അതിജീവനം
ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... ഒരു കണ്ണു മാത്രമേ തുറക്കാൻ പറ്റുന്നുള്ളു... മറ്റേ കണ്ണിൽ എന്തോ ഒട്ടിച്ചിട്ടുണ്ട്... തല അനക്കുമ്പോഴൊക്കെ വേദന... എന്നിരുന്നാലും ചുറ്റും നോക്കി.... ഒരു ആശുപത്രിയിൽ ആണെന്ന് മനസ്സിലായി... പരിസരത്തൊന്നും ആരുമില്ല... കുറച്ചു കിടക്കകൾക്ക് അപ്പുറത്ത് വേറെ ആരോ കിടപ്പുണ്ട്.. എണീറ്റിരിക്കുവാൻ ശ്രമിച്ചു.... ശരീരം മുഴുവൻ വേദന....
കണ്ണു തുറന്നത് കണ്ടിട്ടാവാം ഒരു നേഴ്സ് അടുത്തു വന്നു.... ചോദിക്കന്നതൊന്നും മനസ്സിലാകുന്നില്ല... അതു മനസ്സിലാക്കിയത് കൊണ്ടാവാം ഇംഗ്ലീഷിൽ ആയി ചോദ്യങ്ങൾ...രോഗവിവരങ്ങൾ ആണ് ചോദിക്കുന്നത്.. അതിനൊന്നും ചെവി കൊടുക്കാതെ എന്നെക്കുറിച്ച് തന്നെ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവർ പോയി.
എന്തൊക്കെ ആണ് സംഭവിച്ചത്??? ഓർക്കുവാൻ ശ്രമം നടത്തി.... ഇല്ലാ.... ഒന്നും ഓർമ്മ വരുന്നില്ല... ഞാൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല... ഓർക്കുവാൻ ശ്രമിക്കുന്തോറും തല വെട്ടിപ്പൊളിയാൻ തുടങ്ങി.... ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.... ഞാൻ ഉറക്കെ അലറി...
ഒരു ഡോക്ടർ എന്റെ അടുത്തു വന്നിരുന്നു... അദ്ദേഹത്തിൽ നിന്നും കാര്യങ്ങളുടെ ഏകദേശ രൂപം പിടി കിട്ടി... കേരളത്തിലെ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലം ആണ് എന്റെ സ്വദേശം... അച്ഛൻ അമ്മ സഹോദരി എന്നിവർക്കൊപ്പം തിരുപ്പതി ദർശനത്തിന് പുറപ്പെട്ടതാണ് കാറിൽ... നാഗലാപുരത്തു വച്ചു കാറിലേക്ക് ഒരു ലോറി പാഞ്ഞു കയറി... ഡ്രൈവർ ഉൾപ്പെടെ എല്ലാവരും മരിച്ചു.... ഞാനൊഴികെ...
കാറിൽ നിന്ന് കിട്ടിയ ബാഗുകളിലെ രേഖകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്... മൊബൈലുകളിൽ നിന്നും നമ്പറുകൾ എടുത്തു ആരെയൊക്കെയോ അറിയിച്ചിട്ടുണ്ട്... അവർ ഇന്ന് എത്തുമെന്നും ആ ഡോക്ടർ പറഞ്ഞു...
എനിക്ക് ഓർമ്മ തിരിച്ചു കിട്ടില്ലേ ഡോക്ടറെ... എന്റെ ചോദ്യത്തിന് ഉവ്വെന്നോ ഇല്ലെന്നോ ഡോക്ടർ മറുപടി പറഞ്ഞില്ല.... ഒരു ബാഗ് എന്റെ കയ്യിൽ തന്ന് അദ്ദേഹം നടന്നു നീങ്ങി..
ബാഗ് തുറന്നു നോക്കി... മൂന്ന് മൊബൈലുകൾ, പേഴ്സുകൾ... ഒരു പേഴ്സ് തുറന്നപ്പോൾ അതിൽ ഒരു ഫോട്ടോ ഉണ്ട്... അതിലൊന്ന് ഞാൻ ആയിരിക്കും.... ബാക്കി ഉള്ളവർ ആണ് എന്റെ അച്ഛൻ അമ്മ സഹോദരി...ബാഗ് പരോശോധന തുടരുന്ന മുറക്ക് കുറച്ചു രൂപ, ആധാർ കാർഡുകൾ.. അതിൽ നിന്നാണ് എന്റെ പേരും വയസ്സും മനസ്സിലായത്... ആദിത്യൻ... പതിനെട്ട് വയസ്സ്...
കുറെ നേരം കഴിഞ്ഞപ്പോൾ ആരൊക്കെയോ അടുത്തു വന്നു.... എന്നെ കണ്ടതും കരയുന്നുണ്ട്... അച്ഛന്റെ അനിയൻ, അമ്മയുടെ ആങ്ങള എന്നൊക്കെ പറയുന്നുണ്ട് .... ആരെയും ഓർത്തു എടുക്കാൻ പറ്റുന്നില്ല.... മനസ്സ് സഹിക്കാൻ പറ്റാത്ത വിധം കലുഷിതം... കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... നെഞ്ചിനകത്തു വല്ലാത്ത ഭാരം....
ആശുപത്രിയിലെ നൂലമാലകൾ തീർത്തു എന്നെ കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്.... ആരൊക്കെയോ വന്നു എന്നെ എണീപ്പിച്ചു നിർത്തുന്നു... പതുക്കെ നടത്തുന്നു... വേദനകൾ സഹിക്കാൻ പറ്റാത്ത വിധം ഉണ്ട്... പക്ഷെ മനോവേദനയുടെ അത്രയും ഇല്ല എന്നെനിക്ക് മനസ്സിലായി...
അവിടെ നിന്ന് കാറിൽ ചെന്നൈ എയർപോർട്ട്... വിമാനത്തിൽ കൊച്ചി... എയർപോർട്ടിൽ നിന്നും ഏതോ ആശുപത്രി.... അവിടെ ഒരാഴ്ച.... ഡിസ്ചാർജ് ചെയ്തു കൊണ്ടു പോയത് അമ്മാമന്റെ വീട്ടിലേക്ക്...
അവിടെ എല്ലാവർക്കും ഞാൻ പരിചിതൻ...... എനിക്ക് അവരൊക്കെ അപരിചിതരും... ഒരു കുഞ്ഞു ജനിച്ചു വീണ പോലെ ഉള്ള അവസ്ഥ ആണ് എനിക്ക്.... എല്ലാം പുതുമകൾ... പുതിയ ജീവിതത്തിലേക്ക് പുതിയ ഓർമ്മകളിലേക്ക്..... എന്നെങ്കിലും ഓർമ്മകൾ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ...
സിന്ധു ബിജു
Story No.: 26
Comments
Post a Comment