വിദ്യാലയം

എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന മകൻ അപ്പു  സയൻസ് എക്സിബിഷനിൽ ഒന്നാം സ്ഥാനം വാങ്ങിയ കാര്യം പറഞ്ഞപ്പോഴാണ് ജേക്കബ് മൂലമറ്റത്തു സ്ഥിതി ചെയ്യുന്ന  കരുണ റെസിഡൻഷ്യൽ  സ്കൂൾ  വിശേഷങ്ങൾ പറഞ്ഞത്...

കുട്ടികളുടെ ബുദ്ധിപരമായ കഴിവുകൾ പുറത്തു കൊണ്ടു വരാൻ നമ്മുടെ നാട്ടിൽ തന്നെ ഇങ്ങനെ ഒരു സ്കൂൾ ഉള്ള വിവരം അധികം ആർക്കും അറിയില്ല എന്നും വളരെ കുറഞ്ഞ ഫീസ് വാങ്ങി  ആണ് അവിടെ വിദ്യാഭ്യാസം നൽകുന്നത് എന്നും കേട്ടപ്പോൾ വലിയ കൗതുകം തോന്നി... വിദ്യാഭ്യാസം കച്ചവടം ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു സ്കൂൾ??  അപ്പോൾ അതിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടാകില്ലേ ജോസഫ്??  ഏതൊരു മലയാളിയെയും പോലെ എന്റെ മനസ്സും നെഗറ്റീവ് ആയി ചിന്തിച്ചു...

 ജോസഫ് പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.... ഞാൻ കേട്ട കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു സർ... കഷ്ടിച്ച് മാർക്ക്‌ വാങ്ങി പാസ് ആകുന്ന എന്റെ മക്കൾക്ക്‌ വേണ്ടി ഞാൻ ആ സ്കൂളിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടു കാര്യം ഇല്ലാലോ??

ബാങ്കിൽ നിന്നും തിരിച്ചു പോരുമ്പോഴും വീട്ടിൽ എത്തിയിട്ടും ജേക്കബ് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ... ഇന്നത്തെ കച്ചവട വിദ്യാഭ്യാസ രീതിയോടുള്ള കടുത്ത എതിർപ്പ് കാരണം ആണ് ഭാര്യയുടെ ബഹളം വക വക്കാതെ സി ബി എസ് ഇ സ്കൂളിൽ ചേർക്കാതെ മകനെ സർക്കാർ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചത്... അതിനു നാട്ടുകാരിൽ  നിന്നും വീട്ടുകാരിൽ നിന്നും കേട്ടിട്ടുള്ള പരിഹാസത്തിനു കയ്യും കണക്കുമില്ല

എന്റെ കണക്കുകൂട്ടലുകൾ ഒരിക്കലും തെറ്റിക്കാത്ത വിധത്തിൽ ആണ് മോന്റെ ഇന്ന് വരെയുള്ള പഠന രീതി... പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവൻ മിടുക്കനാണ്..

ജേക്കബിനെ വിളിച്ചു കരുണ സ്കൂളിന്റെ വിവരങ്ങൾ സങ്കടിപ്പിച്ചു തരുവാൻ പറഞ്ഞു.... കേട്ടതെ കെട്യോളുടെ മുഖം വീർത്തു..... മോനാണെങ്കിൽ ഒരുപാടു ആഹ്ലാദവും...

രണ്ടു ദിവസത്തിനുള്ളിൽ സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ ജേക്കബ് നൽകി... ഏറ്റവും അടുത്ത ദിവസം തന്നെ മകനെയും കൊണ്ടു പോകണമെന്ന് തീരുമാനിച്ചു..

ജേക്കബ് നൽകിയ ഫോൺ നമ്പറിൽ വിളിച്ചു അടുത്ത ശനിയാഴ്ചയിലേക്ക് അപ്പോയ്ന്റ്മെന്റ് എടുത്തു.. മൂവാറ്റുപുഴയിലെ വീട്ടിൽ നിന്നും രണ്ടു മണിക്കൂർ കാറിൽ യാത്ര ചെയ്താൽ മൂലമറ്റത്തുള്ള സ്കൂളിൽ എത്താം... ഞാനും അപ്പുവും പത്തു മണിയോടെ സ്കൂൾ ഗേറ്റിന്റെ മുന്നിലെത്തി...

അവിടെ മുതൽ ഞങ്ങളെ കാത്തിരുന്നത് വിസ്മയങ്ങൾ ആയിരുന്നു... ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും മനോഹരമായി ഒരുക്കിയിരുന്ന സ്കൂളും പരിസരവും.... എല്ലാത്തിനും അടുക്കും ചിട്ടയും.... ഓട്ടോമാറ്റിക് ഗേറ്റ് മുതൽ തുടങ്ങി വിസ്മയങ്ങൾ.... ഏക്കറു കണക്കിന് പരന്നു കിടക്കുന്ന കലാലയവും പൂന്തോട്ടവും വൃക്ഷങ്ങളും ഒരു ചെറിയ സ്ഥലം പോലും പാഴാക്കാതെ ചെയ്തിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രവൃത്തികളും... പൂന്തോട്ടം നനക്കുന്നതും പമ്പ് പ്രവർത്തിക്കുന്നതും എല്ലാം അനായാസമായി നടക്കുന്നു.. എല്ലായിടത്തും കുഞ്ഞുങ്ങൾ കർമ്മനിരതരായി ഓടിനടക്കുന്നു... സ്കൂൾ കെട്ടിടത്തിനടുത്തെത്താൻ കുറച്ചു നടക്കേണ്ടി വന്നു...


പഴമയും പുതുമയും ഒത്തിണങ്ങിയ പ്രകൃതിക്കു അനുയോജ്യമായ നിർമ്മാണരീതി... ക്ലാസ്സ്‌ റൂമുകളിൽ ക്ലാസുകൾ തകൃതിയായി നടക്കുന്നു.... അധ്യാപകരും കുട്ടികളും തമ്മിലുള്ള കെമിസ്ട്രി കാണേണ്ടതുതന്നെ..... ചില ക്ലാസ്സുകളിൽ തർക്കങ്ങൾ  ആണ്... ചിലതിലാകട്ടെ കുട്ടികൾ ക്ലാസ്സെടുക്കുന്നു...

ഒരു ദിവസം മുഴുവൻ നടന്നാലും സ്കൂളും പരിസരവും കണ്ട് തീരില്ല.... ഇത്രയേറെ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലത്തെക്കുറിച്ചു തൊട്ടടുത്തു കിടക്കുന്ന എനിക്ക് പോലും അറിവില്ല എന്നത് എന്നെ നിരാശനാക്കി... പ്രിൻസിപ്പൽ റൂം എവിടെ ആണ്???  അടുത്തു കൂടി പോയ ഒരാളോട് വിവരം തിരക്കി... അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു... വരൂ കാണിച്ചു തരാം..

ക്ലാസ്സ്‌ മുറികൾക്കു നടുവിലായി വൃത്താകൃതിയിൽ ഉള്ള നടുമുറ്റം.... നല്ല വൃത്തിയിൽ മനോഹരമായി ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങൾ... അതിൽ ഒരാളുടെ അടുത്തെത്തിയപ്പോൾ കൂടെ വന്നയാൾ പറഞ്ഞു  ... മാഷിനെ കാണാൻ വന്നിരിക്കുകയാണ്...

അന്തോണിയേ.... മനസ്സിലായോടാ എന്നെ... പണ്ട് സ്കൂളിൽ എന്നെ വിളിച്ചിരുന്ന ഇരട്ടപ്പേര് കേട്ട് ഞാൻ കണ്ണും തള്ളി നില്ക്കുകകയാണ്... ഇത് ഞാനാടാ ജോണിക്കുട്ടി...

ഒന്ന് മുതൽ ഒൻപതാം ക്ലാസ്സു വരെ ഒരുമിച്ച് ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ച ജോണി... സകല തല്ലുകൊള്ളിത്തരവും ഒപ്പിച്ചു എനിക്ക് സ്ഥിരമായി  തല്ല് കൊള്ളാൻ അവസരമുണ്ടാക്കിയവൻ... അപാര ബുദ്ധിശാലി... പരീക്ഷകൾക്ക് കൃത്യം മാർക്ക് മാത്രം വാങ്ങി പാസാകുന്നവൻ... എല്ലാ വർഷവും സയൻസ് കണക്ക് എക്സിബിഷനിൽ ഒന്നാം സ്ഥാനം... സംശയങ്ങൾ തീരാത്തവൻ ആയിരുന്നത് കൊണ്ടു പല അധ്യാപകരുടെയും കണ്ണിലെ കരട്... ചെയ്യാത്ത കുരുത്തകേടിന് ഹെഡ് മാസ്റ്റർ ശിക്ഷിച്ചതിൽ പ്രതിഷേധിച്ചു സ്കൂൾ ഉപേക്ഷിച്ചു ആരോടും പറയാതെ പോയവൻ... പിന്നെ അവനെ കണ്ടിട്ടില്ല...

എനിക്കെന്റേതായ പഠന രീതി ആയിരുന്നല്ലോ  .... ആ രീതിയിൽ സ്കൂൾ നടത്തണം എന്നതായിരുന്നു ലക്ഷ്യം... കുടുംബ സ്വത്തു ഭാഗിച്ചപ്പോൾ കിട്ടിയ സ്ഥലം ആണെടാ... കുറച്ചു അധ്വാനിക്കേണ്ടി വന്നു സ്കൂൾ ഈ നിലയിൽ  ആക്കിയെടുക്കാൻ... മൂന്ന് വർഷം നിൽക്കാതെ ഓടേണ്ടി വന്നു സ്കൂളിന്റെ അംഗീകാരത്തിന്.... തോറ്റു പഠനം നിർത്തിയ പിള്ളേരുമായി ആയിരുന്നു തുടക്കം.... പരസ്യം ഇല്ലാ... കാൻവാസിങും ഇല്ലാ... പഠിച്ചിറങ്ങുന്ന പിള്ളേരിൽ നിന്നും പറഞ്ഞു കേട്ട് വരുന്നവർ ആണ് ഭൂരിഭാഗവും...

സ്റ്റേറ്റ് സിലബസിൽ ഉള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം ആ കാര്യങ്ങൾ എങ്ങനെ ജീവിതത്തിൽ പ്രാവർത്തികം ആക്കാം എന്ന് കൂടി പഠിപ്പിക്കും... വർഷത്തിൽ ഒരിക്കൽ സ്കൂളിൽ തന്നെ എക്സിബിഷൻ സങ്കടിപ്പിക്കും... ഇവിടുത്തെ കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കളുടെ പ്രദർശനം..... അതിൽ നിന്നു കിട്ടുന്ന വരുമാനം അവർക്കു തന്നെ നൽകും...

ജോണിക്കുട്ടിക്ക് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.... നിനക്ക് ഇതല്ല ഇതിലപ്പുറവും പറ്റും... എന്നെ ഈ സ്കൂളിൽ ചേർക്കാമോ അങ്കിൾ??  അപ്പുവിന്റെ ചോദ്യം കേട്ടു ജോണി ചിരിച്ചു.. ജോണിക്കുട്ടിയിടൊപ്പം വൈകിട്ടു വരെ ചിലവഴിച്ചു അപ്പുവിന് അഡ്മിഷനുമായി തിരിച്ചു പുറപ്പെടുമ്പോൾ അവൻ പറഞ്ഞു.. .. അപ്പുവുമായി ഇടയ്ക്കു നീയും പോരെ അന്തോണി... നമുക്ക് പഴയ തല്ലുകൊള്ളിത്തരങ്ങൾ ഇവിടുത്തെ പിള്ളേരെയും പഠിപ്പിക്കാമെടാ...

തിരിച്ചു പോരുമ്പോൾ അപ്പുവിന്റെ സ്ഥിരമായുള്ള...അതെന്തിനാ പഠിക്കുന്നത്... അതു ജീവിതത്തിൽ എവിടെയാ ഉപയോഗിക്കുന്നത്.... തുടങ്ങിയ  സംശയങ്ങൾക്ക് മറുപടി കൊടുക്കാനായതിന്റെ സന്തോഷം ആണ് മനസ്സിൽ... പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികം ആക്കാമെന്നു അപ്പുവിനെ  പഠിപ്പിക്കുവാൻ എന്റെ  ജോണിക്കുട്ടിയെക്കാളും നല്ല അധ്യാപകനുമുണ്ടാകില്ല... അവന്റെ സ്കൂളിനേക്കാളും നല്ല വിദ്യാലയുമുണ്ടാകില്ല....


സിന്ധു ബിജു
Story No.: 22


Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ