ഗുരു

വിനീത.... നീ എന്തിനാ കരയുന്നത്?? ഒരു ബോധവും ഇല്ലാത്ത മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ഇങ്ങനെയൊക്കെയേ പ്രതികരിക്കു... പറഞ്ഞിട്ട് കാര്യം ഇല്ലാ... സഹപ്രവർത്തകരായ അധ്യാപക സുഹൃത്തുക്കൾ എത്ര സമാധാനിപ്പിച്ചിട്ടും സങ്കടം അങ്ങോടു മാറുന്നില്ല...

പത്താം ക്ലാസ്സിലെ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും ക്ലാസ്സ്‌ സമയത്തു പിടികൂടിയ മൊബൈലിലെ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു..പ്രണയ സല്ലാപങ്ങൾ അതിരു വിടുന്നതായിരുന്നു... മൊബൈൽ വാങ്ങിയെടുത്തു മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു... ഞങ്ങളുടെ മകളെ ഞങ്ങൾക്ക് വിശ്വാസം ആണ്... ടീച്ചർ പഠിപ്പിക്കുന്ന കാര്യങ്ങൾമാത്രം നോക്കിയാൽ മതി.... അവരുടെ പ്രതികരണം കേട്ട് ഞെട്ടിത്തരിച്ചു പോയി...

അധ്യാപനം തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയി... ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയാണ്... സഹപ്രവർത്തകർക്ക് ഇതുപോലെയുള്ള പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തനിക്കിത് ആദ്യമാണ്..

സ്കൂൾ കാലങ്ങൾ മനസ്സിലേക്ക് പെട്ടെന്ന് കയറി വരുന്നു... അന്ന് തൊട്ടിന്നു വരെ അധ്യാപകരുടെ അനുഗ്രഹങ്ങളെ നിധി പോലെ ആണ് മനസ്സിൽ കണ്ടിട്ടുള്ളത്... എത്ര കർക്കശക്കാരായ അധ്യാപകരുടെ ശിക്ഷണത്തിൽ ആണ് വളർന്നു വലുതായത്... പരീക്ഷക്ക്‌ ഒരു മാർക്ക്‌ കുറഞ്ഞു പോയാൽ പോലും കിട്ടിയിട്ടുള്ള ചൂരൽ കഷായത്തിനു കയ്യും കണക്കും ഇല്ല.. ഒരു മാർക്ക് കുറഞ്ഞു പോയതിന് ടീച്ചർ ഇങ്ങനെ തല്ലേണ്ട ആവശ്യം ഒന്നും ഇല്ലാ എന്ന് അമ്മയോട് പറഞ്ഞതിന് മാർക്ക് കുറഞ്ഞതും പോരാ അധ്യാപകരെ കുറ്റം പറയുന്നോ എന്നും ചോദിച്ചു അമ്മയുടെ കയ്യിൽ നിന്നും കിട്ടി രണ്ടടി...

സ്കൂൾ കാലങ്ങൾ കഴിഞ്ഞപ്പോഴാണ് അവരുടെ വില ശരിക്കും മനസ്സിലായത്... വല്ലപ്പോഴും കാണാനായി ചെല്ലുമ്പോൾ പഴയ കാർക്കശ്യം ഇല്ലാ.... സ്നേഹത്തോടെയുള്ള അന്വേഷണങ്ങൾ മാത്രം... കണ്ണുകളിൽ വാത്സല്യം... മുന്നോട്ടുള്ള വിദ്യാഭാസത്തിനും ജീവിതത്തിലേക്കും വേണ്ട ഉത്തമമായ ഉപദേശങ്ങൾ...

കാലങ്ങൾ മാറുന്നതിനോടൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ചിന്താഗതികൾ മാറി... അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാൻ പോയിട്ട് ഉപദേശിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി... അതുകൊണ്ട് തന്നെ സ്വന്തം മക്കളെപ്പോലെ വിദ്യാർത്ഥികളെ കരുതുന്ന അധ്യാപകർ കുറഞ്ഞു...

എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകർ തന്നെ ആണ് എന്റെ മാതൃകകൾ... അവരിലൂടെ ആണ് ഞാൻ അധ്യാപനം ഇഷ്ടപ്പെട്ടത്... അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല അധ്യാപിക ആകാൻ ഞാൻ എന്നും ശ്രമിച്ചിരുന്നു... ആ എനിക്ക് ഇന്നത്തെ സംഭവം എത്ര ശ്രമിച്ചിട്ടും ദഹിക്കാൻ പറ്റുന്നില്ല... രണ്ടു ദിവസത്തെ ലീവ് എഴുതിക്കൊടുത്തു വീട്ടിലേക്ക് തിരിച്ചെത്തി.

വിഷ്ണുവിനോടും മോളോടും കാര്യങ്ങൾ പറഞ്ഞു... അവരുടെ ആശ്വാസവാക്കുകൾ എന്നെ ഒട്ടും സമാധാനിപ്പിച്ചില്ല.... ഞാനൊന്നു എന്റെ ടീച്ചേഴ്സിനെ കാണാൻ പൊയ്ക്കോട്ടേ വിഷ്ണു?? ചോദ്യം കേട്ട് വിഷ്ണു പൊട്ടിച്ചിരിച്ചു... താനെന്തായാലും മോളെയും കൂട്ടി നാളെ പോയിട്ടു വരൂ... വിഷ്ണുവിന്റെ വാക്കുകൾ ചെറിയ ഒരു ആശ്വാസം നൽകി..

രാവിലെ തന്നെ ഗൗരിമോളെയും കൂട്ടി പത്താം ക്ലാസ്സിൽ പഠിപ്പിച്ച ചില അധ്യാപകരെ കാണാനായി പുറപ്പെട്ടു... സ്കൂൾ കാലങ്ങൾ കഴിഞ്ഞതുമുതൽ വർഷത്തിൽ ഒരിക്കലെങ്കിലും അവരെ ഫോണിലെങ്കിലും വിളിക്കാൻ ശ്രമിക്കാറുണ്ട്... പറ്റുമ്പോഴൊക്കെ കാണാനും.....

ടീച്ചേഴ്സിനെ ഒക്കെ കണ്ട് ഒരുപാടു നേരം വർത്തമാനം പറഞ്ഞിരുന്നു.... സ്കൂളിലുണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു.. ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ടാകുന്ന പതിവ് സംഭവങ്ങൾ അല്ലെ വിനീത... നമ്മൾ നമ്മുടെ വാക്കുകളും പ്രവൃത്തികളും നന്മയുള്ളതായി നിലനിർത്തിയാൽ മതി.... കടമകൾ ആത്മാർത്ഥതയോടെ ചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികം അല്ലെ?? ആ വേദനയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.... എന്റെ അനുഗ്രഹങ്ങൾ എന്നും നിന്നോടൊപ്പം ഉണ്ടാകും... ഇഷ്ടവിഷയം ആയ കണക്കു പഠിപ്പിച്ച സേതുലക്ഷ്മി ടീച്ചറുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു...

ടീച്ചേഴ്സിനോടുള്ള കാഴ്ചപാടും പെരുമാറ്റവും എങ്ങനെ ആയിരിക്കണമെന്ന് ഗൗരിയെക്കൂടി മനസ്സിലാക്കി കൊടുക്കാനാണ് അവളെയും കൂടെ കൂട്ടിയത്... തിരിച്ചു പോരുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു.. വീട്ടിലെത്തി ഗൗരി തന്നെ വിഷ്ണുവിനോട് കാര്യങ്ങൾ എല്ലാം വിശദമാക്കി... എന്റെ അടുത്തു വന്നു കെട്ടിപ്പിടിച്ചു ഉമ്മ നൽകിക്കൊണ്ട് പറഞ്ഞു... ടീച്ചേഴ്സിനോട് എങ്ങനെ പെരുമാറണമെന്ന് അമ്മ എന്നെ പഠിപ്പിച്ചു... ഞാനെന്തു തെറ്റ് ചെയ്യുമ്പോഴും ശബ്ദം ഉയർത്തി സംസാരിക്കുമ്പോഴും മാതാ പിതാ ഗുരു ദൈവം എന്ന് അമ്മ പറയുന്നതിന്റെ അർത്ഥം ഇന്നാണ് എനിക്ക് മനസ്സിലായത്... ഞാനിന്ന് മുതൽ എന്റെ ടീച്ചേഴ്സിന്റെ അടുത്തു സ്നേഹവും ബഹുമാനവും ഉള്ള കുട്ടി ആയിരിക്കും.... പത്താം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളുടെ ഗൗരിമോളുടെ കുഞ്ഞുവായിലെ വലിയ വർത്തമാനം കേട്ട് വിഷ്ണുവും ഞാനും അഭിമാനം കൊണ്ടു...

സിന്ധു ബിജു

Story No.: 21


Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ