ജൂഹു

കോട്ടയം ജില്ലയിലെ ചമ്പക്കരയിൽ സ്ഥിതി ചെയ്യുന്ന പള്ളിയങ്കണവും വിദ്യാലയവും  അതിനോട് ചേർന്നുള്ള അനാഥാലയവും മാത്രം ആയിരുന്നു എന്റെ ലോകം..അനാഥാലയത്തിലെ  അമ്മത്തിട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുഞ്ഞുങ്ങളിൽ ഒരാൾ...

കുഞ്ഞുങ്ങൾ എല്ലാവരും തമ്മിൽ വല്ലാത്ത ആത്മബന്ധം ആണ്... നല്ല വിദ്യാഭാസം, ചിട്ടയായ ശിക്ഷണം... ഇരുപത് വയസ്സു കഴിഞ്ഞാൽ ആൺകുട്ടികൾക്ക് സ്വന്തം നിലയിൽ പോകാം... പെൺകുട്ടികൾക്ക് പഠനവും ജോലിയും വിവാഹവും എല്ലാം നല്ല രീതിയിൽ നടത്തിക്കൊടുക്കും...

അടുത്തടുത്ത ദിവസങ്ങളിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ടതു കൊണ്ടാണോ അതോ ഓർമ്മ വച്ച നാൾ മുതൽ ഒരുമിച്ച് കളിച്ചു വളർന്നത് കൊണ്ടാണോ എന്നറിയില്ല ഞാനും ജെറിയും നല്ല കൂട്ടാണ്... വളരുന്തോറും ഞങ്ങളുടെ സ്നേഹബന്ധവും ദൃഢമായിക്കൊണ്ടിരുന്നു... ഡിഗ്രി പഠനം പൂർത്തിയാക്കി ജെറി അനാഥാലയത്തോടു വിട പറഞ്ഞു.... വികാരിയച്ചൻ അവനു എറണാകുളത്തു ഒരു ഓഫീസിൽ ജോലിയും തരാക്കി കൊടുത്തു...

ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക്  പള്ളിവക ആശുപത്രിയിൽ കൗൺസിലർ ആയി നിയമനവും ലഭിച്ചു...രണ്ടു വർഷം കഴിഞ്ഞപ്പോൾ  എറണാകുളത്തെ ഓഫീസിൽ നിന്നും ജെറി മുംബൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പോയി...

ദിവസത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ തമ്മിൽ ഫോണിൽ വിളിക്കും... എത്രയും പെട്ടെന്ന് ജെറിയുമായുള്ള വിവാഹം കഴിഞ്ഞ് മുംബൈക്ക് പോകുവാൻ മനസ്സ് തുടിച്ചു...

ജോലിയും തിരക്കുകളുമായി സമയം പറന്നു തുടങ്ങി... മുംബൈയിൽ പോയി ഒരു വർഷം കഴിഞ്ഞപ്പോഴാണ് ജെറി  നാട്ടിൽ തിരിച്ചെത്തിയത്... അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വികാരിയച്ചനും കൈ നിറയെ സമ്മാനങ്ങളുമായി ആണ് അവൻ എത്തിയത്....   അടുത്ത വരവിനു ജിസയെയും കൊണ്ടു പോകും അച്ചോ.. അവൻ ചിരിച്ചു കൊണ്ടു പറഞ്ഞൂ... പോകുമ്പോൾ ഒരു കവർ എന്നെ ഏൽപ്പിച്ചു.... വില കൂടിയ വസ്ത്രങ്ങളും സമ്മാനങ്ങളും.... എത്രയും പെട്ടെന്ന് അവന്റേതു മാത്രമായ ലോകത്തേക്ക് ഒതുങ്ങുവാനുള്ള  ആഗ്രഹം കൂടിക്കൂടി വരുകയായിരുന്നു.... കൂടെ മുംബൈ എന്ന മഹാനഗരം ജെറിയുടെ കൈകൾ കോർത്തു പിടിച്ചു കണ്ട് നടക്കുന്നത് യാഥാർഥ്യം ആകാൻ ധൃതിയുമായി...

അവന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.... ഫോൺ കാളുകളുടെ എണ്ണം കൂടി.... വാട്സാപ്പ് വഴി അയക്കുന്ന മുംബൈ നഗരത്തിന്റെ മനോഹാരിത മനസ്സ് കുളിർപ്പിച്ചു..

രണ്ടു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ആ സ്വപ്ന സാഫല്യത്തിനായി... രജിസ്റ്റർ വിവാഹം കഴിഞ്ഞ് അന്ന് തന്നെ ഞങ്ങൾ മുംബൈക്ക് പറന്നു... കോട്ടയത്ത്‌ നിന്നും നെടുമ്പാശ്ശേരിക്കുള്ള കാർ യാത്രയും അവിടെ നിന്നും വിമാനത്തിൽ മുംബൈക്കുള്ള യാത്രയും... എനിക്കെല്ലാം പുതുമ ആയിരുന്നു...

മുംബൈ എയർപോർട്ടിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ ജെറിയുടെ ഫ്ലാറ്റിലെത്തി... ഞങ്ങളുടെ സ്വർഗത്തിലേക്കുള്ള കാൽവെയ്പ്...

നല്ല യാത്രാക്ഷീണം ഉണ്ടാക്കുമല്ലേടോ... ഒന്ന് കുളിക്കു.... ഞാൻ കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങീട്ടു വരാം... ജെറി പുറത്തേക്കു പോയി...പിന്നീടങ്ങോട് എന്റെ ജെറിയെ ഞാൻ കണ്ടിട്ടില്ല... പുറത്തു പോയി ജെറി എത്തിയത് ഏതോ ഒരാളോടൊപ്പം ആയിരുന്നു... ആദ്യരാത്രി സ്വപ്നം കണ്ട എനിക്ക് ജെറി നൽകിയത് ഒരു പെണ്ണും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആയിരുന്നു... എതിർത്തപ്പോൾ ലഭിച്ചത് കൊടും പീഢനങ്ങൾ... ഓരോ ദിവസവും എന്നെ  പലർക്കും കാഴ്ച വച്ചു.... ഫ്ലാറ്റിൽ കാലു കുത്തിയ നിമിഷം മുതൽ എന്റെ ഫോൺ ഞാൻ കണ്ടിട്ടില്ല... ഒരു തരത്തിലും രക്ഷപെടാൻ ആകാതെ ആ ഫ്ലാറ്റിൽ...

ഫ്ലാറ്റിൽ ബന്ധനത്തിൽ ആയിട്ട് ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു....വലിയ ഒരു നിലവിളി കേട്ടാണ് ഞാൻ റൂമിനു പുറത്തു വന്നത്... നോക്കുമ്പോൾ ജെറി നിലത്തു വീണു കിടക്കുന്നു... തല മേശയിൽ തട്ടി വീണത് കൊണ്ടാണോ എന്നറിയില്ല ബോധം ഇല്ലാ..... മറ്റൊന്നും ചിന്തിച്ചില്ല.. അയാളുടെ പോക്കറ്റിൽ നിന്നും ഫ്ലാറ്റിന്റെ താക്കോലും കിട്ടിയ പണവും എടുത്തു ഫ്ലാറ്റിൽ നിന്നും പുറത്തു കടന്നു.. ഫ്ലാറ്റ് പൂട്ടി താക്കോൽ അവിടെ തന്നെ ഇട്ടു ഇറങ്ങിയോടി....

എത്ര ദൂരം ഓടിയെന്ന് എനിക്ക് തന്നെ അറിയില്ല... തല ചുറ്റുന്നത് പോലെ തോന്നിയപ്പോഴാണ് ഓട്ടം നിർത്തിയത്.... പക്ഷെ അപ്പോഴേക്കും കണ്ണിൽ ഇരുട്ട് കയറിയിരുന്നു.... കണ്ണ് തുറക്കുമ്പോൾ ചുറ്റിനും കുറച്ചു സ്ത്രീകൾ...

ടാറ്റാ ഹോസ്പിറ്റലിലെ ജോലിക്കാർ ആണ്.... രണ്ടു പേർ മലയാളികൾ.... അവർ നാലു പേരുണ്ട്.... ഒരു ഫ്ലാറ്റെടുത്തു താമസിക്കുന്നു... എന്റെ കാര്യങ്ങൾ അവർ സിനിമ പോലെ കേട്ടിരിക്കുകയാണ്....  അവരുടെ കണ്ണുകളിലെ സഹതാപം വാസ്തവത്തിൽ എന്നെ കൊല്ലുന്നതിനു തുല്യം ആയിരുന്നു...

വളരെ പെട്ടെന്ന് അവരുമായി ഞാൻ അടുത്തു... എന്റെ അതെ പ്രായത്തിൽ ഉള്ളവർ ആണ്.... എന്നെ സന്തോഷിപ്പിക്കുവാനും ചിരിപ്പിക്കുവാനും അവർ പരമാവധി ശ്രമിക്കുണ്ടായിരുന്നു...എനിക്കൊരു ജോലി വാങ്ങി തരാൻ ആയിരുന്നു അവരുടെ അടുത്ത ശ്രമം... അതിലും അവർ വിജയിച്ചു... അടുത്തു തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ സ്റ്റുഡന്റസ് കൗൺസിലർ ആയി ജോലി ശരിയാക്കി തന്നു... 

ജിസ... നമുക്ക് ഈ ഞായർ കറങ്ങാൻ പോകാം... നിന്നെ മുംബൈ ഒക്കെ കാണിച്ചു തരാം.... ഒരു കൂടപ്പിറപ്പിനോടെന്ന പോലെ അവർ നൽകിയ കരുതലും സ്നേഹവും..... ഓർമ്മ വച്ച നാൾ മുതൽ കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല സ്നേഹം എന്ന് അവർ എന്നെ പഠിപ്പിക്കുക ആയിരുന്നു...

ഞായർ രാവിലെ മുതൽ ആണ് കറക്കം പ്ലാൻ ചെയ്തിട്ടുള്ളത്.... വേഗം റെഡി ആയിക്കോളണം എല്ലാവരും... ഡ്രസ്സ്‌ ഒക്കെ മാറി കണ്ണാടി നോക്കുമ്പോഴാണ് കലണ്ടർ ശ്രദ്ധയിൽ പെട്ടത്... നാട്ടിൽ നിന്നും വന്നിട്ട് രണ്ടര മാസം ആകുന്നു... പെട്ടെന്നാണ് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത്... അവിടെ നിന്ന് പോന്നതിൽ പിന്നെ മാസമുറ വന്നിട്ടില്ല...

എല്ലാവരും റെഡി ആകുന്ന തിരക്കിൽ ആണ്... ആരും കാണാതെ ഫ്ലാറ്റിൽ നിന്നും താഴെ ഉള്ള മെഡിക്കൽ ഷോപ്പിലേക്ക് ഓടി... പ്രെഗ്നൻസി യൂറിൻ ടെസ്റ്റ്‌ സ്ട്രിപ്പ് വാങ്ങി... തിരിച്ചു ഫ്ലാറ്റിലെത്തി റൂമിൽ കയറി വാതിൽ അടച്ചു... ഗർഭിണി ആണെന്ന യാഥാർഥ്യം എങ്ങനെ ഉൾക്കൊള്ളണം എന്ന് മനസ്സിലാകുന്നില്ല...

വളരെ ഉത്സാഹത്തോടെ മുംബൈ കറങ്ങാൻ കാത്തിരുന്ന  എനിക്ക് സമനില തെറ്റുന്ന അവസ്ഥ ആയിരുന്നു.... എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം പാടുപെടുന്ന എന്റെ കൂട്ടുകാരികൾ... അവരോട് ഇതെങ്ങനെ പറയും??

സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ജൂഹു കടപ്പുറത്തു നിൽക്കുമ്പോൾ യാതൊരു വികാരവും തോന്നുന്നില്ല..... ഒരുതരം മരവിച്ച അവസ്ഥ.. അനാഥ ആയി ജനിച്ചു ജീവിച്ച എന്റെ അവസ്ഥ ഇതാണെങ്കിൽ അച്ഛൻ ആരാണെന്നു പോലും അറിയാതെ വളരേണ്ടി വരുന്ന എന്റെ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കും... കടലിന്റെ ആഴങ്ങളിലേക്ക് കൂട്ടുകാരുടെ കണ്ണു വെട്ടിച്ചു നടന്നു നീങ്ങുമ്പോൾ എന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തുക ആണ് ലക്ഷ്യം.....

സിന്ധു ബിജു
Story No.: 23


Comments

Post a Comment

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം