മുത്തശ്ശി

മൂന്ന് ദിവസമായി അച്ചു രാത്രി കരച്ചിൽ തന്നെ ആണ്... ദിവ്യയും ഞാനും  അച്ചുവിനെ തോളിൽ കിടത്തി മുറിയിൽ നടപ്പാണ്... നാളെ എന്തായാലും പീഡിയാട്രീഷ്യനെ ഒന്ന് കാണിക്കാം... ഞാൻ ദിവ്യയോട് പറഞ്ഞു...

കല്യാണം കഴിഞ്ഞു അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ കണ്മണി ആണ്.... ചികിത്സകളും അമ്മയുടെ വക നേർച്ചയും വഴിപാടുകളും... അമ്പല കാര്യത്തിൽ അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ടാണ്... അല്ലെങ്കിലും ദിവ്യ വന്നതിൽ പിന്നെ എനിക്കും പെങ്ങൾക്കും കിട്ടേണ്ട  സ്നേഹം കൂടി അവൾ അടിച്ചു മാറ്റിയെന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്...

ഡോക്ടറെ കാണിച്ചു ... പ്രത്യേകിച്ച് ഒന്നുമില്ല... ഡോക്ടറുടെ മറുപടി... മരുന്ന് പോലും ഇല്ല.... അല്ലെങ്കിലും എനിക്കിതാണ് കുഴപ്പം,  അതു കൊണ്ടാണ് ഞാൻ കരയുന്നത് എന്ന് ഒന്നര വയസ്സുകാരിക്ക് പറയാൻ പറ്റില്ലാലോ....ഒരു ഉറക്കം കഴിഞ്ഞാൽ  ഞെട്ടി എണീറ്റു അച്ചു കരച്ചിൽ തന്നെ...

അമ്മ അമ്പലത്തിൽ വഴിപാട് കഴിക്കലും ഉഴിഞ്ഞിടലും  .... അടുത്ത പടി എന്നപോലെ കുടുംബജ്യോത്സ്യൻ വീട്ടിലെത്തി... ജനന സമയവും നാളും നോക്കി  ചോദിച്ചു ..... ഏതെങ്കിലും ദേവീക്ഷേത്രത്തിൽ  കുഞ്ഞിന്റെ പേരിലുള്ള വഴിപാട് മുടങ്ങിക്കിടപ്പുണ്ടോ???  ജ്യോത്സ്യന്റെ ചോദ്യവും ഉണ്ടെന്നുള്ള അമ്മയുടെയും ദിവ്യയുടെയും മറുപടിയും പെട്ടന്നായിരുന്നു... ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കുഞ്ഞിനെ തൊഴീച്ചു തുലാഭാരം നടത്താമെന്നു നേർന്നത് ഇത് വരെ ചെയ്തിട്ടില്ല... അമ്മ പറഞ്ഞു..... എന്നാൽ പിന്നെ അതു ചെയ്തോളു.... എല്ലാം ശരിയാകും... ജ്യോത്സ്യൻ പ്രവചിച്ചു മടങ്ങി..

മോളുടെ കാര്യം ആണ്.... എത്രയും വേഗം വേണം... അമ്മയുടെ താക്കീത്.... ഈ മഞ്ചേശ്വരത്തു നിന്നു എറണാകുളം വരെ.... ഈ പിഞ്ചു കുഞ്ഞിനേയും കൊണ്ടു യാത്ര.... അമ്മയുടെയും ഭാര്യയുടെയും വാക്കുകൾ ചെവി കൊടുക്കാതെ നിവൃത്തി ഇല്ലാതായി.... ഓഫീസിൽ ലീവ്,  ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യൽ,  എറണാകുളത്തു നിന്നു ക്യാബ്,  താമസത്തിനു ഹോട്ടൽ ബുക്കിങ്.... എല്ലാം പെട്ടന്നായിരുന്നു... ഏറ്റവും വലിയ അത്ഭുതം ഞാൻ സമ്മതം പറഞ്ഞ അന്ന് മുതൽ അച്ചു രാത്രി കരഞ്ഞിട്ടില്ല എന്നതാണ്....

ഏകദേശം ഒൻപത് മണിക്കൂർ ട്രെയിൻ യാത്ര,  പിന്നീട് കാറിൽ ഒരു മണിക്കൂർ... ചോറ്റാനിക്കരയിൽ ഹോട്ടലിൽ എത്തുമ്പോൾ രാവിലെ എട്ട് മണി ആയി... എനിക്കൊഴികെ ആർക്കും യാത്രാക്ഷീണം ഇല്ല... എല്ലാവരും പെട്ടെന്ന് കുളിച്ചു റെഡി ആയി... ഞങ്ങൾ അമ്പലത്തിൽ എത്തി... പാവം അമ്മ... എത്ര കാലങ്ങൾ ആയുള്ള ആഗ്രഹം ആണ് ചോറ്റാനിക്കര അമ്മയെ കാണണം എന്നുള്ളത്... അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അച്ചു അതിനു ഒരു നിമിത്തം ആയതാണോ എന്ന് എനിക്ക് തോന്നിപ്പോയി....

അച്ചുവിന്റെ പേരിൽ വഴിപാടൊക്കെ ചെയ്തു ദേവിയെ തൊഴുതു... തുലാഭാരം നടത്തി.... അന്നദാനം കഴിച്ചു.... എത്ര ആളുകളാണ് ദേവിയുടെ അന്നദാനത്തിന്... മിക്കവരും  ആർക്കും വേണ്ടാത്തവരാണ്.... അവരുടെ ജീവിതം ഈ അമ്പലനടയെ ചുറ്റിപ്പറ്റിയാണ്... അമ്പലക്കുളത്തിൽ കുളിച്ചു ദേവിയെ തൊഴുതു അന്നദാനം കഴിച്ചു ഇവിടെ എവിടെയെങ്കിലും കിടന്നുറങ്ങുന്നവർ.... എൻ്റെ ആത്മഗദത്തിനുള്ള മറുപടി തൊട്ടടുത്തു ഇരുന്നു ഊണ് കഴിച്ച അമ്പലം ജീവനക്കാരൻ പറഞ്ഞു...

അന്നദാനം കഴിച്ചു നട അടക്കുന്നത്  വരെ ഞങ്ങൾ അവിടെ ഇരുന്നു... പിന്നീട് റൂമിൽ പോയി... ഒരു കുഞ്ഞു മയക്കം... ദീപാരാധന തൊഴുവാൻ അഞ്ചു മണിയോടെ  വീണ്ടും അമ്പലത്തിലെത്തി... അത്യാവശ്യം നല്ല തിരക്കുണ്ട്.... ദീപാരാധന തൊഴുതു പ്രദക്ഷിണം വയ്ക്കുന്നതിനിടയിൽ ആണ് തൂണിൽ ചാരി ഇരുന്നു നാമം ജപിക്കുന്ന ഒരു പ്രായം ആയ സ്ത്രീയിൽ കണ്ണുടക്കിയത് .. മുഷിഞ്ഞ വേഷം.... മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...

തല കറങ്ങുന്ന പോലെ തോന്നി എനിക്ക്.... പ്രസാദിന്റെ അമ്മ.... എന്റെ പ്രിയ സ്നേഹിതൻ.... അമ്മയെന്താ ഇവിടെ... കഴിഞ്ഞ ദിവസം അവന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ ആങ്ങളയുടെ  വീട്ടിൽ പോയിരിക്കുകയാണെന്നു പറഞ്ഞതാണല്ലോ?? 

ഇതെല്ലാം ആലോചിച്ചു ഞാൻ അമ്മേ എന്ന് വിളിച്ചു അടുത്തിരുന്നു.... എന്നെ കണ്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... ചുണ്ടുകൾ വിറച്ചിട്ടു ശബ്ദം പുറത്തേക്കു വരുന്നില്ല.... കരഞ്ഞു കൊണ്ടു എന്റെ നെഞ്ചിലേക്ക് വീണു... അപ്പോഴേക്കും അമ്മയും ദിവ്യയും മോളും തൊഴുതു എത്തി.... പ്രസാദിന്റെ അമ്മയെ കണ്ടതും ദിവ്യയും അമ്മയും സ്തബ്ധരായി... അവരെയും നിർബന്ധിച്ചു  കൂട്ടി റൂമിലേക്ക്‌ വന്നു... ഭക്ഷണം വരുത്തി എല്ലാവരും കഴിച്ചു....

എന്താണ് സംഭവിച്ചത് അമ്മേ???  ഞെട്ടലിൽ നിന്നു ഞങ്ങൾ ആരും മുക്തരായിട്ടില്ല..... കല്യാണം കഴിഞ്ഞപ്പോൾ മുതൽ പ്രസാദിന് അമ്മ ഒരു അധികപ്പറ്റായി....ഒരു മാസം മുന്നെ കുറച്ചു ദിവസം പാടില്ലാതെ ആശുപത്രിയിൽ കിടക്കേണ്ടി വന്നു..... ഡിസ്ചാർജ്  ചെയ്തു വന്നതിൽ പിന്നെ ഭയങ്കര സ്നേഹം ആയിരുന്നു... ചോറ്റാനിക്കര അമ്പലത്തിൽ വരണമെന്ന് അമ്മക്ക് വലിയ ആഗ്രഹം അല്ലെ... തൊഴാനെന്നും പറഞ്ഞു കൊണ്ടു വന്നു..... ഇവിടെ ഇരുത്തിയിട്ടു പ്രദക്ഷിണം വച്ചിട്ട് വരാമെന്നു പറഞ്ഞു പോയതാണ്....

എത്ര കഷ്ടപ്പെട്ടാണ് ആ അമ്മ അവനെ വളർത്തിയത്..... അവന്റെ ഓരോ ഉയർച്ചയിലും ആ അമ്മയുടെ വിയർപ്പിന്റെ ഗന്ധം ഉണ്ട്.... പ്രസാദ് കൂട്ടുകാരൻ ആണെന്ന് കരുതാൻ പോലും അറപ്പ് തോന്നുന്നു....

നമുക്ക് കൊണ്ടു പോകാം മോനെ.... അമ്മയുടെ വാക്കുകൾ.... അമ്മ പറഞ്ഞതാണ് ശരിയെന്നു ദിവ്യയും.... തിരിച്ചു നാട്ടിലേക്കു പോകുമ്പോൾ അച്ചുവിന് രണ്ടു മുത്തശ്ശിമാരുണ്ട്.... അച്ചുവിന്റെ കരച്ചിൽ ഇതിനു വേണ്ടി ആയിരുന്നോ??  എല്ലാം ചോറ്റാനിക്കര അമ്മയുടെ മായകൾ...

സിന്ധു ബിജു
Story No.: 18


Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ