിയത് മുതൽ.... ഞാൻ ബ്ലോക്ക് ചെയ്തത് വരെയുള്ള കാര്യങ്ങൾ... ഹൃദയം നുറുങ്ങുന്ന വേദന എനിക്ക് സമ്മാനിച്ചു...
ഞാൻ ബ്ലോക്ക് ചെയ്തതിനു ശേഷം അവൾ ഡയറി എഴുതിയിട്ടില്ല... പേജുകൾ മറിച്ചു... ഇല്ലാ ഒന്നുമില്ല... ബുക്കിന്റെ അവസാനഭാഗത്തായി ഒരു പേപ്പർ മടക്കി വച്ചിരിക്കുന്നു... അതിലെ വരികളും വീണയുടെ ഒരു ഫോട്ടോയും.... ഭൂമി രണ്ടായി പിളർന്നു പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു... കാൻസർ എന്ന രോഗത്തോട് മല്ലടിക്കുമ്പോഴാണ് അവളും ഞാനും സംസാരിച്ചത്... അവളുടെ അവസാന ആഗ്രഹപ്രകാരം കൂട്ടുകാരി അയച്ചു തന്നതാണ് ഈ ഡയറി...
വീണയോട് ചെയ്തതിനെല്ലാം ഇനി ഞാൻ അനുഭവിച്ചു തീർത്തെ മതിയാവൂ ... ഏതു ഗംഗയിൽ പോയി മുങ്ങിയാലാണ് എനിക്ക് സമാധാനം ലഭിക്കാൻ പോകുന്നത്... ഇന്നുവരെ ഞാൻ നേടിയതെല്ലാം അവളൊഴുക്കിയ കണ്ണുനീരിനു മുന്നിൽ എന്ത് ... ഇനി ഞാൻ അനുഭവിക്കാനിരിക്കുന്നതും.....
സിന്ധു ബിജു
Story No.: 27
മനോഹരം
ReplyDelete