ഒരു കല്ല്യാണത്തലേന്ന്

തിരുവനന്തപുരം ടെക്നോപാർക്കിൽ കാമ്പസ്‌ സെലെക്ഷനിലൂടെ ജോലി കിട്ടുമ്പോൾ അഭിനന്ദന പ്രവാഹം ആയിരുന്നു... അധ്യാപകരും കൂട്ടുകാരും.... അച്ഛന്റെയും അമ്മയുടെയും മുഖത്തു മാത്രം സന്തോഷം ഇല്ല... ഏട്ടനും ഏടത്തിയും പെടാപാടുപെട്ടാണ് അവരെ കൊണ്ടു സമ്മതം മൂളിച്ചത്..

ഒരു ഫുൾ ഷീറ്റിൽ എഴുതാൻ ഉള്ള അത്രയും നിബന്ധനകളുമായി.... പരിചയം ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണ്,  ആൾക്കാരുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം... രാവിലെയും വൈകിട്ടും വിളിക്കണം... വെള്ളിയാഴ്ച വൈകിട്ട് തന്നെ ട്രെയിൻ കയറണം...അങ്ങനെ ലിസ്റ്റ് പറഞ്ഞാൽ തീരാത്ത അത്രയും വലുതാണ്....

അങ്ങനെ ഒരു ദിവസം പോലും വീട്ടിൽ നിന്നു മാറി നിന്നിട്ടില്ലാത്ത ഞാൻ തനിയെ ഒരു ഹോസ്റ്റൽ മുറിയിൽ താമസം ആയി... ജോലിയും ജോലിസ്ഥലവുമായി പൊരുത്തപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല... നല്ല അടിപൊളി സഹപ്രവർത്തകർ...

പ്രത്യേകിച്ച് എന്ത് ആഘോഷം വന്നാലും ഞാൻ ഉണ്ടാകണം എന്നത് അച്ഛന് നിർബന്ധം ആണ്.. മിണ്ടുമ്പോൾ നാട്ടിലേക്കു ഓടുന്ന എന്നെ കളിയാക്കൽ സുഹൃത്തുക്കളുടെ നിത്യ നേരമ്പോക്കാണ്.. 

ചെറിയച്ഛന്റെ മകളുടെ വിവാഹത്തിന് ഒരാഴ്ച ലീവ് എടുത്തു വരണം... അച്ഛന്റെ ഓർഡർ ആണ്...ജോലിത്തിരക്ക് മൂലം അച്ഛൻ പറഞ്ഞ ദിവസം പുറപ്പെടാൻ ആയില്ല.... വീട്ടിൽ എല്ലാരും പരിഭവത്തിൽ ആണ്... എന്നാൽ പിന്നെ പറയാതെ ചെന്ന് ഞെട്ടിക്കാൻ തീരുമാനിച്ചു...

ഒരാഴ്ച മുന്നെ എത്തണം എന്ന നിബന്ധന കാറ്റിൽ പറത്തി തലേന്ന് രാവിലെ മാത്രം എത്തിയതിന്റെ അങ്കലാപ്പ് മനസ്സിൽ... എല്ലാരുടെയും മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ടാകും... അച്ഛൻ മിണ്ടാതെ നടക്കും കുറെ നേരത്തേക്ക്...

ചേട്ടനനിയന്മാർ എല്ലാവരും അടുത്ത് അടുത്തു താമസം... അതുകൊണ്ട് തന്നെ ആഘോഷങ്ങൾ വന്നാൽ എല്ലാ വീടുകളിലും നിറയെ ആളുകൾ ആയിരിക്കും... കല്യാണം ആണേൽ പറയുകയും വേണ്ട...

ഗേറ്റ് കടന്നു മുറ്റത്തേക്ക് ചെല്ലുമ്പോൾ ഏട്ടന്റെ കൂട്ടുകാർ പാഞ്ഞു നടപ്പുണ്ട്... പന്തലിന്റെ മിനുക്കു പണികളിൽ ആണ്... ഏട്ടനെക്കാളും എന്റെ നേരെ തട്ടിക്കയറുന്ന ആൾക്കാരാണ്... പക്ഷെ കണ്ട ഭാവം പോലും വക്കണില്ല.. ചിരിച്ചു കളിച്ചു അവരുടെ ഇടയിലേക്ക് ചെന്നിട്ടും രക്ഷ ഇല്ല... ഇവിടെ ഇതാണ് അവസ്ഥ എങ്കിൽ അകത്തു എന്തായിരിക്കും... നെഞ്ചിടിപ്പിന്റെ വേഗത കൂടിയോ എന്നൊരു സംശയം...

ഉമ്മറത്ത് തന്നെ അച്ഛൻ ഇരിപ്പുണ്ട്... ആരൊക്കെയോ അടുത്തുണ്ട്... അച്ഛന്റെ അടുത്തു നിന്നു സ്നേഹപ്രകടനം ഒന്നും പ്രതീക്ഷിക്കാത്ത കൊണ്ടു കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു.   അച്ഛന് പ്രായം ആയി തുടങ്ങിയിരിക്കുന്നു... മുഖത്തൊക്കെ ചുളിവുകൾ... ഞാൻ വരാഞ്ഞതിന്റെ ടെൻഷൻ കൊണ്ടു ഉറങ്ങാത്തതിന്റെ ക്ഷീണം നല്ലപോലെ ഉണ്ട്... ഉറങ്ങിയില്ലെങ്കിൽ അച്ഛന് തലവേദന ആണ് പിന്നെ... കണ്ണും മുഖവും ഒക്കെ വീർത്തു വരും... ഇന്ന് പിണക്കം മാറ്റണേൽ ഞാൻ നല്ലപോലെ കഷ്ടപ്പെടേണ്ടി വരും... ഉറപ്പാണ്..

നേരെ അകത്തേക്ക് കയറാതെ വീടിന്റെ പിറകിലേക്ക് ചെന്നു .. എല്ലായിടത്തും ആളുകളാണ്... പതുക്കെ അടുക്കളയിലേക്കു കയറി... അമ്മ ഇല്ല... കാണുമ്പോൾ തന്നെ കരച്ചിൽ ആയിരിക്കും... അമ്മക്ക് കരയാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടാത്ത കൊണ്ടു കുഴപ്പം ഇല്ല... അമ്മയുടെ റൂമിലേക്ക് പതുക്കെ ചെന്നു... അമ്മയും ചെറിയമ്മമാരും വല്യമ്മയും ഉണ്ട്... ഇന്ന് നല്ല തല്ല് ഉറപ്പാണ്...
എന്നെ കുറിച്ചാണ് സംസാരം... ഈ സമയത്തു അവിടേക്കു തല വച്ചു കൊടുത്താൽ എല്ലാരും കൂടി എന്റെ തലയെടുക്കും...

ഏട്ടത്തി എവിടെ പോയി ആവോ.. ഏട്ടനേയും കാണാനില്ല... ആകെ എനിക്ക് സപ്പോർട്ട് കിട്ടാൻ ചാൻസ് ഉള്ളത് അവരുടെ അടുത്തു നിന്നു മാത്രം ആണ്...
ഹാൾ നിറയെ ആളുകൾ... അതിനിടയിൽ എവിടെയോ ഏടത്തിയുടെ ശബ്ദം എനിക്ക് കേൾക്കാം... സാധാരണ എപ്പോഴും പ്രസരിപ്പോടെ കേൾക്കുന്ന ശബ്ദം അല്ല.... ഏട്ടത്തി കരയുകയാണോ??? എല്ലാരുടെയും ഇടയിലൂടെ ഏടത്തിയുടെ അരികിലേക്ക് ചെന്നു... വാവിട്ടു നിലവിളിക്കുന്ന ഏട്ടത്തിയെ ആണ് കാണാൻ സാധിച്ചത്... ഏട്ടൻ ഒരു മൂലയ്ക്ക് നിൽക്കുന്നുണ്ട്.... ഏട്ടൻ കരച്ചിൽ അടക്കാൻ പാടുപെടുന്നു.... അപ്പോഴാണ് ചുറ്റും നിൽക്കുന്നവരുടെ മുഖം ശ്രദ്ധിച്ചത്.... എല്ലാവരും സങ്കടത്തിലാണ്... അവരെല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്തേക്ക് നോക്കി .. ഞാൻ അല്ലെ ആ കിടക്കുന്നത്... എന്നെ നോക്കി ആണ് എല്ലാവരുടെയും കരച്ചിൽ....

എന്റെ അടുത്തു നിൽക്കുന്ന അപ്പുറത്തെ വീട്ടിലെ ചേച്ചി കരഞ്ഞു കൊണ്ടു പറയുന്നത് കേട്ടു.... എത്ര നല്ല കുട്ടിയാണ്... അനിയത്തിയുടെ കല്യാണം കൂടാൻ ജോലി സ്ഥലത്ത് നിന്നും റെയിൽവേ സ്റ്റേഷനിലേക്ക്  ഓട്ടോയിൽ കയറിയതാണ്   ... ഓട്ടോയിൽ പാഞ്ഞു വന്ന ലോറി ഇടിച്ചു... ഇവിടുത്തെ മോൾ അപ്പൊ തന്നെ മരിച്ചു അത്രേ...

സിന്ധു ബിജു
Story No.: 15


Comments

  1. എഴുതുന്ന കഥകൾ ഒന്നിനൊന്ന് മികവ് പുലർത്തുന്നു. കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ...

    ReplyDelete

Post a Comment

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

അസ്തമയം