അരുണോദയം

എന്താടോ ഭാര്യേ  ഒരു ആലോചന??   അരുണിന്റെ ചോദ്യം.  ഓഫീസിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടല്ലോ...  എന്റെ മുഖം ഒന്ന് മാറിയാൽ അരുൺ എളുപ്പം കണ്ടു പിടിക്കും..

നാളെ ഐടി ഓഫീസർ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ആണ്... ഉദ്യോഗാർഥികളുടെ ലിസ്റ്റ്  ഇന്ന് ഒന്ന് വായിച്ചു... അതിൽ അവനും ഉണ്ട്...  വിനോദ്....

അതു കലക്കിയല്ലോ മാളു... നീ ഹെഡ് ആയിട്ടുള്ള ഓഫീസിൽ നിന്റെ ഒരുപാടു താഴെ ഉള്ള ഒരു പോസ്റ്റില്ലേക്കുള്ള ഇന്റർവ്യൂ... വിനോദ് വരട്ടെ... നിന്നെ കാണട്ടെ.... അവന്റെ മുഖത്തെ കുറ്റബോധം എനിക്കിപ്പോൾ തന്നെ കാണാം... അരുണിന്റെ വാക്കുകൾ നൽകുന്ന ആത്മവിശ്വാസം ആണ് തന്റെ ഏറ്റവും വലിയ ഊർജ്ജം...

ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട എനിക്ക് അച്ഛനും അമ്മയും എല്ലാം അച്ഛനായിരുന്നു... ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.  വീട്ടുവാടക,  വീട്ടുചിലവ് മാസത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ കണ്ടു കൊണ്ടാണ് ഞാൻ വളർന്നത്.

എഞ്ചിനീയറിംഗ് എൻട്രൻസിന് ഒന്നാം റാങ്കോടെ പാസായി ഇഷ്ടമേഖല ആയ ഐടി തിരഞ്ഞെടുത്തു.. എൻട്രൻസിന് ഒന്നാംറാങ്കും രണ്ടാം റാങ്കും ഒരേ ക്ലാസ്സിൽ ആണെന്ന് നമുക്കഭിമാനിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് ആദ്യ ക്ലാസ്സ്‌ സർ തുടങ്ങിയത്.. വിനോദ്  ആയിരുന്നു രണ്ടാം റാങ്കുകാരൻ.. പിന്നീടങ്ങോടു ആ സൗഹൃദം വളർന്നു.. നാലാം സെമസ്റ്റർ സമയത്താണ് അവൻ പ്രണയം പറഞ്ഞത്... എതിർക്കാനോ പ്രണയം നിഷേധിക്കുവാനോ പ്രത്യേകിച്ച് കാരണമൊന്നും കണ്ടില്ല.... വളരെ പെട്ടെന്നാണ് എഞ്ചിനീയറിംഗ് പഠനവും പ്രണയവും മുന്നോട്ടു പോയത്... എന്തൊക്കെ ഉണ്ടായാലും വിനോദ്  എന്നും കൂടെ ഉണ്ടാകുമെന്നൊരു ധൈര്യമായിരുന്നു മനസ്സിൽ...

പരീക്ഷകളൊക്ക ഭംഗിയായി എഴുതി ഫലം കാത്തിരിക്കുമ്പോഴാണ് ഒരു ആക്‌സിഡന്റിൽ അച്ചൻ മരിക്കുന്നത്.. അപ്രതീക്ഷിതമായി ഉണ്ടായ ആ സംഭവം എന്നെ മാനസികമായി തളർത്തിക്കളഞ്ഞു... എന്നും കൂടെ ഉണ്ടാകുമെന്നു കരുതിയ വിനോദ് പിന്നീടൊരിക്കലും വന്നില്ല... എന്തിനു ഒരു ഫോൺ പോലും ചെയ്തില്ല...

ആറു പേരടങ്ങുന്ന ഞങ്ങളുടെ ഗാങ്ങിൽ വിനോദൊഴികെ എല്ലാവരും ഒറ്റക്കെട്ടായി കൂടെ നിന്നു.... അമിത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടുപോകുമായിരുന്ന എനിക്ക് അവർ നൽകിയ കരുതൽ ഒരിക്കലും മറക്കാനാകില്ല...  മുംബൈയിൽ ഒരു കമ്പനിയിൽ  ജോലിക്ക് കയറിയെന്നും ഞാൻ അവന്  ഒരു ബാധ്യത ആകുമെന്നും ഇനി ആരും അവനെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും വിനോദ്  പറഞ്ഞുവെന്ന്  പ്രിയ സ്നേഹിത മഞ്ജുവാണ് പറഞ്ഞത്... അച്ഛൻ പോയതിലും വലുതല്ലാലോ ആരും... എന്റെ മറുപടി അതായിരുന്നു...

ഉയർന്ന മാർക്കോടെ പാസ്സായ എനിക്ക്  മഞ്ജു അവളുടെ ചേട്ടൻ വഴി സിംഗപ്പൂർ ഉള്ള  മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും വാങ്ങി തന്നു... പിന്നീടങ്ങോടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല... കഠിനാധ്വാനം കമ്പനിയുടെ ഉയർന്ന പൊസിഷനുകളിലേക്ക് പ്രൊമോഷനുകൾ വാങ്ങി തന്നു...വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഞങ്ങൾ അഞ്ചു പേരുടെ സൗഹൃദത്തിന് ഒരു കോട്ടവും വരുത്തിയില്ല....

കഴിഞ്ഞ വർഷം ഞങ്ങൾ സിങ്കപ്പൂർ വച്ചു ഒന്നു ഒത്തുകൂടി... നാല് വർഷങ്ങൾക്കു ശേഷം ആണ് അത് ... ഒരാഴ്ച മുഴുവൻ സിങ്കപ്പൂർ ചുറ്റിക്കറങ്ങി.... പോകുന്നതിനു  മുൻപാണ് മഞ്ജു അവളുടെ ചേട്ടന് എന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്ന്  ആഗ്രഹം ഉണ്ടെന്ന്  പറഞ്ഞത്...കല്യാണക്കാര്യം എന്നെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള വരവായിരുന്നു അത്....

അരുൺ... മഞ്ജുവിനൊപ്പം എന്റെ കൂടെ നിന്നിരുന്ന അവളുടെ ചേട്ടൻ... ഇന്നീ നിലയിലെത്താൻ കാരണമായ ആൾ... കല്യാണം കഴിഞ്ഞു... ഒരു വർഷം കഴിയുന്നു... സ്നേഹത്തിന്റെയും കരുതലിന്റെയും പര്യായം... എന്റെ മുഖമൊന്നു വാടാൻ അരുൺ സമ്മതിക്കില്ല... സ്നേഹവും സന്തോഷവും കൊച്ചു പിണക്കങ്ങളും... ജീവിതം വർണാഭമായി മുന്നോട്ട് പോകുന്നു...

വിനോദിനെക്കുറിച്ച് പിന്നീടൊന്നും കേട്ടിട്ടേ ഇല്ല... അവന്റെ പേര് പോലും സംസാരത്തിനിടയിൽ വരാതിരിക്കാൻ എന്റെ  കൂട്ടുകാർ ശ്രമിക്കാറുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്...  ഇന്നാണ് പിന്നെ അവനെക്കുറിച്ച് ആ ബയോഡാറ്റയിലൂടെ അറിയുന്നത്.

പണമില്ല വീടില്ല ബന്ധുക്കളുമില്ല എന്ന കാരണത്താൽ എന്നെ ഒഴിവാക്കിയ അവനെ കാണാൻ സത്യത്തിൽ എനിക്ക് തിടുക്കമായി...  രാവിലെ നല്ല ഉഷാറായി എണീറ്റു.... ഞാനെന്തിനോ ഉള്ള പുറപ്പാടാണെന്നു എന്റെ കള്ളചിരിയിൽ നിന്നും അരുണിന് മനസ്സിലായി.... പതിവിലും നേരത്തെ ഓഫീസിൽ എത്തി...

ഇന്റർവ്യൂ ബോർഡിൽ തലയിടേണ്ട കാര്യം എനിക്കില്ല... അതൊക്കെ ഭംഗിയായി നടക്കും...  സെലക്ട്‌ ആയാലും ഇല്ലെങ്കിലും അവനെ ഒന്നു കാണണം... മനസ്സിൽ ഉറപ്പിച്ചു...

ഇന്റർവ്യൂ,  സെലെക്ഷൻ ഒക്കെ കഴിഞ്ഞു..... വിനോദിന് ജോലിയും കിട്ടി... വിനോദിനെ മാത്രം റൂമിലേക്ക്‌ വിളിപ്പിച്ചു.... ഞാൻ പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു അവന്റെ പ്രതികരണം... എന്റെ മുന്നിൽ തല കറങ്ങി വീഴാഞ്ഞതു അവന്റെ ഭാഗ്യം.....

ജോലി അവന്  മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് തുപ്പാനും വയ്യ... എണീറ്റു ചെന്ന്  അവനു കൈ കൊടുത്തു.... അന്ന് ഒഴിവാക്കി പോയതിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും പറഞ്ഞു ... ജീവിതത്തിലെ ഏതു മോശം സാഹചര്യവും നേരിടാൻ പഠിപ്പിച്ചതിന് .... വാശിയോടെ എന്തും നേടിയെടുക്കാൻ ശീലിപ്പിച്ചതിന് ... എല്ലാത്തിലും ഉപരി അരുൺ എന്ന പുണ്യത്തിനെ ലഭിക്കാൻ  കാരണക്കാരൻ ആയതിന്...

സിന്ധു ബിജു
Story No.: 19


Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ