അമ്മയോടൊപ്പം...

അമ്മയുടെ കയ്യും പിടിച്ചു കൊച്ചി വിമാനത്താവളത്തിലൂടെ നടക്കുമ്പോൾ  ലോകം കീഴടക്കിയ പോരാളിയുടെ വീര്യം ആണ് മനസ്സിന്....

എനിക്ക് ഒരു വയസ്സുള്ളപ്പോൾ ജ്വരം വന്നു കൂടി അച്ഛൻ മരിച്ചു...അന്ന് തൊട്ട് എന്നെ വളർത്തി വലുതാക്കാൻ അമ്മ പെടുന്ന കഷ്ടപാടുകൾ വലുതാണ്.. തൊട്ടടുത്ത വീടുകളിൽ പണിക്കു പോയി ആണ് അമ്മ എന്നെ വളർത്തിയത് .. സ്കൂളിൽ ആക്കിയത് മുതൽ പഠിച്ചു മിടുക്കനായി അമ്മയുടെ കഷ്ടപ്പാടുകൾ തീർക്കണം എന്ന ചിന്ത മാത്രം ആയിരുന്നു മനസ്സിൽ... ഞാൻ വളരുന്തോറും എന്റെ മനസ്സിലെ ചിന്തയും ആഴത്തിൽ വളർന്നു..

ഡിഗ്രി പഠനം കഴിഞ്ഞതോടെ നഗരത്തിലുള്ള ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.. ആദ്യ ശമ്പളം അമ്മയുടെ കയ്യിൽ കൊടുത്ത് അമ്മ ഇനി പണിക്കൊന്നും പോകണ്ടാട്ടോ എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുകയായിരുന്നു.  അമ്മക്കൊരു തയ്യൽ മെഷീൻ വാങ്ങി തരണംട്ടോ... ആദ്യമായി അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുമ്പോൾ മാത്രമാണ് കല്യാണത്തിന് മുന്നെ അമ്മ തയ്യൽ പഠിച്ചിരുന്നു എന്ന് ഞാൻ അറിയുന്നത്. 

കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ ബന്ധു  വഴി ആണ് ദുബായിലെ ഒരു കമ്പനിയിൽ ജോലി ശരിയായത്.... ജോലി കിട്ടി കുറച്ചു  വർഷങ്ങൾക്കുള്ളിൽ ഞാൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നീങ്ങി തുടങ്ങി... നല്ല ജോലി നല്ല ശമ്പളം.. നാട്ടിൽ മെച്ചപ്പെട്ട ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി.

എന്റെ അടുത്ത ലക്ഷ്യം അമ്മയെ ദുബായ് കാണിക്കുക എന്നതായിരുന്നു ... ഇന്ന് എന്റെ ആ സ്വപ്നം സാക്ഷാത്കാരദിവസം ആണ്..

വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് പോലും പോയിട്ടില്ലാത്ത അമ്മക്ക് കണ്ണിൽ കാണുന്നതെല്ലാം അത്ഭുതം ആണ്... അമ്മയുടെ കണ്ണുകളിലെ തിളക്കം എനിക്ക് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.. വിമാനത്താവളത്തിന് മുന്നിൽ എത്തിയപ്പോൾ ഇത് നമ്മുടെ നാട്ടിൽ തന്നെ ആണോ മോനെ എന്ന അമ്മയുടെ ചോദ്യം എന്റെ കണ്ണ് നനയിച്ചു.. ബോർഡിങ്ങിനു സമയം ഒരുപാട് ഉള്ളത് കൊണ്ടു അമ്മയെ വിമാനത്താവളത്തിന് ഉള്ളിൽ മുഴുവൻ ചുറ്റിനടന്നു കാണിച്ചു... വിമാനത്തിൽ കയറി സീറ്റിൽ ഇരുത്തിയ ശേഷം വിമാനം ഉയരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴുമുണ്ടായിരിക്കാൻ സാധ്യത ഉള്ള അസ്വസ്ഥതകൾ പറഞ്ഞു
മനസ്സിലാക്കി കൊടുത്തു... അമ്മ ഓരോ നിമിഷവും ആസ്വദിക്കുക ആണ്... ഞാൻ പറയുന്നതൊന്നും അമ്മക്ക് പ്രശ്നമേ അല്ല...
എന്തിന് ഫ്ലൈറ്റിലെ ഭക്ഷണം പോലും അമ്മ രുചിയോടെ കഴിച്ചു.. ദുബായ് എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങുമ്പോൾ സമയം പാതിരാത്രി ആയിരുന്നു.. ടാക്സി പിടിച്ചു ഞങ്ങൾ ഫ്ലാറ്റിലെത്തി..... ഒരു യാത്രാക്ഷീണവും ഇല്ലാതെ ഇരുപതാം നിലയിലെ ബാൽക്കണിയിൽ കാഴ്ച കണ്ടു നിൽക്കുന്ന അമ്മയെ കണ്ടു കൊണ്ടാണ് ഞാൻ ഉറങ്ങാൻ പോയത്..

അമ്മയെ ആദ്യമായി കാണിക്കുവാൻ കൊണ്ടു പോയത് ഞങ്ങൾ താമസിക്കുന്ന ദൈറയിൽ നിന്നും 36 കിലോമീറ്റർ അകലെ ഉള്ള ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ മിറക്കിൾ  ഗാർഡൻ കാണുവാനാണ്... എന്റെ അടുത്ത സുഹൃത്തും കുടുംബവും ഞാനും അമ്മയും....

അത്ഭുതമാണ് ഈ ഉദ്യാനം... കാഴ്ചയുടെ, വിസ്മയങ്ങളുടെ ഒരു പൂക്കാലമൊരുക്കുകയാണ് ദുബായ് മിറക്കിൾ ഗാർഡൻ.. 450 ലധികം ചെടികൾ പല വർണ്ണങ്ങളിൽ വ്യത്യസ്ത സുഗന്ധം വിതറി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്.  എല്ലായിടത്തും സൂര്യപ്രഭയോടെ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ. ഒപ്പം പെറ്റൂനിയ, മാരിഗോൾഡ്, സ്നാപ് ഡ്രാഗൺ തുടങ്ങിയ പൂക്കളും... എമിറേറ്റ്സിന്റെ  എയർബസ് വിമാനത്തിന്റെ  പുഷ്പമാതൃക.... മികവോടെയും മനോഹാരിതയോടെയും പൂക്കള്‍ കൊണ്ട് കുടില്‍ മുതല്‍ കൊട്ടാരം വരെ ഇവിടെ ഒരുക്കിയിരിക്കുന്നു. ഒപ്പം വിവിധ തരത്തിലുള്ള ശില്‍പങ്ങളും പുഷ്പാലങ്കാരങ്ങളും... മിറക്കിള്‍ ഗാര്‍ഡനോട് ചേര്‍ന്ന് മനോഹരമായ ഒരു ശലഭോദ്യാനവും ഒരുക്കിയിരിക്കുന്നു.... അമ്മ ഓരോ മുക്കും മൂലയും ആസ്വദിച്ചു നടന്നു കണ്ടു...പൂക്കൾക്കിടയിൽ നിന്നു ഒരുപാട് ഫോട്ടോകൾ എടുത്ത്... പൂക്കാഴ്ചകള്‍ കണ്ട്... പൂക്കുടിലുകളില്‍ ഇരുന്നു വര്‍ത്തമാനം പറഞ്ഞ്....

ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫ കാണുവാൻ ആണ് അമ്മയെ അടുത്തതായി കൊണ്ടു പോയത്.ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. ദുബായ് മാളിലൂടെയാണ് ബുർജ് ഖലീഫയിലേക്കുള്ള പ്രവേശനം...മാളിൽ നല്ല തിരക്ക്. ലോകോത്തര ബ്രാൻഡുകളുടെയെല്ലാം കടകൾ ഇവിടെ സജീവം... അറ്റ് ദ ടോപ് സ്കൈ എന്ന ടിക്കറ്റിലൂടെ 148-ാം നിലയിലേക്കു പ്രവേശിച്ചു...ഒരാൾപൊക്കത്തിൽ ചില്ലുകൊണ്ടുള്ള കൈവരി. ഇതിലൂടെ ദുബായ് നഗരത്തിന്റെ ആകാശക്കാഴ്ച. താഴെ, ലോകത്തിലെ ഏറ്റവും വലിയ ജലധാരാ പ്രകടനമായ ദുബായ് ഫൗണ്ടൻ. വൈദ്യുതവിളക്കുകളാൽ അലങ്കരിച്ച നഗരം. തണുത്തകാറ്റും കൂടിയാകുമ്പോൾ കുളിരേകുന്ന ഒരനുഭവമായി മാറുന്നു ബുർജ് ഖലീഫ....ഏകദേശം ഒരു മണിക്കൂറോളം ലോകനെറുകയിൽ സമയം ചിലവിട്ടു...തിരികെ ദുബായ് മാളിലേക്ക് ഇറങ്ങി... മാളിലെ അക്വേറിയവും ജലാന്തരമൃഗശാലയും കാണുവാൻ....

ദുബായ് മാൾ അക്വേറിയം ലോകത്തിലെ  അപൂർവ അത്ഭുതങ്ങളിൽ ഒന്നാണ്. അവിശ്വസനീയമായ സമുദ്രജീവജാലങ്ങളുടെ ജൈവവൈവിധ്യം... 40 കി.ഗ്രാം തൂക്കമുള്ള ഭീമൻ മുതലകളുൾപ്പെടെയുള്ള ജലമൃഗങ്ങൾ... പെലകിൻ മത്സ്യം, പിരാന, പെൻഗ്വിൻ, പല്ലുകൾ, സർപ്പങ്ങൾ, സ്രാവുകൾ.... ഒരു കുഞ്ഞു കുട്ടിയുടെ ലാഘവത്തോടെ അമ്മ എല്ലാം നടന്നു കണ്ടു..

ഡോൾഫിനുകളുടെ അഭ്യാസപ്രകടനങ്ങൾ അരങ്ങേറുന്ന ദുബായ് ഡോൾഫിനേറിയത്തിലേക്കാണ് അടുത്ത ദിവസം അമ്മയെ കൊണ്ടുപോയത്.. ദുബായുടെ ജലപാതയായ ക്രീക്കിന് കുറുകെയുള്ള അൽഗരൂദ് പാലത്തിലൂടെ കയറിയിറങ്ങിയാണ് ഡോൾഫിനേറിയത്തിലേക്ക് എത്തിച്ചേരുക. ക്രീക്ക് പാർക്കിലാണ് ഡോൾഫിനേറിയം ഒരുക്കിയിരിക്കുന്നത്... ഡോൾഫിൻ ആൻഡ് സീൽ ഷോ എന്നാണ് പരിപാടിയുടെ പേര്. ശീതീകരിച്ച ഓഡിറ്റോറിയത്തിൽ വലിയൊരു കുളമാണ് വേദി... ആദ്യ 15 മിനിട്ട് നീർനായയുടെ പ്രകടനമാണ്... യഥാർഥ താരങ്ങളായ ഡോൾഫിനുകൾ പിന്നാലെ രംഗപ്രവേശം ചെയ്തു. രണ്ട് ഡോൾഫിനും രണ്ട് പരിശീലകരും. കാണികളെ, പ്രത്യേകിച്ച് കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് പരിപാടി മുന്നേറുന്നത്...

ഷാർജയിൽ നിന്ന് ദുബായിലേയ്ക്ക് വരുമ്പോൾ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോ‍‍ഡിൽ എക്സിറ്റ് 311ലൂടെ അകത്തോട്ട് ചെന്നാൽ‌ പ്രകൃതി മനോഹാരിത കൺകുളിർപ്പിക്കുന്ന അൽ ബറാറിയിലെത്താം... ഇ311ലേയ്ക്ക് പ്രവേശിച്ചാലുടൻ ഇരുവശത്തും ഇടതൂർന്ന് നിൽക്കുന്ന വൈവിധ്യമാർന്ന നിബിഡ മരങ്ങളും ചെടികളും പൂച്ചെടികളും കാണാം. രണ്ട് കിലോ മീറ്ററുകൾ സഞ്ചരിച്ചാലും നയനമനോഹര കാഴ്ചകൾ അവസാനിക്കുന്നില്ല. ഏതോ യൂറോപ്യൻ രാജ്യത്ത് പ്രവേശിച്ച പ്രതീതിയാണുണ്ടാവുക. ഇതിനോട് ചേർന്നാണ് ഏക്കർ കണക്കിന് സ്ഥലത്ത് അൽ ബറാറി ഫാം സ്ഥിതി ചെയ്യുന്നത്. ഇവിടെ പൂന്തോട്ടങ്ങളും തെളിഞ്ഞ വെള്ളമൊഴുകുന്ന അരുവികളും ചെറിയ വെള്ളച്ചാട്ടവുമെല്ലാം ഒരുക്കിയിട്ടുണ്ട്...

വിസ്മയങ്ങളുടെയും കാഴ്ചകളുടെയും ഒരു പുഴയാണ് ദുബായ് വാട്ടര്‍കനാല്‍...
നഗരഹൃദയത്തിലൂടെ മെല്ലെ മെല്ലെ ഒഴുകുന്ന ഒരു കൃത്രിമ നദി. മരുഭൂമിയിലെ വിസ്മയം...
പ്രകാശവിന്യാസങ്ങളാല്‍വര്‍ണാഭമായ നടപ്പാലങ്ങളും നടപ്പാതകളുമാണ് വാട്ടര്‍കനാലിനെ വേറിട്ടതാക്കുന്നത്...

കേരളത്തിന്റെ  പച്ചപ്പിൽ നിന്ന് ദുബായിലെത്തിയ അമ്മക്ക്  നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ ഒരു കൗതുക കാഴ്ചയായിരുന്നു..  മണൽക്കാറ്റിന്റെ തീവ്രത എന്നെ  മുഷിപ്പിച്ചെങ്കിലും അമ്മക്ക്  മരുഭൂമിയിലേക്കുള്ള യാത്ര രസകരമായി..

ബർ ദുബൈയിൽ ഉള്ള കൃഷ്ണന്റെയും ശിവന്റെയും അമ്പലത്തിൽ അമ്പല ദർശനം അമ്മയെ അത്ഭുതപ്പെടുത്തി... ഈ അറബിനാട്ടിൽ അമ്പലം അമ്മ പ്രതീക്ഷിച്ചതേ  ഇല്ലത്രെ..

ഈന്തപ്പനയുടെ മാതൃകയില്‍ കൃത്രിമമായി നിര്‍മ്മിച്ച ദ്വീപസമൂഹമാണ് പാം ജുമൈറ. ദുബായ് എമിറേറ്റിന്‍റെ ഭാഗമായ ജുമൈറ തീരപ്രദേശത്ത് ദുബായ് ഗവണ്മെന്‍റ് നിര്‍മ്മിച്ച പ്ലാന്‍ഡ് ഐലന്‍റാണ് പാം ജുമൈറ..

ദുബായ് മ്യൂസിയം: 1787-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ മ്യൂസിയം ദുബായില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും പഴയ നിര്‍മ്മിതിയാണ്‌. അല്‍ ഫഹിദി തുറമുഖത്തുള്ള ഈ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് എമിറേറ്റിന്‍റെ ചരിത്രത്തെപ്പറ്റിയുള്ള അമൂല്യമായ അറിവുകള്‍ ലഭിക്കും...

പരമ്പരാഗത ഫാത്തിമിദ് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ജുമൈറ മോസ്ക്ക് ദുബായ് നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ആത്മീയനിറവിന്‍റെ ഉന്നതിയും, രൂപകല്‍പ്പനാ വൈദഗ്ദ്ധ്യത്തിന്‍റെ ചാതുരിയും ഇവിടുന്ന്‍ അനുഭവിച്ചറിയാം. മുസ്ലീം മതവിശ്വാസികളല്ലാത്തവര്‍ക്കും ഈ മോസ്ക്കില്‍ പ്രവേശിക്കാം...

പതിനഞ്ചു ദിവസത്തെ അമ്മയോടുത്തുള്ള യാത്രകൾ... മനസ്സിന് നൽകിയ കുളിർമ പറഞ്ഞറിയിക്കാൻ സാധിക്കുന്ന ഒന്നല്ല... ജീവിതത്തിൽ നേടുന്ന ഓരോ നേട്ടങ്ങൾക്കും അമ്മയുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഗന്ധം ഉണ്ട് .. ഈ ദിവസങ്ങളിൽ അമ്മക്ക് നൽകാനായ സന്തോഷങ്ങൾ ഇനിയങ്ങോട് തുടരും എന്ന് മനസ്സിൽ പ്രതിജ്ഞ എടുത്തു കൊണ്ടു അടുത്ത അവധിക്കാല യാത്രകൾ സ്വപ്നം കണ്ടു കൊണ്ടു അമ്മയെ സുഹൃത്തിനോടൊപ്പം നാട്ടിലേക്കു യാത്ര ആക്കി... അമ്മയുടെ കണ്ണുകളിലെ തിളക്കം  മാത്രം മതിയല്ലോ ജന്മസാഫല്യത്തിന്....

സിന്ധു ബിജു
STORY No.: 14


Comments

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം