എന്റെ മരിയക്കുഞ്ഞിനായി

ടൈംപീസിൽ അലാറം അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.. രാത്രി പന്ത്രണ്ട്  മണി... അലാറം ഓഫാക്കി എണീറ്റു... പന്ത്രണ്ട് മണിക്ക് കഴിക്കുവാനുള്ള മരുന്ന് എടുത്തു മദറിനെ വിളിച്ചു... കുറച്ചു മാസങ്ങളായുള്ള ശീലം ആണ്... ഒറ്റ വിളിയിൽ തന്നെ കണ്ണ് തുറന്നു.... ഉറങ്ങിയില്ലാരുന്നോ??  എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല ... രാത്രി കിടക്കുന്നതിനു മുന്നെ ഉണ്ടായ  വർത്തമാനത്തിനിടയിലെ എന്റെ ചോദ്യങ്ങൾ മദറിനെ അസ്വസ്ഥ ആക്കിയിരിക്കുന്നു... മരുന്ന് കൊടുത്തു ലൈറ്റ് ഓഫാക്കി വീണ്ടും കിടന്നു.

സമയമേറെ ആയിട്ടും ഉറക്കം വരുന്നില്ല... മനസ്സിന് വല്ലാത്ത ഭാരം... ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ മദറിനൊപ്പം ആണ്... മരിയ... അതാണെന്റെ പേര്...  എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടു കോൺവെന്റുകൾ മാറി മാറി മദർ പോകുമ്പോൾ കൂടെ എന്നെയും കൊണ്ടു പോകും... അവിടുത്തെ കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്യും... മിടുക്കത്തിയായി പഠിക്കണം  മദർ കൂടെക്കൂടെ പറയുന്ന കാര്യം ആണ്... പ്ലസ് ടു പരീക്ഷ എഴുതി ഇരിക്കുകയാണ് ഇപ്പോൾ... അസുഖങ്ങൾ കാരണം മദർ ഈയിടെയായി എപ്പോഴും ഇരിപ്പും കിടപ്പുമാണ്....രണ്ടു ദിവസമായി അസുഖം വളരെ കൂടുതൽ ആണ്..

 പ്ലസ് ടു നല്ല മാർക്കോടെ പാസായി നഴ്സിങ്ങിന്  വിടണമെന്നത് മദറിന്റെ വല്യ ആഗ്രഹം ആണ്... മദർ പറഞ്ഞുപറഞ്ഞു അതിപ്പോൾ  എന്റെയും സ്വപ്നമാണ്... രാത്രി ഉണ്ടായ  സംസാരത്തിനിടയിൽ ആണ് ആദ്യമായി ഞാൻ മദറിനോട് ചോദിച്ചത്... എന്റെ അപ്പനും അമ്മയും ആരാണെന്നു മദറിന് അറിയുമോ എന്ന്... മദർ ഒന്നും മിണ്ടിയില്ല ...

ഓരോന്ന് ആലോചിച്ചു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി... രാവിലെ മദറിന്റെ വിളി കേട്ടാണ് എണീറ്റത്..... ഇന്ന് റിസൾട്ട്‌ വരുന്ന ദിവസം അല്ലെ മരിയ... രാവിലെ പള്ളിയിൽ പോയി പ്രാർത്ഥിക്കണം... മദറിന്റെ ശബ്ദം വല്ലാതെ ഇടറിയിരിക്കുന്നു... വാക്കുകൾ മനസ്സിലാക്കി എടുക്കാൻ തന്നെ പ്രയാസം...... തൊട്ടടുത്ത മേശ ചൂണ്ടി കാണിച്ചു മദർ പറഞ്ഞു...  ആ വലിപ്പിൽ ഉള്ള ഡയറി നിനക്കുള്ളതാണ്.... നീ സ്വസ്ഥമായി  വായിക്കണം... എന്തോ കൂടി പറയാൻ തുടങ്ങിയ മദറിന് അതു പൂർത്തിയാക്കാൻ ആയില്ല...


മദറിന്റെ മരണം എനിക്കുണ്ടാക്കിയ മാനസിക ആഘാതം വലുതായിരുന്നു..  ഫുൾ എ പ്ലസ്സോടെ ഞാൻ പാസായ വിവരം പോലും നിർവികാരയായി കേട്ടിരിക്കാനേ എനിക്ക് ആയുള്ളൂ... 

മദറിന്റെ റൂമിലെ മേശവലിപ്പിൽ നിന്നും എടുത്ത ഡയറിയുമായി ഞാൻ എന്റെ മുറിയിൽ എത്തി....

ആദ്യ പേജിൽ എഴുതിയിരിക്കുന്ന വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി.....  എന്റെ മരിയക്കുഞ്ഞിനായി.... എനിക്കായി മാത്രം കരുതി വച്ചിരുന്ന ഡയറിയുടെ താളുകൾ ഞാൻ മറിച്ചു...

അപ്പന്റെ മരണാനന്തര ആവശ്യങ്ങൾക്കായി വീട്ടിൽ പോയി തിരിച്ചെത്തുന്ന വഴി ബസ് സ്റ്റോപ്പിൽ നിന്നും മഠത്തിലേക്ക് വരുവാനായി ഓട്ടോ പിടിച്ചതും.... മദ്യപിച്ചു ലക്ക് കെട്ട ഓട്ടോക്കാരൻ വരുന്ന വഴിയിൽ ഉള്ള റബ്ബർ തോട്ടത്തിൽ വച്ചു അതിക്രൂരമായി ബലാത്സംഗം ചെയ്തതും..... ബോധരഹിത ആയ തന്നെ മരിച്ചു എന്ന് കരുതി ഉപേക്ഷിച്ചതും.... ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതും.... മഠത്തിന്റെ പേരിനു കളങ്കം വരുമെന്നതിനാൽ ദൂരെ ഉള്ള മറ്റൊരു മഠത്തിലേക്ക് മാറ്റിയതും.... ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും കൈവിടാതെ പരിപാലിച്ചതും.... പുറംലോകം അറിയാതെ പ്രസവം നടത്തിയതും... സ്വന്തം മകളായിട്ടും അതറിയിക്കാതെ വളർത്തേണ്ടി വന്നതും..... ശ്വാസം പിടിച്ചു വായിച്ച ഈ കാര്യങ്ങൾ എങ്ങനെ ഉൾക്കൊള്ളണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.... എന്നെ വളർത്തി വലുതാക്കിയ മദർ തന്നെ ആണ് എന്റെ അമ്മ... സ്വന്തം മകളോടുള്ള സ്നേഹം എന്ന വികാരം പോലും കാണിക്കാൻ ആകാതെ മരിക്കേണ്ടി വന്ന അമ്മയെ ഓർത്തു പൊട്ടിക്കരയാൻ മാത്രമേ എനിക്ക് ആകുന്നുള്ളു...


എനിക്ക് പഠിക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു വച്ചിട്ടാണ് മദർ മരിച്ചത്... അതുകൊണ്ട് നഴ്സിംഗ് അഡ്മിഷൻ കാര്യങ്ങളൊക്കെ വേഗത്തിൽ കഴിഞ്ഞു..

കോളേജ് ഹോസ്റ്റലിലേക്ക് പോകുന്നതിനു മുൻപ് അപ്പൻ എന്ന ആളെ കാണണം എന്നൊരു തോന്നൽ..... പേരും അഡ്രസ്സും മാത്രം അറിയാം.... ആരോടും അയാളെക്കുറിച്ചു അമ്മ  പറഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി...

എന്നെ വളരെ ഇഷ്ടമുള്ള സിസ്റ്റർ ആണ്  അടുത്ത മദർ ആയി ചുമതലയേറ്റത്..... സിസ്റ്ററോട് കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു... തൊട്ടടുത്ത ജില്ലയിലാണ് സ്ഥലം.... അവിടുത്തെ പള്ളിയിലെ  വികാരി അച്ഛനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു മദർ... എനിക്ക് അവിടെ പോകാനും രണ്ടു ദിവസം തങ്ങാനുമുള്ള ഏർപ്പാടുകൾ ചെയ്തു തരികയും ചെയ്തു..

പിറ്റേന്ന് രാവിലെ തന്നെ സിസ്റ്റർ എന്നെ ബസ് കയറ്റി വിട്ടു.... മൂന്ന് മണിക്കൂറിനുള്ളിൽ ഞാൻ പള്ളി അങ്കണത്തിൽ എത്തി..... വികാരിയച്ചൻ  എന്നെ കാത്തിരിപ്പുണ്ടായിരുന്നു...

ഞാൻ പറഞ്ഞ മേൽവിലാസത്തിൽ ഉള്ള ആളെ കാണിച്ചു തരാമെന്നും പറഞ്ഞു അച്ഛൻ പള്ളിയുടെ തന്നെ വൃദ്ധസദനത്തിലേക്കു കൊണ്ടു പോയി... ഒരു കിടക്കയിൽ എണീക്കാൻ പോലും ആകാതെ കിടക്കുന്ന ഒരു മനുഷ്യന്റെ അടുത്തെത്തിയപ്പോൾ അച്ചൻ നിന്നു.... ഇതാണ് നിന്റെ അപ്പൻ.... കാൻസർ ബാധിച്ചു വീട്ടുകാർക്ക്‌ ബാധ്യത ആയപ്പോൾ ഇവിടെ കൊണ്ടു വന്നാക്കി... അയാൾ ചെയ്ത പാപങ്ങളുടെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... അച്ചൻ പറഞ്ഞു നിർത്തുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.... എന്നോട് ക്ഷമ യാചിക്കുന്നത് പോലെ ചുണ്ടുകൾ വിറക്കുന്നുണ്ട്... വേദന സഹിക്കാൻ പാടുപെടുന്നത് എനിക്കാ കണ്ണുകളിൽ കാണാം... പക്ഷെ എന്റെ അമ്മ അനുഭവിച്ച വേദനകളുടെ കാഠിന്യത്തിനു മുന്നിൽ ഇതൊക്കെ എന്ത്?? 


സിന്ധു ബിജു
Story No.: 17


Comments

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം