യാത്രകൾ

പ്രൗഡിയോടെ നിലകൊള്ളുന്ന ഹിമാലയൻ മലനിരകളുടെ താഴ്‌വരയിൽ സഞ്ചാരികളുടെ പറുദീസയായ മനാലി... യാത്രകൾ ഹരമായി തുടങ്ങിയ കാലം മുതലുള്ള സ്വപ്നമാണ് കുളു മനാലി യാത്ര....

സ്കൂൾ കാലങ്ങളിൽ ചെറിയ വിനോദയാത്രക്ക് പോലും അനുവാദം ലഭിക്കാതിരുന്നതാകാം യാത്രകളോട് ഭ്രാന്തമായ അഭിനിവേശം ഉള്ളിന്റെ ഉള്ളിൽ ഉടലെടുത്തത്... പെണ്ണാണ് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം എന്ന ജല്പനങ്ങൾ യാത്രകളെ പ്രണയിക്കാനുള്ള വാശിയിലുമെത്തിച്ചു... ഡോക്ടറാകണം ടീച്ചറാകണം.... പതിവ് ശബ്ദങ്ങളിൽ ലോകം മുഴുവൻ ചുറ്റിക്കാണണം എന്ന എന്റെ സ്വപ്നം വേറിട്ടു നിന്നു... സ്വപ്നം ഉറക്കെ പറഞ്ഞിട്ടുള്ളപ്പോഴെല്ലാം കേട്ടിട്ടുള്ള പരിഹാസങ്ങൾ  യാത്രയെന്ന വികാരത്തെ ബലപ്പെടുത്തി...

ഏററവും മിടുക്കിയായി പഠിച്ചു ജോലിയിൽ പ്രവേശിച്ചു ലഭിച്ച  വരുമാനം സൊരുക്കൂട്ടിയത്  ലൈസെൻസ് എടുക്കുവാനും ബുള്ളറ്റ് എന്ന  യാത്രകളിലേക്കുള്ള ആദ്യ ചുവടു വയ്പ്പിനുമാണ് ... ഒച്ചപ്പാടും വഴക്കും മാത്രം കണ്ടു വളർന്നത് കൊണ്ട് കല്യാണം കഴിപ്പിച്ചു ഭാരം ഇറക്കിവെക്കാനുള്ള ചേട്ടന്റെ ഉദ്യമത്തെ എതിർത്തത് കൊണ്ട്  വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ യാതൊരു വേദനയും തോന്നിയില്ല.... ലോകം കാണുവാനുള്ള അനുവാദത്തിനായി കാത്തു നിൽക്കേണ്ട എന്ന ബോണസും ലഭിച്ചു...

ലേഡീസ് ബുള്ളറ്റ് റൈഡേഴ്‌സ് ഗ്രൂപ്പിൽ കയറിപ്പറ്റി ആദ്യ യാത്ര മൂന്നാറിലേക്ക് ചെയ്യുമ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് കുഞ്ഞുന്നാള് മുതലുള്ള സ്വപ്നങ്ങളാണ്...പെണ്ണെന്ന പരിമിതി ഭാരമായി നടക്കുന്ന ഒരുപാടു പേർ ഇടയിൽ മുറിഞ്ഞു പോയി.... ഒരേ മനസ്സും സ്വപ്നങ്ങളും ഉള്ള ഞങ്ങൾ പത്തു പേരുടെ സൗഹൃദം ഉടലെടുത്തു.... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അതിലുപരി ഓരോ ശ്വാസത്തിലും യാത്രയെ പ്രണയിക്കുകയും ചെയ്യുന്ന കുറച്ചു മനസ്സുകളുടെ ആത്മബന്ധം...

 എല്ലാ തിരക്കുകളിൽ നിന്നും ഒരു അവധി വേണം എന്ന് തോന്നുമ്പോളെല്ലാം  ഞങ്ങൾ  ഇതുവരെ കണ്ട സ്ഥലങ്ങളും കാണാത്ത സ്ഥലങ്ങളുടെയും ലിസ്റ്റ് ഉണ്ടാക്കി... ചെറുതും വലുതുമായ ഒരുപാട് യാത്രകൾ... സ്ഥലങ്ങൾ... ഓരോ യാത്ര കഴിയുമ്പോഴും അടുത്തതിനുള്ള സൊരുക്കൂട്ടലുകൾ...

ഒരുപാട് കാലങ്ങൾ ആയി ആഗ്രഹിക്കുന്നതും പല കാരണങ്ങളാൽ മാറ്റിവെക്കപ്പെട്ടതുമായ സ്വപ്ന സാക്ഷാത്കാരമാണ് കുളു മനാലി യാത്ര... ഞങ്ങൾ  വളരെയേറെ കണക്കുകൂട്ടലുകളോടെ യാത്രക്കായി തയ്യാറെടുപ്പുകൾ നടത്തി... എല്ലാം മുൻകൂട്ടി ബുക്ക്‌ ചെയ്തു...

 കൊച്ചി  ഡൽഹി വിമാനയാത്ര.... ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍... വൈകുന്നേരം ആണ് ബസ് പുറപ്പെട്ടത്.. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഗ്ഗമവുമാണെന്ന വാക്യമാണ് മണാലിയാത്രയില്‍ ഉടനീളം മനസ്സില്‍ മുഴങ്ങിയത്...

ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളു താഴ്‌വരയുടെ വടക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും 1950 മീറ്റർ ഉയരത്തിലാണു കുളു ജില്ലയുടെ ഭാഗമായ മണാലി സ്ഥിതിചെയ്യുന്നത്. മഞ്ഞിൽ മൂടിക്കിടക്കുന്ന പർവ്വതനിരകളും പച്ചവിരിച്ച മലനിരകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയുമാണ് മണാലിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്.

മനാലിയിൽ ബുള്ളെറ്റുകൾ ബുക്ക്‌ ചെയ്തിരുന്നു... വിശദമായ ക്ലാസ്സുകൾക്ക് ശേഷം ഞങ്ങൾ സ്വപ്നസഞ്ചാരത്തിനു പുറപ്പെട്ടു.. കൂടെ കൂടെയുള്ള ഹെയര്‍ പിന്‍ തിരിവുകള്‍ കാണുമ്പോള്‍ ഒരേ സമയം ഭയവും ജിജ്ഞാസയും അരിച്ച് കയറുന്നുണ്ടായിരുന്നു.
പക്ഷെ യാത്രയെ ഇത്രയേറെ പ്രണയിക്കുന്ന ഞങ്ങൾക്ക് മുന്നിൽ എല്ലാ പരീക്ഷണങ്ങളും മുട്ട് മടക്കി....

മനാലി യാത്ര കഴിഞ്ഞ് ബുള്ളെറ്റുകൾ തിരിച്ചേൽപ്പിക്കുമ്പോൾ വല്ലാത്ത ആവേശം ആണ് മനസ്സിൽ.... അടുത്ത സ്വപ്നയാത്രക്കായുള്ള ഒരുക്കത്തിനുള്ള ഉണർവ്വും.... പെണ്ണെന്നു പറഞ്ഞു പരിഹസിച്ചവർക്കുള്ള ചുട്ട മറുപടി... അതിലുപരി വാക്കുകൾക്കതീതമായി വിവരിക്കാൻ സാധിക്കാത്ത സ്നേഹക്കൂട്ടായ്മയുടെ സ്വപ്നവർണ്ണങ്ങൾ....

സിന്ധു ബിജു

Story No.: 25

 

 

Comments

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം